കലബുറഗി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ ഹിറ്റ്‌ലറുടെ ഭരണത്തിന് സമാനമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. സ്വേച്ഛാധിപത്യപരമായ നയങ്ങളാണ് എന്‍.ഡി.എ സര്‍ക്കാര്‍ പിന്തുടരുന്നതെന്നും ഖാര്‍ഗെ പറഞ്ഞു. കലബുറഗിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ ജനാധിപത്യ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തുകയും അധികാരം തങ്ങളിലേക്ക് കേന്ദ്രീകരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുവെന്ന് ഖാര്‍ഗെ അഭിപ്രായപ്പെട്ടു. സര്‍ക്കാരിന്റെ ഭരണരീതി ഹിറ്റ്ലര്‍ക്ക് സമാനമായതാണ്. എന്‍.ഡി.എ സഖ്യത്തെ പിന്തുണച്ചിരുന്ന ചിലരും രാഷ്ട്രീയ സഖ്യകക്ഷികളും തങ്ങളുടെ ബന്ധത്തെക്കുറിച്ച് മാറിച്ചിന്തിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്നും ഖാര്‍ഗെ പറഞ്ഞു.
എന്‍.ഡി.എയ്ക്കുള്ളില്‍ അതൃപ്തി വളരുകയാണ്. എന്‍.ഡി.എയെ പിന്തുണച്ചിരുന്ന നേതാക്കള്‍ ഇപ്പോള്‍ ഖേദം പ്രകടിപ്പിക്കുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ക്രമക്കേടുകളെക്കുറിച്ച് വോട്ടര്‍മാര്‍ക്ക് ബോധ്യം വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തട്ടിപ്പുകള്‍ നടന്നുവെന്ന വാദവും ഖാര്‍ഗെ ആവര്‍ത്തിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ പ്രധാനമന്ത്രി മോദിയെയും ബി.ജെ.പി നേതൃത്വത്തെയും പിന്തുണക്കുകയാണ്. വ്യാജ വോട്ടുകള്‍, തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനം എന്നിവയെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് പ്രധാനമന്ത്രിയില്‍ നിന്ന് മതിയായ മറുപടി ലഭിച്ചില്ലെന്നും ഖാര്‍ഗെ പറഞ്ഞു.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ ലക്ഷ്യമിട്ടാണ് ബി.ജെ.പി തങ്ങളുടെ രാഷ്ട്രീയ ആക്രമണങ്ങള്‍ നടത്തുന്നതെന്നും ഖാര്‍ഗെ പറഞ്ഞു. രാജ്യത്തെ എല്ലാവരുടെയും ഭാവിക്കുവേണ്ടിയാണ് തങ്ങള്‍ പോരാടുന്നത്. ജനാധിപത്യ സ്ഥാപനങ്ങളെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നും ഖാര്‍ഗെ പറഞ്ഞു.
സര്‍വകലാശാലകളിലെ അധ്യാപകരുടെ കുറവിനെയും ഖാര്‍ഗെ വിമര്‍ശിച്ചു. വിദ്യാഭ്യാസത്തിന് മതിയായ ശ്രദ്ധ നല്‍കാത്തത് യുവാക്കളെ ബാധിക്കുകയും, പ്രധാനമന്ത്രിയിലുള്ള അവരുടെ വിശ്വാസം നഷ്ടപ്പെടുത്തുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Kharge accuses Modi government of ‘Hitler-like rule’