കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ വീണ്ടും വെടിക്കെട്ട് പ്രകടനവുമായി മുംബൈ ഇന്ത്യന്‍സ് ബാറ്റിങ് കോച്ച് കൈയ്റോണ്‍ പൊള്ളാര്‍ഡ്. കഴിഞ്ഞ ദിവസം ടൂര്‍ണമെന്റില്‍ നടന്ന മത്സരത്തില്‍ എസ്.കെ.എന്‍ പാട്രിയറ്റ്‌സിനെതിരായ മത്സരത്തിലാണ് താരത്തിന്റെ പ്രകടനം. ഈ മത്സരത്തില്‍ നേരിട്ട എട്ട് ബൗളില്‍ ഏഴും ഗാലറിയിലെത്തിച്ചാണ് താരം ആരാധകര്‍ക്ക് വിരുന്നൊരുക്കിയത്.
11ാം ഓവറിലാണ് പൊള്ളാര്‍ഡ് ബാറ്റിങ്ങിനെത്തിയത്. ആ സമയത്ത് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് മൂന്ന് വിക്കറ്റിന് 78 റണ്‍സ് എന്ന നിലയിലായിരുന്നു. നേരിട്ട രണ്ടാം പന്ത് തന്നെ താരം സിക്‌സ് അടിച്ചു. പക്ഷേ അടുത്ത മൂന്ന് ഓവറില്‍ താരം കാര്യമായി ഒന്നും ചെയ്തില്ല.
എന്നാല്‍, 15ാം ഓവര്‍ തൊട്ട് പൊള്ളാര്‍ഡിന്റെ വെടിക്കെട്ടിനാണ് ആരാധകര്‍ സാക്ഷിയായത്. ഓവറിലെ മൂന്നും നാലും പന്ത് താരം സിക്‌സ് അടിച്ചു. അടുത്ത പന്തില്‍ ഓള്‍റൗണ്ടര്‍ക്ക് ഒരു റണ്‍സും നേടാനായില്ല. പിന്നാലെ ഓവറിലെ അവസാന പന്തിലും താരം ആറ് റണ്‍സ് അടിച്ചു.
16ാം ഓവറിലെ ആദ്യ പന്തില്‍ സ്ട്രൈക്കിലായിരുന്ന പൂരന് റണ്‍സെടുക്കാനായില്ല. അടുത്ത പന്തില്‍ സിംഗിളെടുത്തതോടെ പൊള്ളാര്‍ഡ് സ്ട്രൈക്കിലെത്തി. പിന്നാലെ നേരിട്ട നാല് പന്തും താരം ഗാലറിയിലെത്തിച്ചു. അതോടെ താരം 21 പന്തില്‍ തന്റെ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി.
പിന്നാലെ, 15 റണ്‍സ് കൂടി നേടി പൊള്ളാര്‍ഡ് പുറത്തായി. 29 പന്തില്‍ നിന്നായിരുന്നു താരം 65 റണ്‍സ് നേടിയത്. താരത്തിന്റെ ഇന്നിങ്‌സില്‍ ഈ ഏഴ് ഫോറുകള്‍ക്ക് പുറമെ, ഒരു സിക്സും രണ്ട് ഫോറും കൂടിയും പിറന്നിരുന്നു. 224.14 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ മിന്നും ബാറ്റിങ്.
ഈ പ്രകടനത്തോടെ ടി – 20യില്‍ താരത്തിന് 950 സിക്‌സുകള്‍ പൂര്‍ത്തീകരിക്കാനും സാധിച്ചു. കുട്ടി ക്രിക്കറ്റിന്റെ ചരിത്രത്തില്‍ സിക്‌സര്‍ വേട്ടയില്‍ രണ്ടാമതാവാനും താരത്തിന് സാധിച്ചു. ഈ നേട്ടത്തില്‍ 1056 സിക്‌സുകളുള്ള വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ലാണ് ഒന്നാമതുള്ളത്.
പൊള്ളാര്‍ഡിന്റെ പ്രകടനത്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്ത ടി.കെ.ആര്‍ 12 റണ്‍സിന് വിജയിച്ചിരുന്നു. മത്സരത്തില്‍ 38 പന്തില്‍ 52 റണ്‍സെടുത്ത ക്യാപ്റ്റന്‍ നിക്കോളാസ് പൂരനും സ്‌കോര്‍ ബോര്‍ഡിലേക്ക് സംഭാവന ചെയ്തു.
Content Highlight: Kieron Pollard hits 7 sixes in 8 balls in CPL and completed 950 sixes