| Friday, 3rd July 2026, 8:21 am

മുസ്‌ലിങ്ങളെ കൊന്ന് കളയൂ; ഹൈദരാബാദ് വണ്ടര്‍ലയില്‍ യുവാക്കള്‍ക്ക് നേരെ ഇസ്‌ലാമോഫോബിക്ക് അധിക്ഷേപം ഉണ്ടായതായി റിപ്പോര്‍ട്ട്

നിഷാന. വി.വി

ഹൈദരാബാദ്: ഹൈദരാബാദിലെ വണ്ടര്‍ ലാ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ ഒരു സംഘം മുസ്‌ലിം യുവാക്കള്‍ക്ക് പാര്‍ക്ക് ജീവനക്കാരില്‍ നിന്ന് ഇസ്‌ലാമോഫോബിക്ക് അധിക്ഷേപം ഉണ്ടായതായി റിപ്പോര്‍ട്ട്.

സിയാസത്താണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. ജൂലൈ ഒന്നിന് പാര്‍ക്കിലെത്തിയ അനസ് മിര്‍സയും സുഹൃത്തുക്കളുമാണ് ദുരനുഭവം പങ്കുവെച്ചത്.

പാര്‍ക്കിലെ ഒരു ജീവനക്കാരനോട് ഫോട്ടോ എടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍, അദ്ദേഹം അത് നിരസിക്കുകയും മറ്റൊരു ജീവനക്കാരന്റെ അടുത്തേക്ക് വിടുകയും ചെയ്തതായും എന്നാല്‍ രണ്ടാമത്തെ ജീവനക്കാരന്റെ അടുത്തെത്തിയപ്പോള്‍, ‘മുസ്‌ലിങ്ങളെ കൊന്നു കളയൂ’ എന്ന് അദ്ദേഹം അധിക്ഷേപിച്ചതായും യുവാക്കള്‍ പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു യുവാക്കള്‍ ദുരനുഭവം പങ്കുവെച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവസ്ഥലത്തുവെച്ചുതന്നെ യുവാക്കള്‍ മാനേജ്മെന്റില്‍ പരാതിപ്പെട്ടെങ്കിലും കാര്യമായ നടപടിയൊന്നും സ്വീകരിച്ചില്ലെന്നും അനസ് ആരോപിക്കുന്നു. അധിക്ഷേപകരമായ വാക്കുകള്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്ന് അറിയിച്ചിട്ടും മാനേജ്മെന്റ് ഗൗരവമായി എടുത്തില്ലെന്നാണ് പരാതി.

വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചതിന് പിന്നാലെ വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. വണ്ടര്‍ല മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയെ പലരും അപലപിക്കുകയും, ഹൈദരാബാദില്‍ വണ്ടര്‍ലാ ബഹിഷ്‌ക്കരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

‘എന്റെ നഗരത്തില്‍ ഇങ്ങനെയൊരു അനുഭവം ഉണ്ടാകുമെന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഇത് ശരിക്കും സങ്കടകരമാണ്,’ യുവാവ് പ്രതികരിച്ചതായി സിയാസത്ത് റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: “Kill the Muslims”: Reports of Islamophobic abuse directed at youths at Hyderabad Wonderla.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more