| Tuesday, 9th September 2025, 10:42 pm

ഷാരൂഖും സല്‍മാനും ആമിറും മുതല്‍ രാജമൗലി വരെ, അരങ്ങേറ്റത്തില്‍ തന്നെ വമ്പന്‍ സ്റ്റാര്‍ കാസ്റ്റിനെ ലഭിച്ച സംവിധായകനായി ആര്യന്‍ ഖാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

താരപുത്രന്മാര്‍ക്ക് എളുപ്പം സിനിമയില്‍ അവസരം ലഭിക്കുന്ന ഇന്‍ഡസ്ട്രിയെന്ന് പലരും ബോളിവുഡിനെ വിശേഷിപ്പിക്കാറുണ്ട്. കപൂര്‍, ഖാന്‍ എന്നീ സര്‍നെയിമുകളുള്ളവര്‍ക്ക് സിനിമാപ്രവേശനം എളുപ്പമാണെന്ന് ബോളിവുഡിനെ ട്രോളിക്കൊണ്ട് പലരും സംസാരിക്കാറുണ്ട്. നെപ്പോട്ടിസം വലിയ കാര്യമായി കൊണ്ടുനടക്കുന്നത് ബോളിവുഡിനെ വിമര്‍ശിക്കാനുള്ള കാരണമായും പലരും കണക്കാക്കുന്നുണ്ട്.

ബോളിവുഡില്‍ നിന്ന് വരാനിരിക്കുന്ന ഒരു സിരീസാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. നെറ്റ്ഫ്‌ളിക്‌സ് പുറത്തിറക്കുന്ന ബാ***ഡ്‌സ് ഓഫ് ബോളിവുഡ് എന്ന സീരീസിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. ബോളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനാണ് സിരീസ് സംവിധാനം ചെയ്യുന്നത്.

ആര്യന്റെ ആദ്യ സംവിധാന സംരംഭം തന്നെ ഇന്ത്യന്‍ സിനിമയിലെ ചര്‍ച്ചാവിഷയമാണ്. ബോളിവുഡിലെ ഖാന്‍ ത്രയങ്ങളായ ഷാരൂഖ്, സല്‍മാന്‍, ആമിര്‍ എന്നിവര്‍ ഈ സിരീസില്‍ അതിഥിവേഷത്തിലെത്തുന്നുണ്ട്. ഇന്‍ഡസ്ട്രിയുടെ ചരിത്രത്തില്‍ ഇന്നേവരെ മൂവരും ഒന്നിച്ചിട്ടില്ല. ഷാരൂഖും സല്‍മാനും പലപ്പോഴും ഒന്നിച്ചിട്ടുണ്ടെങ്കിലും ആമിര്‍ ഖാന്‍ ഇവരോടൊപ്പം ഒന്നിച്ചിട്ടില്ല. ബാ***ഡ്‌സ് ഓഫ് ബോളിവുഡില്‍ മൂവരും ഒന്നിച്ച് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം.

കില്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ രാഘവ് ജുയലും ലക്ഷ്യയുമാണ് സിരീസിലെ പ്രധാന താരങ്ങള്‍. ബോളിവുഡിലെ പുതിയ സെന്‍സേഷനായ ആസ്മാന്‍ ഖാന്‍ എന്ന കഥാപാത്രത്തെയാണ് ലക്ഷ്യ അവതരിപ്പിക്കുന്നത്. ആരുടെയും സപ്പോര്‍ട്ടില്ലാതെ ഇന്‍ഡസ്ട്രിയിലെത്തിയ ആസ്മാന് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളാണ് സിരീസിന്റെ ഇതിവൃത്തം.

സെമി സ്പൂഫ് ഴോണറിലൊരുങ്ങുന്ന സിരീസില്‍ ബോബി ഡിയോളാണ് വില്ലനായി എത്തുന്നത്. കരിയറിലെ സെക്കന്‍ഡ് ഇന്നിങ്‌സില്‍ വില്ലനായി വിസ്മയിപ്പിക്കുന്ന ബേബി ഇത്തവണയും ഞെട്ടിക്കുമെന്ന് ട്രെയ്‌ലര്‍ വ്യക്തമാക്കുന്നുണ്ട്. സഹേര്‍ ബംബയാണ് സിരീസിലെ നായിക. ബോളിവുഡിലെ കുടുംബവാഴ്ചയെ കളിയാക്കുന്ന സിരീസാകും ഇതെന്ന് ട്രെയ്‌ലര്‍ സൂചന നല്‍കുന്നുണ്ട്.

ഇന്ത്യന്‍ സിനിമയിലെ പലരും ബാ***ഡ്‌സ് ഓഫ് ബോളിവുഡില്‍ അതിഥിവേഷത്തിലെത്തുന്നുണ്ട്. രാജമൗലി, കരണ്‍ ജോഹര്‍, ദിശ പഠാനി, രണ്‍ബീര്‍ കപൂര്‍, രണ്‍വീര്‍ സിങ് എന്നിവരുടെ സാന്നിധ്യവും സിരീസിനെ വ്യത്യസ്തമാക്കുന്നു. ഷാരൂഖിന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്റര്‍ടൈന്മെന്റ്‌സാണ് സിരീസ് നിര്‍മിച്ചിരിക്കുന്നത്‌. സെപ്റ്റംബര്‍ 18ന് സിരീസ് സ്ട്രീം ചെയ്യും. ആദ്യ സംവിധാന സംരംഭം ആര്യന് എത്രത്തോളം മികച്ചതാക്കാനാകുമെന്ന് കാണാന്‍ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.

Content Highlight: Khan trio and Rajmaouli is going to be part in Aryan Khan’s directorial debut

We use cookies to give you the best possible experience. Learn more