| Wednesday, 17th December 2025, 10:34 pm

പറയാനൊരു ഹിറ്റ് പോലുമില്ലാത്ത രണ്ട് നടന്മാരെ സൂപ്പര്‍സ്റ്റാറാക്കിയ സേതുവിന്റെ കഥ, അത് വല്ലാത്തൊരു കഥയാണ്

അമര്‍നാഥ് എം.

തമിഴിലെ മികച്ച സംവിധായകരിലൊരാളായ ബാലയുടെ എക്കാലത്തെയും മികച്ച ചിത്രമാണ് സേതു. ചിയാന്‍ വിക്രമിനെ നായകനാക്കി 1999ല്‍ പുറത്തിറക്കിയ ചിത്രം സാമ്പത്തികപരമായി വലിയ വിജയം സ്വന്തമാക്കി. മികച്ച തമിഴ് സിനിമക്കുള്ള ദേശീയ അവാര്‍ഡും സേതുവിനായിരുന്നു. മികച്ച നടനുള്ള അവാര്‍ഡിന്റെ മത്സരത്തില്‍ മോഹന്‍ലാലിന്റെ വാനപ്രസ്ഥത്തോട് തോല്‍ക്കേണ്ടി വന്നെങ്കിലും തമിഴ്‌നാട് സര്‍ക്കാര്‍ പ്രത്യേക പുരസ്‌കാരം വിക്രമിന് നല്‍കി.

ഹുച്ചഎന്ന പേരില്‍ കന്നഡയില്‍ ചിത്രം റീമേക്ക് ചെയ്തിരുന്നു. കന്നഡയിലെ മുന്‍നിര താരമായ കിച്ചാ സുദീപായിരുന്നു ഹുച്ചയിലെ നായകന്‍. ആ വര്‍ഷത്തെ ഫിലിംഫെയര്‍ അവാര്‍ഡ് കിച്ചയെ തേടിയെത്തുകയും ചെയ്തു. ഇന്‍ഡസ്ട്രിയില്‍ സ്ട്രഗിള്‍ ചെയ്തുകൊണ്ടിരുന്ന തനിക്ക് കിട്ടിയ കച്ചിത്തുരുമ്പായിരുന്നു സേതുവിന്റെ റീമേക്കെന്ന് പറയുകയാണ് കിച്ചാ സുദീപ്.

ആദ്യ മൂന്ന് സിനിമകളിലും സുദീപ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന താരം ഈ സിനിമക്ക് ശേഷമാണ് കിച്ചാ സുദീപ് എന്ന് അറിയപ്പെട്ട് തുടങ്ങിയത്. ഹുച്ചയിലെ ‘സച്ചിദാനന്ദ കിച്ച’ എന്ന കഥാപാത്രം തമിഴിലേതെന്ന പോലെ കന്നഡയിലും ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ ഹുച്ചക്ക് മുമ്പ് കിച്ചാ സുദീപിന്റെ കരിയര്‍ പ്രതിസന്ധിയിലായിരുന്നു.

കിച്ചാ സുദീപ് Photo: Screen Grab/ Gobinath

‘അഭിനയിച്ച ആദ്യത്തെ സിനിമ തന്നെ മുടങ്ങിപ്പോയി, പിന്നീട് അഭിനയിച്ച സിനിമ ഷൂട്ട് പൂര്‍ത്തിയായിട്ടും റിലീസായില്ല. മൂന്നാമത്തെ സിനിമ റിലീസായപ്പോള്‍ കാണാനാളില്ല. കബ്ബണ്‍ പാര്‍ക്കിലെത്തുന്ന കമിതാക്കള്‍ എന്റെ സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളില്‍ കോര്‍ണര്‍ സീറ്റുകള്‍ മാത്രം ഫുള്ളാക്കി വെച്ചു’ ചിരിച്ചുകൊണ്ട് സുദീപ് ഇത് പറയുമ്പോള്‍ അയാള്‍ അന്ന് അനുഭവിച്ച വേദന വാക്കുകളില്‍ വ്യക്തമാണ്.

മൊട്ടയടിക്കേണ്ടതുകൊണ്ടും ഗ്ലാമറില്ലാത്ത വേഷമായതുകൊണ്ടും തന്റെ ഇന്‍ഡസ്ട്രിയിലെ പലരും ഈ ചിത്രം വേണ്ടെന്ന് വെച്ചതായിരുന്നുവെന്നും സുദീപ് പറയുന്നു. ഒടുവില്‍ കന്നഡ ഇന്‍ഡസ്ട്രിയില്‍ തനിക്ക് ഒരു വിലാസമുണ്ടാക്കിയത് സേതുവിന്റെ റീമേക്കാണെന്നും സുദീപ് കൂട്ടിച്ചേര്‍ത്തു. സുദീപിന്റെ അതേ കഥ തന്നെയാണ് സേതു ചെയ്യുമ്പോള്‍ വിക്രമിന്റേതും.

ഹുച്ച Photo: Screen grab/ Anand Audio

ഡബ്ബിങ് ആര്‍ട്ടിസ്റ്റായും സഹനടനുമായാണ് വിക്രം തന്റെ കരിയര്‍ ആരംഭിച്ചത്. അബ്ബാസ്, പ്രഭുദേവ പോലുള്ള താരങ്ങള്‍ക്ക് ഡബ്ബ് ചെയ്തത് വിക്രമായിരുന്നു. ഇന്‍ഡസ്ട്രിയില്‍ എങ്ങനെയെങ്കിലും ശ്രദ്ധ നേടണമെന്ന വിക്രമിന്റെ ആഗ്രഹം പൂര്‍ത്തിയാക്കിയ ചിത്രമായിരുന്നു സേതു. ബാലയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രം വിജയമായതിന് പിന്നിലും വ്യത്യസ്തമായ ഒരു കഥയുണ്ട്.

ട്രാജിക് എന്‍ഡ് ഉള്ള ചിത്രം പ്രേക്ഷകര്‍ ഒരിക്കലും സ്വീകരിക്കില്ലെന്ന് തമിഴിലെ മുന്‍നിര വിതരണക്കാര്‍ വിധിയെഴുതി. എ ക്ലാസ് തിയേറ്ററുകളിലൊന്നും സേതുവിന് ഇടം ലഭിച്ചില്ല. ബി, സി ക്ലാസ് തിയേറ്ററുകള്‍ മാത്രമാണ് ചിത്രത്തെ സ്വീകരിച്ചത്. ആദ്യത്തെ ആഴ്ച കാണാനാളില്ലാതെ ഒഴിവാക്കാന്‍ വെച്ച സേതു, പിന്നീട് വേര്‍ഡ് ഓഫ് മൗത്തിലൂടെ വിജയമാവുകയായിരുന്നു.

ട്രോജിക് സിനിമകള്‍ പ്രേക്ഷകര്‍ ഏറ്റെടുക്കില്ലെന്ന മുന്‍വിധിയെ തച്ചുടച്ച ചിത്രം 150 ദിവസമാണ് പ്രദര്‍ശിപ്പിച്ചത്. വിക്രമിന്റെ കഥാപാത്രം ഹിറ്റായതോടെ താരത്തിന്റെ ആരാധകര്‍ സ്‌നേഹത്തോടെ ‘ചിയാന്‍’ എന്ന് വിളിച്ചു. രണ്ട് ഇന്‍ഡസ്ട്രികളില്‍ ഇന്ന് നിറഞ്ഞുനില്‍ക്കുന്ന രണ്ട് സൂപ്പര്‍താരങ്ങളുടെ കരിയര്‍ മാറ്റിമറിച്ചത് ഒരൊറ്റ സിനിമയാണ്. സേതുവിന്റെ കഥ… അത് വല്ലാത്തൊരു കഥയാണ്.

Content Highlight: Kicha Sudeep saying Sethu movie remake changed his career

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more