ടി – 20 ക്രിക്കറ്റില്‍ സൂപ്പര്‍ നേട്ടവുമായി വെസ്റ്റ് ഇന്‍ഡീസ് വെടിക്കെട്ട് ബാറ്റര്‍ കെയ്റോണ്‍ പൊള്ളാര്‍ഡ്. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ (സി.പി.എല്‍) ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സിന് (ടി.കെ.ആര്‍) വേണ്ടി മിന്നും പ്രകടനം നടത്തിയാണ് താരം തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കിയത്.
സി.പി.എല്ലില്‍ സൈന്റ്‌റ് ലൂസിയ കിങ്‌സിനെതിരെ (എസ്.എല്‍.കെ) നടന്ന മത്സരത്തില്‍ പൊള്ളാര്‍ഡ് അര്‍ധ സെഞ്ച്വറി നേടിയിരുന്നു. മത്സരത്തില്‍ താരം 29 പന്തില്‍ 65 റണ്‍സാണ് നേടിയത്. ഇതില്‍ നാല് ഫോറുകളും ആറ് സിക്‌സറുകളും അടങ്ങുന്നതായിരുന്നു.
മത്സരത്തില്‍ ആറ് സിക്സറുകള്‍ അടിച്ചതോടെ താരത്തിന് സി.പി.എല്ലില്‍ 200 സിക്‌സുകള്‍ എന്ന നാഴികകല്ല് പിന്നിടാന്‍ കഴിഞ്ഞു. 203 സിക്‌സുകളാണ് 13 സീസണുകളില്‍ നിന്ന് താരം അടിച്ചെടുത്തത്. ഇതോടെ രണ്ട് പ്രധാനപ്പെട്ട ടി – 20 ലീഗുകളില്‍ 200 സിക്‌സുകള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോഡ് പൊള്ളാര്‍ഡ് തന്റെ പേരിലാക്കി.
പൊള്ളാര്‍ഡ് ഐ.പി.എല്ലിലും 200 സിക്‌സുകള്‍ എന്ന നേട്ടം കൈവരിച്ചിരുന്നു. മുംബൈ ഇന്ത്യന്‍സിനായി കളിച്ച് 223 പന്തുകള്‍ ഗാലറിയില്‍ എത്തിച്ചിട്ടുണ്ട്.
അതേസമയം, മത്സരത്തില്‍ താരത്തിന്റെ അര്‍ധ സെഞ്ച്വറി കരുത്തില്‍ വിജയം സ്വന്തമാക്കിയിരുന്നു. 18 റണ്‍സിന്റെ വിജയമായിരുന്നു ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത ടി.കെ.ആര്‍ നിശ്ചിത ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സെടുത്തിരുന്നു. പൊള്ളാര്‍ഡിന് പുറമെ കോളിന്‍ മണ്‍റോ 30 പന്തില്‍ 43 റണ്‍സും ക്യാപ്റ്റന്‍ നിക്കോളാസ് പൂരന്‍ 30 പന്തില്‍ 34 റണ്‍സ് എടുത്തു.
മറുപടി ബാറ്റിങ്ങില്‍ എസ്.എല്‍.കെയ്ക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് എടുക്കാന്‍ മാത്രമേ സാധിച്ചുള്ളൂ. ടീമിനായി ജോണ്‍സന്‍ ചാള്‍സും ടിം സിഫര്‍ട്ടും മികച്ച ബാറ്റിങ് നടത്തിയെങ്കിലും വിജയിക്കാനായില്ല. ചാള്‍സ് 37 പന്തില്‍ 47 റണ്‍സ് എടുത്തപ്പോള്‍ സിഫര്‍ട്ട് 24 പന്തില്‍ 35 റണ്‍സും നേടി.
Content Highlight: Kieron Pollard became first batter to hit 200 sixes in major T20 leagues