മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം ബോളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാന്‍ ബിഗ് സ്‌ക്രീന്‍ അടക്കിഭരിക്കാന്‍ എത്തുകയാണ്. കരിയറിലെ ഏറ്റവും വലിയ ഹൈപ്പിലൊരുങ്ങുന്ന കിങ് ഈ വര്‍ഷം ഒടുവില്‍ തിയേറ്ററുകളിലെത്തും. ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വലിയ റിലീസാണ് കിങ്ങിനായി ഒരുങ്ങുന്നത്. ഇന്ത്യക്ക് പുറമെ ഓവര്‍സീസിലും വമ്പന്‍ റിലീസാണ് കിങ്ങിനായി ഒരുങ്ങുന്നത്.
ഓവര്‍സീസിലടക്കം വമ്പന്‍ സിനിമകള്‍ കിങ്ങിനൊപ്പം ക്ലാഷിനെത്തുന്നുണ്ട്. ഇത്രയും വലിയ ക്ലാഷിനിടയില്‍ ചിത്രത്തിന് പിടിച്ചുനില്‍ക്കാനാകുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്. ഒരു ഇന്ത്യന്‍ സിനിമയുടെ ഏറ്റവുമുയര്‍ന്ന തുകക്കാണ് ചിത്രത്തിന്റെ ഓവര്‍സീസ് റൈറ്റ്‌സ് വിറ്റുപോയത്. ഏകദേശം 18 മില്യണ്‍ (ഇന്ത്യന്‍ രൂപയില്‍ 175 കോടി) ആണ് ചിത്രത്തിന്റെ ഓവര്‍സീസ് റൈറ്റസ്.
താരത്തിന്റെ കഴിഞ്ഞ മൂന്ന് ചിത്രങ്ങള്‍ക്കും റെക്കോഡ് കളക്ഷനാണ് ലഭിച്ചത്. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ഡങ്കി 21 മില്യണാണ് നേടിയത്. എന്നാല്‍ വമ്പന്‍ ക്ലാഷ് കാരണം കിങ്ങിന്റെ വിതരണക്കാര്‍ക്ക് ചിത്രം ലാഭമുണ്ടാക്കുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്. ബ്രേക്ക് ഇവനാകണമെങ്കില്‍ 45 മില്യണ്‍ (425 കോടി) ആവശ്യമാണ്.
അവഞ്ചേഴ്‌സ് ഡൂംസ്‌ഡേ, ഡ്യൂണ്‍ 3, ജുമാന്‍ജി ഓപ്പണ്‍ വേള്‍ഡ്, ആംഗ്രി ബേര്‍ഡ്‌സ് 3 എന്നീ ചിത്രങ്ങള്‍ക്കൊപ്പമാണ് ബോക്‌സ് ഓഫീസില്‍ കിങ്ങിന് ഏറ്റുമുട്ടേണ്ടത്. ഐമാക്‌സ് സ്‌ക്രീനുകള്‍ ഡ്യൂണ്‍ 3യും ലാര്‍ജ് പ്രീമിയം സ്‌ക്രീനുകള്‍ ഡൂംസ്‌ഡേയും സ്വന്തമാക്കുമ്പോള്‍ സാധാരണ സ്‌ക്രീനുകള്‍ മാത്രമേ കിങ്ങിന് ലഭിക്കുകയുള്ളൂ.
ഇന്ത്യയിലും മാര്‍വല്‍ കിങ്ങിന് വലിയ വെല്ലുവിളി ഉയര്‍ത്തിയേക്കും. ഒരാഴ്ച മുമ്പ് ഡൂംസ്‌ഡേ തിയേറ്ററുകളിലെത്തുമെങ്കിലും പോസിറ്റീവ് റിപ്പോര്‍ട്ട് ലഭിച്ചാല്‍ കിങ്ങിന്റെ സ്ഥിതി കൂടുതല്‍ പരുങ്ങലിലാകും. മാര്‍വലിന്റെ മുന്‍ചിത്രമായ സ്‌പൈഡര്‍മാന്‍ ബ്രാന്‍ഡ് ന്യൂ ഡേ 400 കോടിക്ക് മുകളില്‍ നേടിയിരുന്നു. നിലവിലെ ഹൈപ്പ് വെച്ച് 100 കോടി ഓപ്പണിങ് നേടാന്‍ ഡൂംസ്‌ഡേയ്ക്ക് സാധ്യതയുണ്ടെന്ന് കണക്കുകൂട്ടല്‍.
പത്താന് ശേഷം സിദ്ധാര്‍ത്ഥ് ആനന്ദും ഷാരൂഖ് ഖാനും ഒന്നിക്കുന്ന ചിത്രമാണ് കിങ്. കഹാനിയുടെ സംവിധായകന്‍ സുജോയ് ഘോഷാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. 400 കോടിക്കടുത്ത് ചെലവഴിച്ച് ഒരുക്കിയ ചിത്രത്തില്‍ വലിയ താരനിര അണിനിരക്കുന്നുണ്ട്. ദീപിക പദുകോണാണ് കിങ്ങിലെ നായിക. അഭിഷേക് ബച്ചന്‍, അനില്‍ കപൂര്‍, രാഘവ് ജുയല്‍ തുടങ്ങി വമ്പന്മാര്‍ കിങ്ങിന്റെ ഭാഗമാണ്.
Content Highlight: King movie Overseas rights sold for record price