കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ വെടിക്കെട്ടുമായി സൂപ്പര്‍ താരം കെയ്‌റോണ്‍ പൊള്ളാര്‍ഡ്. സി.പി.എല്ലില്‍ ഇന്ന് നടന്ന ട്രിബാംഗോ നൈറ്റ് റൈഡേഴ്‌സ് – ഗയാന ആമസോണ്‍ വാറിയേഴ്‌സ് മത്സരത്തിലാണ് ടി.കെ.ആറിനായി പൊള്ളാര്‍ഡ് അര്‍ധ സെഞ്ച്വറിയുമായി തിളങ്ങിയത്.
18 പന്തില്‍ പുറത്താകാതെ 54 റണ്‍സാണ് പൊള്ളാര്‍ഡ് അടിച്ചെടുത്തത്. അഞ്ച് വീതം സിക്‌സറും ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. 300.00 എന്ന വെടിക്കെട്ട് സ്‌ട്രൈക്ക് റേറ്റിലാണ് ആമസോണ്‍ വാറിയേഴ്‌സിനെതിരെ താരം ഇന്നിങ്‌സ് പൂര്‍ത്തിയാക്കിയത്.
നേരിട്ട 17ാം പന്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ താരം ഒരു ചരിത്ര നേട്ടവും സ്വന്തമാക്കി. സി.പി.എല്‍ 2025ലെ ഏറ്റവും വേഗമേറിയ അര്‍ധ സെഞ്ച്വറിയുടെ നേട്ടമാണ് താരം സ്വന്തമാക്കിയത്. ഇതിനൊപ്പം കരീബിയന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ മൂന്നാം അര്‍ധ സെഞ്ച്വറിയുടെ നേട്ടവും പൊള്ളാര്‍ഡ് തന്റെ പേരിലെഴുതിച്ചേര്‍ത്തു.
(താരം – ടീം – എതിരാളികള്‍ – സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ നേരിട്ട പന്തുകള്‍ എന്നീ ക്രമത്തില്‍)
കെയ്‌റോണ്‍ പൊള്ളാര്‍ഡ് – ട്രിബാംഗോ നൈറ്റ് റൈഡേഴ്‌സ് – ഗയാന ആമസോണ്‍ വാറിയേഴ്‌സ് – 17*
ടിം സീഫെര്‍ട്ട് – സെന്റ് ലൂസിയ കിങ്‌സ് – ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡ ഫാല്‍ക്കണ്‍സ് – 18
അക്കീം അഗസ്റ്റിന്‍ – സെന്റ് ലൂസിയ കിങ്‌സ് – ഗയാന ആമസോണ്‍ വാറിയേഴ്‌സ് – 19
ഷാകിബ് അല്‍ ഹസന്‍ – ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡ ഫാല്‍ക്കണ്‍സ് – സെന്റ് ലൂസിയ കിങ്‌സ് – 20
കെയ്‌റോണ്‍ പൊള്ളാര്‍ഡ് – ട്രിബാംഗോ നൈറ്റ് റൈഡേഴ്‌സ് – സെന്റ് കീറ്റ്‌സ് ആന്‍ഡ് നെവിസ് പേട്രിയേറ്റ്‌സ് – 21
(അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ നേരിട്ട പന്തുകള്‍ – താരം – ടീം – എതിരാളികള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)
14 – ആന്ദ്രേ റസല്‍ – ജമൈക്ക താല്ലവാസ് – സെന്റ് ലൂസിയ കിങ്‌സ് – 2021
15 – ജീന്‍ പോള്‍ ഡുമിനി – ബാര്‍ബഡോസ് ട്രൈഡന്റ്‌സ് – ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ റെഡ് സ്റ്റീല്‍ – 2019
17 – എവിന്‍ ലൂയീസ് – സെന്റ് കീറ്റ്‌സ് ആന്‍ഡ് നെവിസ് പേട്രിയറ്റ്‌സ് – ജമൈക്ക താല്ലവാസ് – 2019
17 – ഡേവിഡ് മില്ലര്‍ – ബാര്‍ബഡോസ് റോയല്‍സ് – ട്രിബാംഗോ നൈറ്റ് റൈഡേഴ്‌സ് – 2024
17 – കെയ്‌റോണ്‍ പൊള്ളാര്‍ഡ് – ട്രിബാംഗോ നൈറ്റ് റൈഡേഴ്‌സ് – സെന്റ് കീറ്റ്‌സ് ആന്‍ഡ് നെവിസ് പേട്രിയേറ്റ്‌സ് – 2025*
പൊള്ളാര്‍ഡിന്റെ കരുത്തില്‍ ടീം നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് സ്വന്തമാക്കി. 35 പന്തില്‍ 33 റണ്‍സടിച്ച ഡാരന്‍ ബ്രാവോയും 34 പന്തില്‍ 29 റണ്‍സ് നേടിയ കെയ്‌സി കാര്‍ട്ടിയുമാണ് ടീമിനായി സ്‌കോര്‍ കണ്ടെത്തിയ മറ്റ് താരങ്ങള്‍.
മറുപടി ബാറ്റിങ്ങിനിറങ്ങിയ വാറിയേഴ്‌സിന് രണ്ട് ഓപ്പണര്‍മാരെയും ഒറ്റയക്കത്തിന് നഷ്ടപ്പെട്ടെങ്കിലും മൂന്നാം വിക്കറ്റില്‍ ഷായ് ഹോപ്പിന്റെയും ഷിംറോണ്‍ ഹെറ്റ്‌മെയറിന്റെയും ചെറുത്തുനില്‍പ് ടീമിന് അടിത്തറയൊരുക്കി.
30 പന്തില്‍ 49 റണ്‍സടിച്ചാണ് ഹെറ്റി മടങ്ങിയത്. പിന്നാലെയെത്തിയ ഹസന്‍ ഖാന്‍ മൂന്ന് റണ്‍സുമായി നിരാശപ്പെടുത്തി. അധികം വൈകാതെ ഷായ് ഹോപ്പും തിരിച്ചുനടന്നു. 46 പന്തില്‍ 53 റണ്‍സാണ് താരം സ്വന്തമാക്കിയത്.
ആറാം നമ്പറിലിറങ്ങിയ ഡ്വെയ്ന്‍ പ്രിട്ടോറിയസിന്റെ മികവില്‍ വാറിയേഴ്‌സ് വിജയത്തിലേക്ക് അടുത്തു. ഒടുവില്‍ ഒരു പന്ത് ശേഷിക്കെ ടീം ലക്ഷ്യം മറികടക്കുകയും ചെയ്തു. 14 പന്തില്‍ പുറത്താകാതെ 26 റണ്‍സാണ് പ്രിട്ടോറിയസ് സ്വന്തമാക്കിയത്.
Content Highlight: Kieron Pollard smashed 17 ball 50 in CPL 2025