ടെഹ്റാന്‍: യു.എസും ഇസ്രാഈലും ചേര്‍ന്ന് നടത്തുന്ന കൊലപാതകങ്ങള്‍ കൊണ്ട് ഇറാന്റെ ശക്തമായ രാഷ്ട്രീയ ഘടനയെ തകര്‍ക്കാനാവില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി.
യു.എസും ഇസ്രഈലും കരുതിയതുപോലെ അലി ലാരിജാനിയുടെ രക്തസാക്ഷിത്വം ഇറാന്‍ നേതൃത്വത്തിന് മാരകമായ പ്രഹരമേല്‍പ്പിക്കില്ലെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി.
ലാരിജാനിയുടെ കൊലപാതകം ഇറാന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചതിന് പിന്നാലെ അല്‍ ജസീറയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അരാഗ്ചി.
ഇറാന്‍ സര്‍ക്കാര്‍ ഏതെങ്കിലും ഒരു വ്യക്തിയെ മാത്രം ആശ്രയിച്ചല്ല നിലനില്‍ക്കുന്നതെന്ന യാഥാര്‍ത്ഥ്യം അമേരിക്കയും ഇസ്രഈലും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
‘അമേരിക്കക്കാരും ഇസ്രഈലികളും ഇപ്പോഴും ഈ കാര്യം മനസ്സിലാക്കാത്തത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന് ശക്തമായ ഒരു രാഷ്ട്രീയ ഘടനയും സുസ്ഥിരമായ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക സ്ഥാപനങ്ങളുമുണ്ട്. ഒരൊറ്റ വ്യക്തിയുടെ സാന്നിധ്യമോ അഭാവമോ ഈ ഭരണഘടനയെ ബാധിക്കില്ല,’ അരാഗ്ചി പറഞ്ഞു.
ഓരോ വ്യക്തിയും അവരവരുടെ പങ്ക് നിര്‍വ്വഹിക്കുന്നുണ്ടെന്നും ചിലര്‍ അത് മികച്ച രീതിയിലും ചിലര്‍ കുറഞ്ഞ രീതിയിലുമായിരിക്കാം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇറാനിലെ രാഷ്ട്രീയ വ്യവസ്ഥ വളരെ ഉറപ്പുള്ള ഒരു ഘടനയാണെന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഫെബ്രുവരി 28-ന് നടന്ന യു.എസ്-ഇസ്രഈല്‍ ആക്രമണത്തില്‍ രാജ്യത്തിന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈയുടെ രക്തസാക്ഷിത്വം ചൂണ്ടിക്കാട്ടിയാണ് അരഗ്ചി സംസാരിച്ചത്.
വലിയൊരു ദേശീയ നഷ്ടമുണ്ടായിട്ടും രാജ്യത്തിന്റെ സംവിധാനങ്ങള്‍ തടസ്സമില്ലാതെ മുന്നോട്ട് പോയെന്ന് അദ്ദേഹം അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി.
‘നമുക്ക് അദ്ദേഹത്തേക്കാള്‍ പ്രധാനപ്പെട്ടതായി ആരുമില്ല. അദ്ദേഹം പോലും രക്തസാക്ഷിയായി, എന്നിട്ടും സിസ്റ്റം അതിന്റെ പ്രവര്‍ത്തനം തുടരുകയും ഉടന്‍ തന്നെ ഒരു പകരക്കാരനെ നല്‍കുകയും ചെയ്തു. മറ്റാരെങ്കിലും രക്തസാക്ഷിത്വം വരിച്ചാലും അത് അങ്ങനെ തന്നെയായിരിക്കും. വിദേശകാര്യ മന്ത്രി രക്തസാക്ഷിത്വം വരിച്ചാല്‍, ആ സ്ഥാനം ഏറ്റെടുക്കാന്‍ മറ്റൊരാള്‍ അവിടെ ഉണ്ടാകും,’ അരാഗ്ചി പറഞ്ഞു.
തിങ്കളാഴ്ച രാത്രി നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ട അലി ലാരിജാനി, അലി ഖമേനിയുടെ ഏറ്റവുമടുത്ത വിശ്വസ്തനായിരുന്നു. വ്യോമാക്രമണം തുടങ്ങിയതിന് ശേഷം ഇറാന് നഷ്ടമായ അവരുടെ ഏറ്റവും മുതിര്‍ന്ന വ്യക്തികളില്‍ ഒരാള്‍ കൂടിയാണ് ലാരിജാനി.
ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ (IRGC) അര്‍ദ്ധസൈനിക വിഭാഗമായ ഇറാന്റെ ബാസിജ് സേനയുടെ തലവന്‍ ബ്രിഗേഡിയര്‍ ജനറല്‍ ഘോലംരേസ സുലൈമാനിയും യു.എസ് ഇസ്രഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
കഴിഞ്ഞ ആറ് വര്‍ഷമായി രാജ്യത്തെ ഏറ്റവും ശക്തമായ ആഭ്യന്തര സുരക്ഷാ സേനയായ ബാസിജിന്റെ കമാന്‍ഡറായി സേവനമനുഷ്ടിച്ചുവരികയായിരുന്നു സുലൈമാനി.
ഗള്‍ഫ് മേഖലയിലും അതിനപ്പുറത്തേക്കും വളരുന്ന ഈ സംഘര്‍ഷങ്ങള്‍ ഇറാന്‍ തിരഞ്ഞെടുത്തതല്ലെന്നും ഇതിന് ആത്യന്തികമായി അമേരിക്കയാണ് ഉത്തരവാദിയെന്നും അഭിമുഖത്തില്‍ അരാഗ്ചി ആവര്‍ത്തിച്ചു.
‘ഞാന്‍ ആവര്‍ത്തിക്കുന്നു, ഈ യുദ്ധം ഞങ്ങളുടെ യുദ്ധമല്ല. ഞങ്ങളല്ല ഇത് ആരംഭിച്ചത്. അമേരിക്കയാണ് ഇത് തുടങ്ങിയത്. ഇറാനായാലും, മേഖലയായാലും, മുഴുവന്‍ ലോകത്തിനായാലും ഈ യുദ്ധത്തിന്റെ എല്ലാ മാനുഷികവും സാമ്പത്തികവുമായ അനന്തരഫലങ്ങള്‍ക്ക് ഉത്തരവാദി അമേരിക്കയാണ്. അമേരിക്ക ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണം,’ അരാഗ്ചി വ്യക്തമാക്കി.
Content Highlight: Killing of Larijani will not destabilise Iranian political system: Minister