ബെയ്‌റൂട്ട്: തെക്കന്‍ ലെബനനില്‍ കൊല്ലപ്പെട്ട 11 മാധ്യമപ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ ഇസ്രഈല്‍ നേതാക്കള്‍ക്കെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ ( ഐ.സി.സി) വിചാരണ ആവശ്യപ്പെട്ടു.
മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്തി ഉത്തരവാദികളായവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് കുടുംബങ്ങള്‍ ആവശ്യപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വെള്ളിയാഴ്ച തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ലെബനീസ് നാഷണല്‍ തിയേറ്ററില്‍ ‘വാക്കുകളുടെയും ചിത്രത്തിന്റെയും രക്തസാക്ഷികള്‍’ എന്ന പേരില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഈസ്രഈല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരെ ആദരിച്ചു.
യുദ്ധമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ക്കിടെയാണ് പുതിയ ആവശ്യം ഉയര്‍ന്നിരിക്കുന്നത്.
സംഭവങ്ങളില്‍ ഉത്തരവാദികളായവരെ കണ്ടെത്തുകയും അവര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും വേണമെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ ആവശ്യപ്പെട്ടു.
‘ കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തകര്‍ക്ക് നീതി ലഭിക്കുന്നതുവരെ നിയമപരവും നീതിന്യായപരവുമായ ശ്രമങ്ങള്‍ ഞങ്ങള്‍ തുടരും. കുറ്റവാളികള്‍ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടില്ലെന്ന് ഉറപ്പുവരുത്തും,’ കുടുംബം പറഞ്ഞതായി പ്രസ് ടി.വി റിപ്പോര്‍ട്ട് ചെയ്തു.
സംഭവത്തില്‍ നീതി ലഭിക്കണമെന്ന ആവശ്യവുമായി ബന്ധപ്പെട്ടാണ് കുടുംബങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ നടപടി ആവശ്യപ്പെട്ടത്.
ലെബനന്‍ പത്രപ്രവര്‍ത്തകരെ ഇസ്രഈല്‍ കൊലപ്പെടുത്തിയതില്‍ ഇടപെടണമെന്ന് ലെബനന്റെ പ്രതിനിധികള്‍ യു.എന്‍ മനുഷ്യാവകാശ കമ്മീഷണറോട് പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
2023 ഓക്ടോബര്‍ 13 മുതല്‍ ഈസ്രഈലിന്റെ ആക്രമണത്തില്‍ ലേഖകര്‍, ഫോട്ടോ ജേണലിസ്റ്റുകള്‍, ക്യാമറാമാന്‍മാര്‍ എന്നിവരുള്‍പ്പെടെ 28ലധികം ലെബനന്‍ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുണ്ട്.
മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനമാകാമെന്ന നിലപാടും ഉയര്‍ന്നിട്ടുണ്ട്.
യുദ്ധമേഖലകളില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ അന്വേഷിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ ഉത്തരവാദിത്വം ഉറപ്പാക്കണമെന്നും വിവിധ മനുഷ്യാവകാശ സംഘടനകളും ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തു.
സംഭവത്തില്‍ അന്താരാഷ്ട്ര തലത്തില്‍ അന്വേഷണം വേണമെന്ന ആവശ്യമാണ് നിലവില്‍ കുടുംബങ്ങള്‍ പ്രധാനമായും ഉന്നയിക്കുന്നത്. മാധ്യമപ്രവര്‍ത്തകരുടെ മരണത്തിന് ഉത്തരവാദികളായ ഇസ്രഈല്‍ നേതാക്കള്‍ക്കെതിരെ ഐ.സി.സിയില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
വിഷയത്തില്‍ നിയമപരമായ നടപടികള്‍ മുന്നോട്ടുപോകുമെന്ന പ്രതീക്ഷയിലാണ് കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ കുടുംബങ്ങളെന്നും വിദേശ ഏജന്‍സികളുടെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
Content Highlights: Killing of journalists in Lebanon: Families demand trial against Israel.