| Monday, 28th September 2026, 9:38 pm

ഹോര്‍മുസ് സംരക്ഷകരില്‍ നിന്ന് അവര്‍ക്ക് തിരിച്ചടിയേറ്റു; അറബിക്കടലില്‍ അവരുടെ സാന്നിദ്ധ്യം ഇല്ലാതാകും: യു.എസിനെതിരെ ഖാംനഇ

റെന്വര്‍ പി

ടെഹ്‌റാന്‍: അറബിക്കടലില്‍ യു.എസിന്റെ സൈനിക സാന്നിദ്ധ്യം പൂര്‍ണമായി ഇല്ലാതാവുന്ന കാലം വിദൂരമല്ലെന്ന് ഇറാന്‍ പരമോന്നത നേതാവ് മൊജ്തബ ഖാംനഇ. ഇറാന്റെ ശത്രുക്കള്‍ തിരിച്ചുകൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന വിദേശാധിപത്യത്തിന്റെ കാലം അവസാനിച്ചു. അത് ഒരിക്കലും തിരിച്ചുവരില്ലെന്നും ഖാംനഇ ഒരു സന്ദേശത്തില്‍ പറഞ്ഞു.

ഒരിക്കല്‍ ഇറാന്റെ തെക്കന്‍ ഭാഗത്തുള്ള രണ്ട് കടല്‍മേഖലകള്‍ ശത്രുസേനയ്ക്ക് ഒരു കളിക്കളം പോലെയായിരുന്നു. എന്നാല്‍ ധീരരായ ഇറാനിയന്‍ പോരാളികളില്‍ നിന്നും ഹോര്‍മുസ് കടലിടുക്കിന്റെ സംരക്ഷകരില്‍ നിന്നും ഏറ്റ കനത്ത തിരിച്ചടികള്‍ കാരണം അവര്‍ക്ക് ഇപ്പോള്‍ അറബിക്കടലിനപ്പുറത്തേക്ക് കടക്കാന്‍ ധൈര്യമില്ലെന്നും യു.എസിനെക്കുറിച്ച് ഖാംനഇ പറഞ്ഞു.

 അത്തരം സാഹസത്തിന് മുതിരുമ്പോഴെല്ലാം അവര്‍ക്ക് തന്നെയായിരുന്നു നഷ്ടമുണ്ടായത്. അറബിക്കടലില്‍ നിന്നും അവരുടെ സാന്നിധ്യം പൂര്‍ണ്ണമായും നീക്കം ചെയ്യപ്പെടുന്ന കാലം വിദൂരമല്ലെന്നും ഖാംനഇ കൂട്ടിച്ചേര്‍ത്തു.

1980ലെ ഇറാന്‍-ഇറാഖ് യുദ്ധത്തിന്റെ തുടക്കവും അന്തരിച്ച ഹിസ്ബുള്ള നേതാവ് സയ്യിദ് ഹസ്സന്‍ നസ്റല്ലയുടെ രക്തസാക്ഷിത്വത്തിന്റെ രണ്ടാം വാര്‍ഷികത്തെയും അനുസ്മരിക്കുന്ന ‘വിശുദ്ധ പ്രതിരോധ വാര’ത്തോടനുബന്ധിച്ച് തിങ്കളാഴ്ച നല്‍കിയ സന്ദേശത്തിലാണ് ഖാംനഇയുടെ പ്രതികരണം.

‘പിന്നാക്കാവസ്ഥ, അപമാനം, അധപതനം, ആശ്രയത്വം, ഇസ്ലാമിക ലോകത്ത് ഇറാനുണ്ടായിരുന്ന ദുഷ്‌പേര് എന്നിവയുടെ കാലഘട്ടത്തിലേക്ക് നമ്മുടെ രാജ്യത്തെ തിരികെ കൊണ്ടുപോകാനാണ് ശത്രുക്കള്‍ ആഗ്രഹിക്കുന്നത്,’ എന്നും ഖാംനഇ അഭിപ്രായപ്പെട്ടു.

‘എന്നാല്‍, നാം ഇപ്പോള്‍ ജീവിക്കുന്നത് പുരോഗതിയും അന്തസ്സും സ്വാതന്ത്ര്യവും നിറഞ്ഞതും ഇസ്ലാമിക ലോകത്തും ലോകമെമ്പാടും തന്നെ ഉന്നതമായ ബഹുമാനം കൈവരിച്ചതുമായ ഒരു കാലഘട്ടത്തിലാണ്. ഇന്ന് ചിലര്‍ നമ്മളെ ലോകത്തിലെ നാലാമത്തെ വന്‍ശക്തിയായി കണക്കാക്കുന്നു. ഭൗതികമായ കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിലാണ് അവര്‍ അങ്ങനെ പറയുന്നത്,’ ഖാംനഇ പറഞ്ഞു.

‘ധീരമായ പങ്കാളിത്തം ആവശ്യമുള്ള ചില മേഖലകളില്‍ ഇറാനിയന്‍ സ്ത്രീകള്‍ ഇപ്പോള്‍ പുരുഷന്മാരേക്കാള്‍ മുന്നിലാണ്, ഹോര്‍മുസ് കടലിടുക്കിന്റെ സംരക്ഷണം ഉള്‍പ്പെടെയുള്ള തങ്ങളുടെ ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി വിവിധ സാമൂഹിക വിഭാഗങ്ങള്‍ നിലകൊള്ളുന്നുണ്ട്,’ എന്നും അദ്ദേഹം പറഞ്ഞു.

ഹിസ്ബുല്ല മുന്‍ തലവന്‍ ഹസന്‍ നസ്‌റല്ലയെ സന്ദേശത്തില്‍ ഖാംനഇ അനുസ്മരിച്ചു. നസ്റല്ലയെ ഒരു ധീരനായ അറബ് വ്യക്തിത്വമാണെന്നും പ്രതിരോധ മുന്നണിയുടെ മഹത്തായ പ്രതീകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വര്‍ഷങ്ങളോളം ചില ശക്തികളുടെ ‘പിന്‍മുറ്റം’ മാത്രമായി കണക്കാക്കപ്പെട്ടിരുന്ന ലെബനന്റെ പേരും അന്തസ്സും നസ്റല്ല ഉയര്‍ത്തി. വിജയവും നേട്ടങ്ങളും എപ്പോഴും നസ്റല്ലയ്ക്കൊപ്പം ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ‘അഭിമാനകരമായ പതാക’ ഇപ്പോള്‍ ഹിസ്ബുള്ള സെക്രട്ടറി ജനറല്‍ ഷെയ്ഖ് നഈം ഖാസിമിന്റെ കൈകളിലാണ്. അദ്ദേഹം ആ പാത ധീരമായി മുന്നോട്ട് കൊണ്ടുപോകുകയാണെന്നും ഖാംനഇ പറഞ്ഞു.

പ്രതിരോധ പക്ഷത്തുള്ളവരെ സംബന്ധിച്ചിടത്തോളം ലെബനനിലെ ഈ ദിവസങ്ങള്‍ പ്രധാനപ്പെട്ടതും അഭിമാനകരവുമായ നാളുകളാണ്. എന്നാല്‍ ആധിപത്യ ശക്തികളുടെ വാഗ്ദാനങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ചവര്‍ക്ക് ഇത് അപമാനത്തിന്റെയും നാണക്കേടിന്റെയും നാളുകളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘രക്തസാക്ഷിയായ നസ്റല്ല, സയ്യിദ് ഹാഷിം സഫിയുദ്ദീന്‍, നിലവിലെ പ്രതിരോധ പോരാളികള്‍ എന്നിവരുടെ പൈതൃകം തിളങ്ങുന്ന നക്ഷത്രങ്ങളെപ്പോലെ പ്രകാശിച്ചുകൊണ്ടേയിരിക്കും. എന്നാല്‍ ഇതിന് വിപരീതമായ പാത തിരഞ്ഞെടുത്തവര്‍ ചരിത്രത്തിന്റെ താളുകളില്‍ വേഗത്തില്‍ വിസ്മൃതിയിലാകുകയും കുഴിച്ചുമൂടപ്പെടുകയും ചെയ്യും.

ഭാവിയില്‍ ഇവരെക്കുറിച്ച് ഓര്‍ക്കുമ്പോഴെല്ലാം, ദുരുദ്ദേശ്യങ്ങള്‍, തെറ്റായ തീരുമാനങ്ങള്‍, ഒരുപക്ഷേ വഞ്ചന എന്നിവയുമായി ബന്ധപ്പെടുത്തിയായിരിക്കും അവരെ സ്മരിക്കുക,’ ഖാംനഇ പറഞ്ഞു.

Content Highlight: Khamenei in written message: ‘The Arabian Sea will soon be purged of the enemy’s presence’

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more