| Thursday, 1st February 2018, 4:59 pm

പുതിയ മോഡലുകളുമായി ഇന്ത്യന്‍ വിപണി പിടിച്ചടുക്കാന്‍ കിയ മോട്ടേഴ്‌സ് എത്തുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്ത്യന്‍ വിപണി കീഴടക്കാന്‍ ഹ്യുണ്ടായിയുടെ ഉപകമ്പനിയായ കിയ മോട്ടോഴ്‌സ് എത്തുന്നു. ഫെബ്രുവരിയില്‍ ദല്‍ഹിയില്‍ നടക്കുന്ന 2018 ഓട്ടോ എക്‌സ്‌പോയിലാണ് കിയയുടെ അരങ്ങേറ്റം. 2019-ഓടെ ഇന്ത്യന്‍ വിപണിയില്‍ ശക്തമായ സാന്നിധ്യമറിയിക്കാനാണ് കമ്പനിയുടെ തീരുമാനം.

ഗ്ലോബല്‍ നിരയില്‍ മുന്‍പന്തിയിലുള്ള ഇലക്ട്രിക്, പ്ലഗ് ഇന്‍ ഹൈബ്രിഡ് കാറുകള്‍ സഹിതം 16 മോഡലുകളാണ് എക്‌സ്‌പോയില്‍ പ്രദര്‍ശനത്തിനെത്തുന്നത്. ഇക്കൂട്ടത്തില്‍ പ്രധാനിയാണ് എസ്.യു.വി മോഡലായ എസ്.പി കണ്‍സെപ്റ്റ്. ഈ മോഡലിന്റെ ഗ്ലോബല്‍ ലോഞ്ചാണ് ഡല്‍ഹിയില്‍ നടക്കുക.

ഇന്ത്യന്‍ പാരമ്പര്യത്തെയും നൂതനമായ സാങ്കേതിക വിദ്യയുടെയും പ്രചോദനം ഉള്‍കൊണ്ട് രൂപകല്പന ചെയ്തിട്ടുള്ള എസ്.പി കോണ്‍സെപ്റ്റിലൂടെ ഭാവിയില്‍ പുതിയ എസ്.യു.വി വിപണിയില്‍ എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഉപകമ്പനിയായ ഹ്യുണ്ടായിയുടെ ക്രേറ്റയുമായി സാമ്യമുള്ള രൂപമാണ് എസ്.പിയുടേത്. മുന്നിലും പിന്നിലും എല്‍.ഇ.ഡി ലൈറ്റുകള്‍, ഡ്യുവല്‍ ടോണ്‍ നിറത്തിലുള്ള റൂഫ് റെയില്‍, ക്രോം ഫിനിഷിലുള്ള 5 സ്‌പോക്ക് അലോയി വീല്‍ തുടങ്ങിയവ ഫീച്ചേഴ്‌സുകളാണ്. ലക്ഷ്വറി ഫീല്‍ നല്‍കുന്നതാണ് പിന്‍ഭാഗം. കിയ ഇന്ത്യന്‍ നിരത്തിലെത്തിക്കുന്ന ആദ്യ മോഡല്‍ ഒരു മിഡ് സൈസ് എസ്.യു.വി ആയിരിക്കുമെന്നാണ് സൂചന. കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.

എസ്.പിക്ക് പുറമേ സിംഗര്‍, പികാന്റോ, റിയോ, സ്‌പോര്‍ട്ടേജ് എസ്.യു.വി, സോള്‍ കോംപാക്ട് എസ്.യു.വി, നിറോ ഇ.വി കണ്‍സെപ്റ്റ് തുടങ്ങിയ മോഡലുകളാണ് ദല്‍ഹി എക്‌സ്‌പോയില്‍ കിയ പ്രദര്‍ശിപ്പിക്കുക.

Latest Stories

We use cookies to give you the best possible experience. Learn more