ഹൈദരാബാദ്: മുസ്‌ലിം മതപ്രകാരം വിവാഹ മോചനം നേടുന്നതിനുള്ള ഖുല പ്രകാരമുള്ള മോചനത്തിന് പുരുഷന്റെ സമ്മതം ആവശ്യമില്ലെന്ന് തെലങ്കാന ഹൈക്കോടതി. ഖുല പ്രകാരം വിവാഹമോചനം നേടാന്‍ മുസ്‌ലിം സ്ത്രീക്ക് അവകാശമുണ്ടെന്നും ഭര്‍ത്താവിന്റെ സമ്മതമോ മറ്റോ അതിന് ആവശ്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ജസ്റ്റിസ് മൗഷുമി ഭട്ടാചാര്യയും ജസ്റ്റിസ് ബി.ആര്‍. മധുസൂധന്‍ റാവുവും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. ഖുല വഴി ഭാര്യക്ക് ഏകപക്ഷീയമായി വിവാഹമോചനം നേടാമെന്നും ഭര്‍ത്താവിന്റെ അംഗീകാരമോ മുഫ്തിയോ ദാര്‍-ഉല്‍-ഖാസയോ ഖുലനാമ നല്‍കുന്നതോ ആവശ്യമില്ലെന്നും ഇസ്‌ലാമിക നിയമപ്രകാരം പറയുന്നുണ്ടെന്ന് കോടതി വ്യക്തമാക്കി.
വിവാഹ തര്‍ക്കങ്ങള്‍ക്ക് മധ്യസ്ഥത വഹിക്കുന്ന ഒരു എന്‍.ജി.ഒ ആയ സദാ-ഇ-ഹഖ് ഷരായ് കൗണ്‍സിലിനെ ഭാര്യ സമീപിച്ചതിനെത്തുടര്‍ന്ന് ഭാര്യയുടെ ഖുലയെ എതിര്‍ത്ത് ഭര്‍ത്താവ് സമര്‍പ്പിച്ച അപ്പീലിലാണ് കോടതി ഉത്തരവ് പുറത്തിറക്കിയത്.
വിവാഹബന്ധം വേര്‍പെടുത്താനുള്ള സ്ത്രീയുടെ സ്വതന്ത്രമായ അവകാശത്തെ മറികടക്കാന്‍ മതസംഘടനയ്ക്ക് അവകാശമുണ്ടെന്നും മതസംഘടനകള്‍ ഉപദേശക പങ്ക് മാത്രമേ വഹിക്കുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ഖുല പ്രകാരം അപേക്ഷ നല്‍കുകയും സ്ത്രീകള്‍ മഹര്‍ തിരികെ നല്‍കാന്‍ തയ്യാറാണോയെന്ന് സ്ഥിരീകരിക്കുക തുടങ്ങിയ കാര്യങ്ങള്‍ മാത്രമേ കുടുംബ കോടതിക്ക് ചെയ്യാന്‍ കഴിയുകയുള്ളൂവെന്നും വിചാരണയിലേക്കെത്തരുതെന്നും കോടതി വ്യക്തമാക്കി.
വിവാഹമോചനത്തിന് പുരുഷന്‍ സമ്മതം നല്‍കാത്തതിനെ തുടര്‍ന്നാണ് യുവതി കൗണ്‍സിലിനെ സമീപിച്ചത്. പിന്നീട് കുടുംബ കോടതിയും അതിനെ എതിര്‍ക്കുകയായിരുന്നു. എന്നാല്‍ ഇതിനെ എതിര്‍ത്ത തെലങ്കാന ഹൈക്കോടതി, സ്ത്രീയുടെ സ്വന്തം അവകാശത്തെ ഖുല ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് വ്യക്തമാക്കി.
നേരത്തെ ഖുല പ്രകാരം വിവാഹ മോചനം നേടുന്നതിന് പുരുഷന്റെ അനുമതി ആവശ്യമില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ജസ്റ്റിസ് എ. മുഹമ്മദ് മുസ്താഖ്, ജസ്റ്റിസ് സി.എസ് ഡയസ് എന്നിവരാണ് വിധി പ്രഖ്യാപിച്ചത്.
Content Highlight: Khula; Man’s consent not required to get divorce: Telangana High Court