| Tuesday, 1st July 2025, 12:09 pm

വിന്‍ഡീസ് കൊടുങ്കാറ്റില്‍ ടി-20 ചരിത്രം തകര്‍ന്നടിഞ്ഞു; ഗെയ്ല്‍ വാഴുന്ന റെക്കോഡ് ലിസ്റ്റില്‍ അടിച്ചുകയറി പൊള്ളാര്‍ഡ്

സ്പോര്‍ട്സ് ഡെസ്‌ക്

വിന്‍ഡീസ് കൊടുങ്കാറ്റില്‍ ടി-20 ചരിത്രം തകര്‍ന്നടിഞ്ഞു; ഗെയ്ല്‍ വാഴുന്ന റെക്കോഡ് ലിസ്റ്റില്‍ അടിച്ചുകയറി പൊള്ളാര്‍ഡ്

മേജര്‍ ലീഗ് ക്രിക്കറ്റില്‍ ഇന്നലെ നടന്ന മത്സരത്തില്‍ എം.ഐ ന്യൂയോര്‍ക്കിനെതിരെ ടെക്‌സസ് സൂപ്പര്‍കിങ്‌സ് മിന്നും വിജയം സ്വന്തമാക്കിയിരുന്നു. ഗ്രാന്റ് പ്രയറി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 39 റണ്‍സിന്റെ വിജയമാണ് സൂപ്പര്‍കിങ്‌സ് നേടിയത്.

മത്സരത്തില്‍ ടോസ് നേടിയ എം.ഐ ന്യൂയോര്‍ക്ക് ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് നാല് വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സാണ് ടെക്‌സസ് അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങില്‍ ന്യൂ യോര്‍ക്കിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

ന്യൂയോര്‍ക്കിന് വേണ്ടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചത് അഞ്ചാമനായി ഇറങ്ങിയ കെയ്‌റോണ്‍ പൊള്ളാര്‍ഡാണ്. 39 പന്തില്‍ നിന്ന് താരം അഞ്ച് സിക്‌സും അഞ്ച് ഫോറുമുള്‍പ്പടെ 70 റണ്‍സാണ് താരം സ്വന്തമാക്കിയത്. 179.49 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരത്തിന്റെ ബാറ്റിങ് പ്രകടനം.

വെടിക്കെട്ട് ബാറ്റിങ്ങില്‍ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും പൊള്ളാര്‍ഡിന് സാധിച്ചിരിക്കുകയാണ്. ടി-20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമാകാനാണ് പൊള്ളാര്‍ഡിന് സാധിച്ചത്. വിന്‍ഡീസ് കരുത്തന്‍ ക്രിസ് ഗെയ്‌ലാണ് ഈ നേട്ടത്തില്‍ മുന്നിലുള്ളത്. മാത്രമല്ല ഈ നേട്ടത്തില്‍ ഇംഗ്ലണ്ടിന്റെ അലക്‌സാഡര്‍ ഹെയ്ല്‍സിനെ മറികടന്നാണ് പൊള്ളാര്‍ഡ് രണ്ടാമത് എത്തിയത്.

ടി-20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം, മത്സരം, റണ്‍സ് എന്ന ക്രമത്തില്‍

ക്രിസ് ഗെയ്ല്‍ – 463 – 14562

കെയ്‌റോണ്‍ പൊള്ളാര്‍ഡ് – 702 – 13738*

അലക്‌സാഡര്‍ ഹെയ്ല്‍സ് – 501 – 13735

ഷോയ്ബ് മാലിക് – 557 – 13571

വിരാട് കോഹ്‌ലി – 414 – 13543

അഡ്‌ലൈഡ് സ്‌ട്രൈക്കേഴ്സ്, ബാര്‍ബഡോസ് ട്രൈഡന്റ്സ്, കേപ്പ് കോബ്രാസ്, ധാക്ക ഡൈനാമൈറ്റ്സ്, ധാക്ക ഗ്ലാഡിയേറ്റേഴ്സ്, കറാച്ചി കിങ്സ്, ലണ്ടന്‍ സ്പിരിറ്റ്, മെല്‍ബണ്‍ റെനഗേഡ്സ്, എം.ഐ കേപ്പ് ടൗണ്‍, എം.ഐ എമിറേറ്റ്സ്, എം.ഐ ന്യൂയോര്‍ക്ക്, മുള്‍ട്ടാന്‍ സുല്‍ത്താന്‍സ്, മുംബൈ ഇന്ത്യന്‍സ്, പെഷവാര്‍ സാല്‍മി, സോമര്‍സെറ്റ്, സൗത്ത് ഓസ്ട്രേലിയ, സതേണ്‍ ബ്രേവ്, സെന്റ് ലൂസിയ സ്റ്റാര്‍സ്, സ്റ്റാന്‍ഫോര്‍ഡ് സൂപ്പര്‍സ്റ്റാര്‍സ്, സറെ, ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്, ട്രിനിഡാഡ് & ടൊബാഗോ, വെസ്റ്റ് ഇന്‍ഡീസ് എന്നീ ടീമുകള്‍ക്ക് വേണ്ടിയാണ് പൊള്ളാര്‍ഡ് കളിച്ചത്.

ടെക്‌സസിനെതിരായ മത്സരത്തില്‍ പൊള്ളാര്‍ഡിന് പുറമെ ഓപ്പണ്‍ ക്വിന്റണ്‍ ഡി കോക്ക് 25 പന്തില്‍ 35 റണ്‍സും നേടിയിരുന്നു മറ്റാര്‍ക്കും ടീമിന്റെ സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ല. അതേസമയം ടെക്‌സസിന് വേണ്ടി മിന്നും പ്രകടനം നടത്തിയത്. ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയാണ്. 53 പന്തില്‍ നിന്ന് ഒമ്പത് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 103 റണ്‍സ് നേടി പുറത്താകാതെയാണ് താരം മിന്നും പ്രകടനം നടത്തിയത്.

Content Highlight: Kieron Pollard sets a huge record in T20 cricket

We use cookies to give you the best possible experience. Learn more