| Saturday, 6th September 2025, 3:29 pm

ഖലിസ്ഥാനികള്‍ക്കും ഹമാസിനും ഹിസ്ബുല്ലയ്ക്കും കാനഡയില്‍ നിന്ന് ധനസഹായം ലഭിക്കുന്നു: കനേഡിയന്‍ സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഒട്ടാവ: ഖലിസ്ഥാനി ഗ്രൂപ്പുകള്‍ ഉള്‍പ്പടെയുള്ള തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ക്ക് കാനഡയ്ക്കുള്ളില്‍നിന്ന് ധനസഹായവും പിന്തുണയും ലഭിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്.

കനേഡിയന്‍ ധനകാര്യവകുപ്പ് പുറത്തുവിട്ട ‘കാനഡയിലെ കള്ളപ്പണം വെളുപ്പിക്കലിന്റെയും തീവ്രവാദ സാമ്പത്തികസഹായത്തിന്റെയും വിലയിരുത്തല്‍-2025’ എന്ന റിപ്പോര്‍ട്ടിലാണ് ഖലിസ്ഥാനെ കുറിച്ചും പരാമര്‍ശമുള്ളത്.

ഇതാദ്യമായാണ് തീവ്രവാദത്തിന് രാജ്യത്തിനകത്തുനിന്നും സഹായം ലഭിക്കുന്നുണ്ടെന്ന് കാനഡ തുറന്നുപറഞ്ഞിരിക്കുന്നത്.

രാഷ്ട്രീയനേട്ടത്തിനും സ്വന്തമായ ആശയങ്ങള്‍ക്ക് വേണ്ടിയും അക്രമത്തെ കൂട്ടുപിടിക്കുന്ന സംഘങ്ങളുടെ കൂട്ടത്തിലാണ് ഖലിസ്ഥാന്‍വാദികളായ രണ്ട് ഗ്രൂപ്പുകളെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

തീവ്രവാദികളെന്നാണ് ഈ രണ്ട് ഗ്രൂപ്പിനേയും വിശേഷിപ്പിച്ചിരിക്കുന്നത്. ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണല്‍, ഇന്റര്‍നാഷണല്‍ സിഖ് യൂത്ത് ഫെഡറേഷന്‍ എന്നീരണ്ട് ഖലിസ്ഥാനി ഗ്രൂപ്പുകളെയാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്.

ഖലിസ്ഥാനി ഗ്രൂപ്പുകള്‍ക്ക് പുറമെ, ഹമാസ്, ഹിസ്ബുല്ല തുടങ്ങിയ സംഘടനകള്‍ക്കും കാനഡയില്‍ നിന്നും സാമ്പത്തികസഹായം ലഭിക്കുന്നുണ്ടെന്ന് ലോ എന്‍ഫോഴ്‌സ്‌മെന്റും ഇന്റലിജന്‍സ് ഏജന്‍സികളും കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

മുമ്പ് ഈ സംഘടനകള്‍ക്ക് ധനസഹായം നല്‍കുന്ന വലിയ ശൃംഖലകള്‍ രാജ്യത്ത് ഉണ്ടായിരുന്നു, എന്നാലിപ്പോള്‍ ഈ ഗ്രൂപ്പുകളുമായി പ്രത്യക്ഷത്തില്‍ ബന്ധമൊന്നുമില്ലാത്ത, എന്നാല്‍ ഈ ആശയങ്ങളോട് താല്‍പര്യമുള്ള വ്യക്തികളില്‍ നിന്നും ചെറിയ സഹായങ്ങളാണ് ലഭിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയിലെ പഞ്ചാബ് സംസ്ഥാനത്ത് ഒരു സ്വതന്ത്രരാഷ്ട്രം സ്ഥാപിക്കുന്നതിനായി ഖലിസ്ഥാന്‍ തീവ്രവാദ ഗ്രൂപ്പുകള്‍ അക്രമത്തെ കൂട്ടുപിടിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മയക്കുമരുന്ന് കടത്തിനും വാഹനമോഷണത്തിനുമായി തീവ്രവാദ ഗ്രൂപ്പുകള്‍ ചാരിറ്റബിള്‍ ഫണ്ടുകള്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

അതേസമയം, ഖലിസ്ഥാനികള്‍ക്ക് കാനഡ സര്‍ക്കാര്‍ ധനസഹായം നല്‍കുന്നുണ്ടെന്നും ഇന്ത്യയെ വിഭജിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നുണ്ടെന്നും മുമ്പ് ഇന്ത്യന്‍ ഭരണകൂടം ആരോപിച്ചിരുന്നു. മുമ്പ് ജസ്റ്റിന്‍ ട്രൂഡോയുടെ ഭരണകാലത്ത് ഇതിനെ ചൊല്ലി ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളലുകളും വീണിരുന്നു.

സിഖ് നേതാവും ഖലിസ്ഥാനി പ്രസ്ഥാനത്തിന്റെ തുടക്കക്കാരില്‍ ഒരാളുമായ ഹര്‍ദീപ് സിങ് നിജ്ജറിനെ കാനഡയില്‍ വെച്ച് ഇന്ത്യ കൊലപ്പെടുത്തിയെന്നായിരുന്നു അന്ന് കാനഡ ആരോപിച്ചത്. ഈ വാദം ഇന്ത്യ തള്ളിയിരുന്നു എങ്കിലും ഇരുരാജ്യങ്ങളും തമ്മില്‍ വാക്‌പോരും നടന്നിരുന്നു.

Content Highlightl: Khalistanis, Hamas, Hezbollah receive funding from Canada: says Canadian government’s report

We use cookies to give you the best possible experience. Learn more