വാഷിങ്ടണ്: ഇറാനെതിരായ യുദ്ധത്തില് തങ്ങള് പരിധി വിട്ടുപോയെന്ന് സമ്മതിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ്. ഇറാന്റെ ഉന്നത രാഷ്ട്രീയ-സൈനിക നേതാക്കളെ ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണങ്ങള് പരിധിവിട്ടുപോയെന്നും ഇപ്പോള് ആരുമായി ചര്ച്ച നടത്തണമെന്ന് തിരിച്ചറിയാന് കഴിയാത്ത വിധം നേതൃശൂന്യതയുണ്ടായതായും ട്രംപ് പറഞ്ഞു.
ഒഹായോയിലെ യങ്സ്ടൗണില് നടന്ന തെരഞ്ഞെടുപ്പ് റാലിയില് സംസാരിക്കവെയായിരുന്നു യു.എസ് പ്രസിഡന്റിന്റെ പരാമര്ശം.
‘സത്യത്തില് ഇറാന് നേതൃത്വത്തിനെതിരായി ഞങ്ങള് നടത്തിയ ആക്രമണങ്ങള് ഒരുപക്ഷേ അതിരുകടന്ന് പോയിട്ടുണ്ടാവാം. ഇപ്പോള് അവിടെ ആരുമായാണ് ചര്ച്ച നടത്തേണ്ടതെന്ന് കണ്ടെത്താന് പാടുപെടുകയാണ്, ലെവല് ഒന്നില് നിര്ത്തേണ്ടതായിരുന്നു,’ ട്രംപ് പറഞ്ഞു.
നേതൃത്വത്തിന് സംഭവിച്ച വന് നഷ്ടങ്ങളെത്തുടര്ന്ന് ഇറാനില് കാര്യങ്ങള് തീരുമാനിക്കുന്നത് ആരാണെന്ന കാര്യത്തില് ഇപ്പോഴും അനിശ്ചിതത്വം നിലനില്ക്കുകയാണെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്സും നേരത്തെ റോയിട്ടേഴ്സിനോട് പറഞ്ഞിരുന്നു.
ഉപരോധങ്ങളില് ഇളവ് നല്കാനോ നയതന്ത്ര പുരോഗതി കൈവരിക്കാനോ മുന്പായി ഇറാന് അവരുടെ യുറേനിയം സമ്പുഷ്ടീകരണ പദ്ധതിയില് കാര്യമായ കുറവ് വരുത്തണമെന്ന് യു.എസ് ആവശ്യപ്പെടുന്നുണ്ട്. എന്നാല് ചര്ച്ചകള് മുന്നോട്ട് കൊണ്ടുപോകാന് ഇറാനില് നിലവില് വ്യക്തമായ ഒരു പ്രതിനിധി സംഘമില്ലാത്തത് നയതന്ത്ര നീക്കങ്ങളെ കൂടുതല് സങ്കീര്ണമാക്കുകയാണെന്ന് ട്രംപ് ചൂണ്ടിക്കാട്ടി.
ഇറാന് ഭീകരതയെ പിന്തുണയ്ക്കുന്ന രാജ്യമാണെന്നും ഒരു കാലത്തും ആണവായുധങ്ങള് നിര്മിക്കാന് അവരെ അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു.
Content Highlight: Killing the Iranian leadership went a bit too far; there is no one left there now to hold talks with: Trump