ഇതിഹാസ താരങ്ങളായ ലയണൽ മെസിയെക്കാളും ക്രിസ്റ്റ്യാനോ റൊണാൾഡോയേക്കാളും കൂടുതൽ പിതാവ് കളിച്ചിരുന്ന വിഡിയോകൾ കണ്ടാണ് വളർന്നതെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് പി.എസ്.ജി സൂപ്പർതാരം ക്വിച്ച ക്വാരറ്റ്സ്ഖേലിയ.
ചെറുപ്പത്തിൽ യുട്യൂബ് ഇല്ലാത്തതുകൊണ്ട് ഡിവിഡിയിലൂടെ അച്ഛന്റെ വീഡിയോകൾ കാണാറുണ്ടായിരുന്നെന്നും പാരീസ് താരം വ്യക്തമാക്കി. കൂടുതൽ വളർന്നപ്പോഴാണ് റൊണാൾഡോയുടെയും മെസിയുടെയും ലെവൽ എന്താണെന്ന് മനസിലായതെന്നും ക്വാരറ്റ്സ്ഖേലിയ പറഞ്ഞു. ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘തുടക്കത്തിൽ എന്റെ ഹീറോ എന്റെ അച്ഛൻ തന്നെയായിരുന്നു. അന്ന് യുട്യൂബ് ഒന്നുമില്ലല്ലോ, അച്ഛന്റെ കളി കാണാൻ വേറെ വഴികളും ഇല്ലായിരുന്നു. അമ്മയുടെ കയ്യിൽ അച്ഛന്റെ ഡിവിഡി ഉണ്ടായിരുന്നു. അത് എന്താണെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. ഞാൻ അതിൽ അച്ഛന്റെ വീഡിയോസ് എപ്പോഴും കാണുകയും കണ്ട് കഴിഞ്ഞ് ‘വൗ’ എന്ന പറഞ്ഞ് ഞെട്ടിയിരിക്കും. നിനക്ക് ഇഷ്ടമുള്ള താരം ആരാണെന്ന് സുഹൃത്തുക്കൾ ചോദിക്കുമ്പോഴെല്ലാം ഞാൻ പറയും ‘എനിക്ക് മെസിയെക്കാളും റൊണാൾഡോയെക്കാളും വലുത് അച്ഛനായിരുന്നു’. പിന്നെ ഞാൻ കൂടുതൽ വളർന്നപ്പോഴാണ് അവരൊക്കെ എത്രത്തോളം വലിയ ലെവലിലാണെന്ന് മനസിലായത്,’ ക്വിച്ച ക്വാരറ്റ്സ്ഖേലിയ പറഞ്ഞു.
കഴിഞ്ഞ സീസണിൽ ഫ്രഞ്ച് വമ്പൻമാരായ പി.എസ്.ജിക്ക് യുവേഫ ചാമ്പ്യൻസ് ലീഗ് നേടിക്കൊടുക്കുന്നതിൽ വലിയ പങ്കുവഹിച്ച താരമാണ് ക്വിച്ച. യു.സി.എല്ലിൽ 16 മത്സരങ്ങളിൽ നിന്നും 10 തവണയാണ് താരം എതിരാളികളുടെ വലയിൽ പന്തെത്തിച്ചത്. ഏഴ് തവണ താരം തന്റെ സഹതാരങ്ങളെ കൊണ്ട് ഗോൾ അടിപ്പിക്കുകയും ചെയ്തു.
കഴിഞ്ഞ സീസണിൽ പി.എസ് ജിക്ക് വേണ്ടി 48 മത്സരങ്ങളിൽ കളത്തിലിറങ്ങിയ താരം 19 ഗോളുകളും 11 അസിസ്റ്റുകളും ആണ് നേടിയത്. ഒരു ഘട്ടത്തിൽ ബാലൺ ഡി ഓർ നേടാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെട്ട താരമെന്ന് വിലയിരുത്തിയ ക്വിച്ച പിന്നീട് പുറകോട്ട് പോവുകയായിരുന്നു.
Content Highlight: Khvicha Kvaratskhelia talks about childhood memories with his father