| Sunday, 22nd June 2025, 9:11 am

മകന്‍ മോജ്തബയല്ല; ഇറാന്റെ അടുത്ത പരമോന്നത നേതാവിന്റെ പട്ടിക ഖാംനഇ നിര്‍ദേശിച്ചതായി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെഹ്‌റാന്‍: ഇസ്രഈല്‍-ഇറാന്‍ സംഘര്‍ഷത്തിനിടെ ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ തന്റെ പിന്‍ഗാമിയാകേണ്ട ആളുകളുടെ പേര് നിര്‍ദേശിച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍ ഖാംനഇ നിര്‍ദേശിച്ച പട്ടികയില്‍ മകന്‍ മൊജ്തബയുടെ പേര് ഇല്ലെന്നാണ് സൂചന. എന്നാല്‍ ആരൊക്കെയാണ് ഖാംനഇ നിര്‍ദേശിച്ച പട്ടികയില്‍ ഉള്ളതെന്ന് വ്യക്തമായിട്ടില്ല. മൂന്ന് ഇറാനിയന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഇറാന്റെ അടുത്ത പരമോന്നത നേതാവിനെ തെരഞ്ഞെടുക്കാന്‍ ചുമതലയുള്ള പുരോഹിത സമിതിയായ അസംബ്ലി ഓഫ് എക്‌സ്‌പെര്‍ട്ടിനോട്, താന്‍ വ്യക്തിപരമായി മുന്നോട്ടുവച്ച മൂന്ന് പേരുകളില്‍ നിന്ന് ഒരാളെ തെരഞ്ഞെടുക്കാന്‍ ഖാംനഇ നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

പിന്‍ഗാമിക്ക് പുറമെ ഇസ്രഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനിക മേധാവികള്‍ക്ക് പകരക്കാരെ നിയമിക്കാനും ഖാംനഇ നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

ഇറാനെതിരായ ഇസ്രഈല്‍ ആക്രമണത്തിനിടയില്‍ ഇറാന്‍ പരമോന്നത നേതാവായ ഖാംനഇക്കെതിരെ നിരന്തരമായി വധഭീഷണികള്‍ ഉയര്‍ന്നിരുന്നു. ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഇസ്രഈല്‍ പ്രതിരോധ മന്ത്രി ഇസ്രഈല്‍ കാറ്റ്‌സും ഖാംനഇയെ താഴെയിറക്കും വരെ ആക്രമണം തുടരുമെന്ന് അവകാശപ്പെട്ടിരുന്നു. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ഖാംനഇ പിന്‍ഗാമികളെ നിര്‍ദേശിച്ചതെന്നാണ് സൂചന. നിലവില്‍ ഖാംനഇ ബങ്കറിനുള്ളില്‍ സുരക്ഷിതനാണെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

സാധാരണ സാഹര്യങ്ങളില്‍ പരമോന്നത നേതാവിന്റെ പിന്‍ഗാമിയെ നിയമിക്കുന്നതിനിന് മാസങ്ങളോളം സമയം എടുക്കാറുണ്ട്. എന്നാല്‍ നിലവിലെ യുദ്ധസാഹചര്യത്തില്‍ ഇറാനേയും അതിന്റെ പൈതൃകത്തേയും സംരക്ഷിക്കേണ്ടതിന്റെ ഭാഗമായാണ് വേഗത്തില്‍ ഇത്തരമൊരു തീരുമാനം എടുത്തതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

ഖാംനഇയെ വധിക്കാന്‍ തങ്ങള്‍ക്ക് ഇതുവരെ പദ്ധതിയില്ലെന്ന് നേരത്തെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നെങ്കിലും ഇറാനെതിരായ യുദ്ധത്തില്‍ അമേരിക്ക കൂടി പങ്കാളികള്‍ ആയതോടെ ആശങ്കാജനകമായ സാഹചര്യമാണ് ഇപ്പോള്‍ ഇറാനിലുള്ളത്.

മുമ്പ് ഖാംനഇയുടെ ആരോഗ്യനില വഷളായപ്പോള്‍ അടുത്ത പരമോന്നത നേതാവായി ഖാംനഇയുടെ രണ്ടാമത്തെ മകനായ മൊജ് തബ ഖാംനഇയെ തെരഞ്ഞെടുത്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ആരാണ് മൊജ് തബ?

പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ രണ്ടാമത്തെ മകനായമൊജ് തബ 1969ല്‍ മഷ്ഹദിലാണ് ജനിച്ചത്. പിന്നീട് ദൈവശാസ്ത്രം പഠിച്ച് പുരോഹിതനായി. ഇപ്പോള്‍ കോം സെമിനാരിയില്‍ ദൈവശാസ്ത്ര അധ്യാപകനായി പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം.

അഹമ്മദി നെജാദിന്റെ പ്രസിഡന്‍ഷ്യല്‍ വിജയത്തിനുശേഷം, 2009 ജൂണില്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നവരുടെ ചുമതല വഹിച്ചിരുന്നത് മൊജ്തബയ്ക്കായിരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

Content Highlight: Khamenei reportedly suggested names for Iran’s next supreme leader, not son Mojtaba

We use cookies to give you the best possible experience. Learn more