കെ.ജി.എഫിന് ശേഷം കന്നഡ സൂപ്പര്‍ താരം യഷ് നായകനായെത്തുന്ന ചിത്രമാണ് ടോക്സിക്. ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ വന്‍ ഹൈപ്പിലെത്തുന്ന ചിത്രത്തെ കുറിച്ച് ഏറെ പ്രതീക്ഷകളാണ് ആരാധകര്‍ക്ക്.
ഇപ്പോഴിതാ ചിത്രത്തിലെ കിയാര അദ്വാനിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തില്‍ നാദിയ എന്ന കഥാപാത്രമായാണ് കിയാര എത്തുന്നത്. കിയാരയുടെ ക്യാരക്ടര്‍ പോസ്റ്റും ഗീതു മോഹന്‍ദാസ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ഒരു കുറിപ്പും ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്.
‘ചില പെര്‍ഫോമന്‍സുകള്‍ സിനിമയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല, അത് ഒരു ആര്‍ട്ടിസ്റ്റിനെ പുനര്‍നിര്‍വചിക്കുന്നു. ഈ സിനിമയില്‍ കിയാരുടെ വേഷം വളരെ വ്യത്യസ്തമായ ഒന്നാണ്. ഞങ്ങള്‍ തമ്മിലുള്ള ആദ്യ സംഭാഷണത്തില്‍ തന്നെ ഈ റോളില്‍ കിയാര വിശ്വാസമര്‍പ്പിച്ചിരുന്നു. ആ വേഷം കിയാര അവതരിപ്പിക്കുകയല്ല, ആ കഥാപാത്രമായി തന്നെ ജീവിക്കുകയും ചെയ്തു,’ ഗീതു കുറിച്ചു.
സിനിമയുടേതായി മുമ്പ് വന്ന ടീസറും യഷിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ അനൗണ്‍സ് ചെയ്ത് മൂന്ന് വര്‍ഷമായിട്ടും സിനിമ പൂര്‍ത്തിയാകാതെ വന്നപ്പോള്‍ പല അഭ്യൂഹങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വന്നപ്പോള്‍ റൈറ്റിങ് ക്രെഡിറ്റ്സില്‍ ഗീതു മോഹന്‍ദാസിനൊപ്പം യഷിന്റെ പേരും ഉള്‍പ്പെടുത്തിയിരിക്കുന്നത് പ്രേക്ഷകര്‍ കണ്ടെത്തി. ഗീതുവിന്റെ സ്‌ക്രിപ്റ്റില്‍ യഷ് കൈ കടത്തിയെന്നതിന്റെ തെളിവാണിതെന്ന് പലരും അഭിപ്രായപ്പെടുന്നു.
കെ.വി.എന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വെങ്കട്ട് കെ. നാരായണനും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും ചേര്‍ന്നാണ് ടോക്‌സിക് നിര്‍മിക്കുന്നത്. പാന്‍ ഇന്ത്യന്‍ റിലീസായാണ് ടോക്‌സിക് പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. സിനിമയില്‍ നയന്‍താര, രുക്മിണി വസന്ത്, ഹുമ ഖുറേഷി തുടങ്ങി വന്‍താരനിര തന്നെയുണ്ട്.
Content Highlight: Kiara Advani’s character poster from the movie Toxic is out