| Saturday, 27th December 2025, 8:01 am

മറ്റ് ഭാഷകളില്‍ ഗസ്റ്റ് റോള്‍ ചെയ്യാന്‍ ഞാനടക്കമുള്ള കന്നഡ താരങ്ങള്‍ മടി കാണിക്കാറില്ല, പക്ഷേ, ഞങ്ങളുടെ ഭാഷയില്‍ ആരും അതിഥിവേഷം ചെയ്യുന്നില്ല: കിച്ച സുദീപ

അമര്‍നാഥ് എം.

അഭിനയ ചക്രവര്‍ത്തി എന്ന് ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന കന്നഡയിലെ സൂപ്പര്‍താരമാണ് കിച്ച സുദീപ. ഹുച്ച എന്ന ചിത്രത്തോടെയാണ് താരത്തിന്റെ കരിയര്‍ മാറിമറിഞ്ഞത്. കന്നഡക്ക് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ താരം തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. സുദീപയുടെ ഏറ്റവും പുതിയ ചിത്രമായ മാര്‍ക്കിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

കിച്ച സുദീപ Photo: Screen grab/ Galatta Tamil

കന്നഡ ഇന്‍ഡസ്ട്രിയില്‍ അടുത്തിടെ വന്ന മാറ്റങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് താരം. കുറച്ച് കാലമായി മികച്ച സിനിമകള്‍ ചെയ്യുന്നതിലൂടെ തന്റെ ഇന്‍ഡസ്ട്രിക്ക് കൂടുതല്‍ ശ്രദ്ധ ലഭിച്ചിട്ടുണ്ടെന്ന് സുദീപ പറഞ്ഞു. കന്നഡ സിനിമകള്‍ക്ക് ഡിമാന്‍ഡ് കൂടിയിട്ടുണ്ടെന്നും അത് കൃത്യമായി ഉപയോഗിക്കാനാണ് താന്‍ ശ്രമിക്കാറുള്ളതെന്നും താരം കൂട്ടിച്ചേര്‍ത്തു. ഗലാട്ടാ തമിഴിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വേറൊരു കാര്യം നോക്കിയാല്‍ കന്നഡയിലെ ഒരുപാട് വലിയ താരങ്ങള്‍ മറ്റ് ഭാഷകളില്‍ ഗസ്റ്റ് റോള്‍ ചെയ്യാറുണ്ട്. പക്ഷേ, അവരാരും ഞങ്ങളുടെ ഇന്‍ഡസ്ട്രിയില്‍ വന്ന് അഭിനയിക്കാറില്ല. കുറച്ച് നടന്മാരോട് ഞങ്ങളുടെ സിനിമയില്‍ അഭിനയിക്കാമോ എന്ന് ഞാന്‍ ചോദിച്ചിട്ടുണ്ട്. പക്ഷേ, അത് സംഭവിച്ചില്ല. എന്നെ സംബന്ധിച്ച് ഇത്തരം കാര്യങ്ങള്‍ ഒരു പാലം പോലെയാകണം. അങ്ങോട്ട് ചെയ്യുമ്പോള്‍ ഇങ്ങോട്ടും വേണമല്ലോ. ശിവരാജ് കുമാര്‍ സാര്‍ ജയിലര്‍ ചെയ്തത് മാറ്റത്തിന് തുടക്കമാകുമെന്ന് കരുതുന്നു.

ജയിലര്‍ Photo: Screen grab/ Sun Pictures

കന്നഡക്ക് പുറത്ത് ചില സിനിമകള്‍ ഞാന്‍ ചെയ്തത് സൗഹൃദത്തിന്റെ പുറത്ത് മാത്രമാണ്. ദബാങ് 3യില്‍ അഭിനയിച്ചത് സല്‍മാന്‍ ഖാന്‍ സാര്‍ റിക്വസ്റ്റ് ചെയ്തതുകൊണ്ട് മാത്രമാണ്. അദ്ദേഹം എനിക്ക് കുടുംബാംഗത്തെപ്പോലെയാണ്. പ്രതിഫലം പോലും വാങ്ങാതെയാണ് ഞാന്‍ ആ സിനിമ ചെയ്തത്. പണത്തിന് വേണ്ടിയല്ല അതൊന്നും ചെയ്തത്,’ കിച്ച സുദീപ പറയുന്നു.

പുലി എന്ന ചിത്രവും അതിന്റെ അണിയറപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതുകൊണ്ട് മാത്രമാണ് താന്‍ ചെയ്തതെന്നും താരം പറഞ്ഞു. വിജയ് എന്ന നടനൊപ്പം വര്‍ക്ക് ചെയ്തത് മറക്കാനാകാത്ത അനുഭവമാണെന്നും അദ്ദേഹത്തിന്റെ വ്യക്തിത്വം തനിക്ക് ഒരുപാട് ഇഷ്ടമായെന്നും സുദീപ കൂട്ടിച്ചേര്‍ത്തു. താന്‍ വില്ലന്‍ വേഷങ്ങള്‍ ചെയ്യാറുള്ളത് ആരാധകര്‍ പലപ്പോഴും ചോദ്യം ചെയ്യാറുണ്ടെന്നും താരം പറയുന്നു.

പുലി Photo: IMDB

‘വിജയ് സാറിനെപ്പോലെ ഒരു താരത്തിനൊപ്പം വര്‍ക്ക് ചെയ്തത് നല്ലൊരു അനുഭവമായിരുന്നു. അദ്ദേഹം ആരെക്കുറിച്ചും മോശമായി സംസാരിക്കാറില്ല. എല്ലാം പോട്ടെ, അദ്ദേഹം ആരോടും സംസാരിക്കാറേയില്ല. അതുപോലെ ഈച്ച എന്ന സിനിമയിലെ വില്ലന്‍ വേഷം, ബാറ്റ്മാന്‍ സിനിമയിലെ ജോക്കറിനെപ്പോലെയാണ് ആ കഥാപാത്രം. നായകനെക്കാള്‍ കൈയടി ആ കഥാപാത്രത്തിനായിരുന്നു കിട്ടിയത്,’ കിച്ച സുദീപ പറഞ്ഞു.

Content Highlight: Kicha Sudeepa about the guest roles of Kannada actors in other industry

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more