| Friday, 14th November 2025, 8:12 pm

ഖുശ്ബുവിന്റെ കൂടെ ഐറ്റം ഡാന്‍സ് വേണമെന്ന് രജിനി ചോദിച്ചോയെന്ന് ട്വീറ്റ്, നിന്റെ വീട്ടില്‍ നിന്ന് ആരെയും കിട്ടിയില്ലെന്ന് ഖുശ്ബുവിന്റെ മറുപടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തലൈവര്‍ 173 എന്ന് പേരിട്ട പ്രൊജക്ടില്‍ നിന്ന് സുന്ദര്‍ സി പിന്മാറിയതാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. അനൗണ്‍സ് ചെയ്ത് നാല് ദിവസം പിന്നിടുമ്പോഴായിരുന്നു ഒഴിവാക്കാനാകാത്ത കാരണത്താല്‍ പിന്മാറുകയാണെന്ന് സുന്ദര്‍ സി അറിയിച്ചത്. ഇതിന് പിന്നാലെ തമിഴ് പേജുകളില്‍ നിരവധി ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

എന്നാല്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ ഒരാള്‍ പങ്കുവെച്ച പോസ്റ്റാണ് പലരുടെയും ചര്‍ച്ചാവിഷയം. സുന്ദര്‍ സിയുടെ പങ്കാളിയും നടിയുമായ ഖുശ്ബുവിനൊപ്പം രജിനികാന്ത് ഐറ്റം ഡാന്‍സ് ആവശ്യപ്പെട്ടതുകൊണ്ടാണോ ചിത്രത്തില്‍ നിന്ന് സംവിധായകന്‍ പിന്മാറിയതെന്ന് ചോദിച്ചുകൊണ്ടായിരുന്നു എക്‌സിലെ പോസ്റ്റ്.

ആക്രോശ ഭക്തന്‍ എന്ന ഐഡിയില്‍ നിന്നാണ് പോസ്റ്റ് പങ്കുവെച്ചത്. രജിനികാന്ത് ഷോര്‍ട്‌സും ബനിയനും ധരിച്ചുകൊണ്ട് ഫോട്ടോയോട് കൂടിയാണ് പോസ്റ്റ് പങ്കുവെച്ചത്. വിജയ് ആരാധകനാണ് ഇയാളെന്ന് പലരും പോസ്റ്റിന് താഴെ കമന്റുകള്‍ പങ്കുവെക്കുന്നുണ്ട്. എന്നാല്‍ ഇതിന് ഖുശ്ബു നല്കിയ മറുപടിയാണ് പലരുടെയും ശ്രദ്ധ ആകര്‍ഷിച്ചത്.

‘ഇല്ല, നിന്റെ വീട്ടില്‍ നിന്ന് ആരെയെങ്കിലും ഡാന്‍സ് ചെയ്യിക്കാമെന്ന് വിചാരിച്ചു’ എന്നാണ് ഖുശ്ബു നല്കിയ മറുപടി. ഈ പോസ്റ്റിന്റെയും മറുപടിയുടെയും സ്‌ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. ഇത്രയും നല്ല മറുപടി അയാള്‍ ഒരിക്കലും വിചാരിച്ചില്ലെന്നാണ് ഖുശ്ബുവിന്റെ കമന്റിന് താഴെ പലരും കുറിച്ചത്.

അന്‍പേ ശിവം, അരുണാചലം, മുറൈ മാമന്‍ തുടങ്ങി സൂപ്പര്‍ഹിറ്റുകളൊരുക്കിയ സംവിധായകനാണ് സുന്ദര്‍ സി. എന്നാല്‍ സമീപകാലങ്ങളില്‍ അദ്ദേഹം കൊമേഴ്‌സ്യലായിട്ടുള്ള സിനിമകളില്‍ കൂടുതല്‍ ശ്രദ്ധ നല്കിയത് വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു. അരന്മനൈ ഫ്രാഞ്ചൈസിയിലെ ഗ്ലാമര്‍ ഗാനങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു.

കമല്‍ ഹാസന്റെ ഉടമസ്ഥതയിലുള്ള രാജ് കമല്‍ ഫിലിംസാണ് തലൈവര്‍ 173യുടെ നിര്‍മാതാക്കള്‍. 40 വര്‍ഷങ്ങള്‍ക്ക് ശേഷം രജിനിയും കമലും ഒന്നിക്കുന്ന പ്രൊജക്ടിന്റെ സംവിധായകന്‍ ആരായിരിക്കുമെന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് സുന്ദര്‍ സിക്ക് നറുക്കുവീണത്. ഇപ്പോള്‍ അദ്ദേഹം പിന്മാറിയതോടെ പകരം ആരാകുമെന്ന ചര്‍ച്ചകള്‍ വീണ്ടും സജീവമായിരിക്കുകയാണ്.

Content Highlight: Khushboo’s reply to the tweet viral in social media

We use cookies to give you the best possible experience. Learn more