പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ സ്ഥാനം രാജിവെക്കണമെന്ന് ബി.ജെ.പി നേതാവ് ഖുശ്ബു. സ്ത്രീകളെ അപമാനിക്കുന്നവര്‍ പൊതുപദവികളില്‍ ഇരിക്കാന്‍ യോഗ്യരല്ലെന്നും ഖുശ്ബു പറഞ്ഞു. പാലക്കാട് ഗണേശോത്സവത്തിന്റെ ഭാഗമായി നടന്ന ഗണേശ വിഗ്രഹ നിമഞ്ജന ഘോഷയാത്ര ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ഖുശ്ബു.
മനുഷ്യര്‍ നിങ്ങള്‍ക്ക് മേല്‍ വെച്ചുപുലര്‍ത്തിയ വിശ്വാസത്തെ കളങ്കപ്പെടുത്തിയതുകൊണ്ട് തന്നെ രാഹുല്‍ എം.എല്‍.എ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്നും ഖുശ്ബു പറഞ്ഞു. രാഹുല്‍ ഗാന്ധി കേള്‍ക്കാന്‍ പറയുകയാണ്. നിങ്ങളും രാഹുല്‍, ഇവിടെയുള്ളതും രാഹുല്‍. ദല്‍ഹിയിലുള്ള രാഹുല്‍ ഒന്നും തന്നെ ചെയ്യുന്നില്ല. എന്നാല്‍ ഇവിടെയുള്ള രാഹുല്‍ തെറ്റായ കാര്യങ്ങള്‍ ചെയ്യുകയാണെന്നും ഖുശ്ബു പറഞ്ഞു.
ഇവിടെയുള്ള രാഹുല്‍ ചെയ്യുന്ന കാര്യങ്ങള്‍ നോക്കുമ്പോള്‍ ദല്‍ഹിയിലിരിക്കുന്ന രാഹുലില്‍ നിന്ന് വലിയ വ്യത്യാസമൊന്നും ഇല്ലെന്നാണ് തോന്നുന്നതെന്നും ഖുശ്ബു ആരോപിച്ചു.
ദല്‍ഹിയിലിരിക്കുന്ന രാഹുല്‍ പറയുന്നത് താന്‍ ശിവഭക്തനെന്നാണ്. എപ്പോഴാണ് അദ്ദേഹത്തിന് ശിവഭക്തി വരുന്നത് തെരഞ്ഞെടുപ്പ് വരുമ്പോഴാണ് രാഹുല്‍ ഗാന്ധിക്ക് ശിവഭക്തി ഉണ്ടാകുന്നത്. ബാക്കിയുള്ള സമയത്തെല്ലാം രാഹുല്‍ ഗാന്ധി ബാങ്കോക്കിലാണെന്നും ഖുശ്ബു ആരോപിച്ചു.
ഒരു ഉപതെരഞ്ഞെടുപ്പുണ്ടായാല്‍ ബി.ജെ.പി ജയിക്കുമെന്ന് അറിയുന്നതിനാലാണ് രാഹുലിനെക്കൊണ്ട് രാജിവെപ്പിക്കാത്തതെന്നും ഖുശ്ബു പറഞ്ഞു. രാഹുലിനെക്കൊണ്ട് രാജിവെപ്പിച്ച് ഒരു ഉപതെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്നും ഖുശ്ബു വെല്ലുവിളിച്ചു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ എന്താണ് ചെയ്യുന്നതെന്നും ഖുശ്ബു ചോദിച്ചു.
അതേസമയം രാഹുലിനെതിരെ ഇന്നലെ (ബുധന്‍) ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. ബി.എന്‍.എസ് വകുപ്പുകള്‍ പ്രകാരമാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തത്. സംസ്ഥാന പൊലീസ് മേധാവി റവാഡാ ചന്ദ്രശേഖറിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് സ്വമേധയാ കേസെടുക്കുകയായിരുന്നു.
സ്ത്രീകളെ ശല്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയത്. ഇന്നലെ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ സ്ഥാനം രാജിവെക്കണമെന്നും ഗര്‍ഭിണിയെ കൊല്ലാന്‍ സമയംവേണ്ട എന്നുപോലും രാഹുല്‍ പറയുന്നുവെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.
ഇതിനുപിന്നാലെയാണ് രാഹുലിനെതിരെ കേസെടുക്കാന്‍ സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശം നല്‍കിയത്. നിലവില്‍ രാഹുലിനെതിരായ ആരോപണങ്ങളില്‍ യുവതികള്‍ നേരിട്ട് പരാതികള്‍ നല്‍കിയിട്ടില്ല.
എന്നാല്‍ എം.എൽ.എക്കെതിരെ പുറത്തുവന്ന ശബ്ദ സന്ദേശങ്ങളിലും രാഹുലിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ക്രിമിനല്‍ സംഘത്തെ കുറിച്ചും അന്വേഷണം ആവശ്യപ്പെട്ടുള്ള രണ്ട് പരാതികള്‍പൊലീസ് സ്വീകരിച്ചിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷന് മുമ്പാകെയും പരാതിയുണ്ട്.
Content Highlight: Khushbu wants Rahul Mamkootathil to resign