ടി – 20 ക്രിക്കറ്റില്‍ സൂപ്പര്‍ നേട്ടം സ്വന്തമാക്കി വെസ്റ്റ് ഇന്‍ഡീസ് വെടിക്കെട്ട് ബാറ്റര്‍ കൈയ്റോണ്‍ പൊള്ളാര്‍ഡ്. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ ബാറ്റിംഗ് കാഴ്ച വെച്ചാണ് താരം കുട്ടി ക്രിക്കറ്റില്‍ പുതു ചരിത്രമെഴുതിയത്.
കുട്ടി ക്രിക്കറ്റില്‍ 14000 റണ്‍സും 300+ വിക്കറ്റുകളും നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് പൊള്ളാര്‍ഡ് സ്വന്തമാക്കിയത്. 712 മത്സരങ്ങള്‍ കളിച്ചാണ് താരം ഇത്രയും റണ്‍സ് നേടിയത്. ഒപ്പം ഇത്രയും മത്സരങ്ങളില്‍ നിന്ന് പൊള്ളാര്‍ഡിന് 332 വിക്കറ്റുകളുമുണ്ട്.
സി.പി.എല്ലില്‍ ബാര്‍ബഡോസ് റോയല്‍സിനെതിരായ മത്സരത്തിലാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. മത്സരത്തില്‍ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സിനായി ഒമ്പത് പന്തില്‍ പുറത്താവാതെ 19 റണ്‍സ് നേടിയാണ് ഈ നേട്ടത്തിലെത്തിയത്. ഈ പ്രകടനത്തോടെ ടി – 20യില്‍ 14000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ താരത്തിന് സാധിച്ചു.
അതോടെ ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ താരമാകാനും പൊള്ളാര്‍ഡിനായി. ഇതിന് മുമ്പ് ഈ ഫോര്‍മാറ്റില്‍ ഇത്രയും റണ്‍സ് നേടിയ ഒരു താരം മാത്രമേയുള്ളു. അത് വെസ്റ്റ് ഇന്‍ഡീസ് വെടിക്കെട്ട് ബാറ്റര്‍ ക്രിസ് ഗെയ്ലാണ്. ഗെയ്ല്‍ 463 മത്സരങ്ങളില്‍ കളത്തിലിറങ്ങിയാണ് ഇത്ര റണ്‍സ് നേടി ഈ ഫോര്‍മാറ്റിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമനായത്.
അതേസമയം, മത്സരത്തില്‍ പൊള്ളാര്‍ഡിന്റെ ടി.കെ.ആര്‍. ഏഴ് വിക്കറ്റിന് ജയം സ്വന്തമാക്കി. ബാര്‍ബഡോസ് റോയല്‍സ് ഉയര്ത്തിയ 179 റണ്‍സിന്റെ വിജയലക്ഷ്യം 13 പന്തുകള്‍ ബാക്കി നില്‍ക്കെ ടീം മറികടക്കുകയായിരുന്നു.
ടി.കെ.ആറിനായി കോളിന് മണ്‍റോയും നിക്കോളാസ് പൂരനും മികച്ച പ്രകടനം നടത്തി. മണ്‍റോ 44 പന്തില്‍ 67 റണ്‍സെടുത്തപ്പോള്‍ പൂരന്‍ 40 പന്തില്‍ 65 റണ്‍സ് സ്‌കോര്‍ ചെയ്തു.
Content Highlight: Kieron Pollard became the first player to take 14000 runs and 300+ wickets in T20 Cricket