| Thursday, 12th November 2026, 10:35 am

ഇന്റിമേറ്റ് സീനുകള്‍ ചെയ്യുന്ന നായികമാര്‍ മാത്രമേ വിമര്‍ശിക്കപ്പെടാറുള്ളൂ, ഐശ്വര്യ റായ് അടക്കം ഇത്തരം ചോദ്യങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്; കിയാര അദ്വാനി

അമര്‍നാഥ് എം.

ബോളിവുഡിലെ മികച്ച നടിമാരിലൊരാളാണ് കിയാര അദ്വാനി. 2024ല്‍ ഫഗ്ലി എന്ന ചിത്രത്തിലൂടെ കരിയറാരംഭിച്ച കിയാരക്ക് ബ്രേക്ക്ത്രൂ ലഭിച്ചത് എം.എസ് ധോണിയിലൂടെയാണ്. ഹിന്ദിക്ക് പുറമെ മറ്റ് ഭാഷകളിലും താരം തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. താരത്തിന്റേതായി ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ടോക്‌സിക്.

യഷിനെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ശക്തമായ കഥാപാത്രങ്ങളിലൊന്നായിരുന്നു കിയാരയുടേത്. നാദിയ എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് കിയാര കാഴ്ചവെച്ചത്. എന്നാല്‍ റിലീസിന് മുമ്പ് പുറത്തുവിട്ട ഗാനങ്ങളില്‍ കിയാരയും യഷും തമ്മിലുള്ള ഇന്റിമേറ്റ് സീനുകള്‍ വലിയ ചര്‍ച്ചയായി. വിവാഹം കഴിഞ്ഞ കിയാര ഇത്തരം ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യുന്നത് ശരിയല്ലെന്ന് പലരും വിമര്‍ശിച്ചു.

ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് കിയാര അദ്വാനി. താനടക്കം എല്ലാ ക്രൂ മെമ്പര്‍മാരും ഒരുപാട് സന്തോഷത്തോടെയും പൂര്‍ണ മനസോടെയും ചെയ്ത ചിത്രമായിരുന്നു ടോക്‌സിക്കെന്ന് താരം പറഞ്ഞു. ഒരുപാട് പ്രതീക്ഷകളുണ്ടായിരുന്ന ചിത്രം പരാജയമായത് തനിക്ക് അംഗീകരിക്കാനായില്ലെന്നും കിയാര പറയുന്നു. കോഫി വിത് കരണില്‍ സംസാരിക്കുകയായിരുന്നു താരം.

‘ടോക്‌സിക്കിന്റെ പരാജയം ഹൃദയം തകര്‍ത്തു. ആദ്യത്തെ ദിവസം നൂറ് കോടി കളക്ഷന്‍ കിട്ടിയിരുന്നെങ്കിലും ആ സിനിമക്ക് അതൊന്നും പോരായിരുന്നു. ടോക്‌സിക്കിന്റെ പരാജയം മനസ് കൊണ്ട് അംഗീകരിക്കാന്‍ എനിക്ക് സാധിച്ചിരുന്നില്ല. കാരണം, അത്രമാത്രം സ്‌പെഷ്യലായിരുന്നു എനിക്ക് ആ സിനിമ. എന്റെ പെര്‍ഫോമന്‍സിനെ പലരും പ്രശംസിച്ചെങ്കിലും സിനിമ പരാജയമായത് വലിയ വിഷമമാണ് സമ്മാനിച്ചത്,’ കിയാര പറയുന്നു.

ചിത്രത്തില്‍ താനും യഷും തമ്മിലുള്ള ഇന്റിമേറ്റ് സീനുകളെക്കുറിച്ചുയര്‍ന്ന വിമര്‍ശനത്തിലും താരം പ്രതികരിച്ചു. നടിമാര്‍ മാത്രമേ ഇതില്‍ വിമര്‍ശിക്കപ്പെടാറുള്ളൂവെന്നും അതില്‍ എന്താണ് നിലപാട് എന്നുമായിരുന്നു കരണിന്റെ ചോദ്യം. അത്തരം വിമര്‍ശനങ്ങള്‍ ആദ്യത്തേതല്ലെന്നും തനിക്ക് മുമ്പ് ഒരുപാട് പേര്‍ ഇത്തരം അനുഭവം നേരിട്ടുണ്ടെന്നും കിയാര പറഞ്ഞു.

‘കാലങ്ങളായി നടിമാര്‍ മാത്രം നേരിടുന്ന അനുഭവമാണിത്. ഐശ്വര്യ റായ് മുതല്‍ പലരും ഇത്തരം വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുണ്ട്. അവരുടെ കാലത്തില്‍ നിന്ന് ഇപ്പോഴത്തെ കാലത്തേക്ക് വരുമ്പോഴും വലിയ മാറ്റമൊന്നുമില്ല. ഞാനും ഇത്തരം വിമര്‍ശനങ്ങളില്‍ വിഷയമായപ്പോഴാണ് ഇതിന്റെ യഥാര്‍ത്ഥ രൂപം മനസിലായത്. പക്ഷേ, അത്തരം വിമര്‍ശനങ്ങള്‍ എന്നെ ബാധിക്കാറില്ല. സിദ്ധാര്‍ത്ഥിനെയാണെങ്കില്‍ തീരെ ബാധിക്കാറില്ല. അദ്ദേഹം ഇതിലൊന്നും ബോദേര്‍ഡല്ല,’ കിയാര പറയുന്നു.

Content Highlight: Kiara Advani reacts to the criticisms for Toxic movie songs

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more