| Saturday, 22nd August 2026, 7:00 pm

ഇക്കാക്ക് ശരിയെന്ന് തോന്നുന്നത് ചെയ്‌തോളു; രണ്ടേമുക്കാല്‍ മണിക്കൂര്‍ പടത്തില്‍ ആകെ ഒരൊറ്റ ഡയലോഗ്, ഖലീഫയില്‍ ഒന്നും ചെയ്യാനില്ലാത്ത മാളവിക

അമര്‍നാഥ് എം.

ഓണം റിലീസില്‍ പലരും പ്രതീക്ഷയോടെ കാത്തിരുന്ന സിനിമകളിലൊന്നാണ് ഖലീഫ. പോക്കിരി രാജക്ക് ശേഷം പൃഥ്വിരാജും വൈശാഖും ഒന്നിക്കുന്ന സിനിമയെന്ന നിലയില്‍ വലിയ ഹൈപ്പായിരുന്നു ഖലീഫക്ക് സിനിമാപ്രേമികള്‍ക്കിടയില്‍ ഉണ്ടായിരുന്നത്. മോഹന്‍ലാല്‍ അതിഥിവേഷത്തിലെത്തുന്ന വാര്‍ത്ത പുറത്തുവന്നതോടെ ഹൈപ്പ് ഇരട്ടിയായി.

കഴിഞ്ഞദിവസം തിയേറ്ററുകളിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. കണ്ടുപഴകിയ കഥയുടെ തരക്കേടില്ലാത്ത അവതരമാണ് വമ്പന്‍ പരാജയത്തില്‍ നിന്ന് ഖലീഫയെ രക്ഷിച്ചത്. ജിനു അബ്രഹാമിന്റെ തിരക്കഥയാണ് ഖലീഫയിലെ പ്രധാന വില്ലന്‍. ലുക്കും പെര്‍ഫോമന്‍സുമെല്ലാം കൊണ്ട് പൃഥ്വിയും സംഗീതം കൊണ്ട് ജേക്‌സും ഒരു പരിധിവരെ ചിത്രത്തെ രക്ഷിച്ചെന്ന് പറയാം.

തെലുങ്ക് താരം മാളവിക ശര്‍മയാണ് ഖലീഫയിലെ നായിക. മലയാളത്തിലേക്കുള്ള മാളവികയുടെ അരങ്ങേറ്റമാണിത്. എന്നാല്‍ രണ്ടേമുക്കാല്‍ മണിക്കൂര്‍ ചിത്രത്തില്‍ ഐ ക്യാന്‍ഡി ഹീറോയിന്‍ ലെവലിനപ്പുറം മറ്റൊന്നും മാളവികക്ക് ചെയ്യാനുണ്ടായിരുന്നില്ല. ആകെ അരമണിക്കൂറിനടുത്ത് സ്‌ക്രീന്‍ ടൈം മാത്രമേ മാളവിക അവതരിപ്പിച്ച ഫിസക്ക് ഖലീഫയിലുള്ളൂ.

ഈ അരമണിക്കൂര്‍ സ്‌ക്രീന്‍ ടൈമിലാകട്ടെ ആകപ്പാടെ ഒരൊറ്റ ഡയലോഗും. കഥയുടെ പ്രത്യേക ഘട്ടത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്ന ആമിര്‍ അലിയോട് ‘ഇക്കാക്ക് ശരിയെന്ന് തോന്നുന്നത് ചെയ്‌തോളു’ എന്ന് പറയാന്‍ മാത്രമേ ഫിസ എന്ന കഥാപാത്രം വായ തുറക്കുന്നുള്ളൂ. ആമിര്‍ അലിയോടൊപ്പം ഒരു റൊമാന്റിക് സോങ്ങും ബാക്കി സീനില്‍ മൗനവുമാണ് ഈ കഥാപാത്രത്തിനുള്ളത്.

കഥാപാത്രത്തെക്കുറിച്ചുള്ള വിവരണം മാത്രമേ മാളവികക്ക് സംവിധായകന്‍ നല്‍കിയിട്ടുണ്ടാകുള്ളൂവെന്നും ഡയലോഗ് പഠിക്കാന്‍ സ്‌ക്രിപ്റ്റ് കൊടുക്കേണ്ട ആവശ്യം വന്നിട്ടില്ലെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പലരും പരിഹസിക്കുന്നത്. ഫിസ എന്ന കഥാപാത്രം ഊമയല്ലെന്ന് കാണിക്കാന്‍ വേണ്ടി മാത്രമാകും ഒരു ഡയലോഗ് നല്‍കിയതെന്നും കമന്റുകളുണ്ട്.

‘സാധാരണ ഇത്തരം ഗ്യാങ്‌സ്റ്റര്‍ പടങ്ങളില്‍ നായകന്റെ ഭാര്യ ആദ്യ പ്രസവത്തില്‍ മരിക്കും, അല്ലെങ്കില്‍ വില്ലന്മാര്‍ കൊല്ലും. കട്ട ക്ലീഷേയായ സിനിമയില്‍ ഈയൊരു ക്ലീഷേ മാത്രം ബ്രേക്ക് ചെയ്തത് നന്നായി’, ‘പാട്ടൊക്കെ കണ്ടപ്പോള്‍ പടമാകുമെന്ന് കരുതി, ഭാഗ്യം അതുണ്ടായില്ല,’ എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍.

കൊട്ടിഘോഷിച്ച് കൊണ്ടുവന്ന മോഹന്‍ലാലിന്റെ കാമിയോക്ക് വരെ ട്രോളുകള്‍ ലഭിക്കുന്നുണ്ട്. വന്‍ ബില്‍ഡപ്പില്‍ കൊണ്ടുവന്ന കഥാപാത്രത്തെ നരയിട്ട് സാന്റാക്ലോസിനെപ്പോലെയാക്കിയെന്നാണ് വിമര്‍ശനം. സെക്കന്‍ഡ് പാര്‍ട്ടില്‍ വേറെ ഏതെങ്കിലും ലുക്ക് പരീക്ഷിക്കുന്നതാണ് നല്ലതെന്നും ചിലര്‍ നിര്‍ദേശിക്കുന്നു.

Content Highlight: Khalifa movie heroine has nothin to do in whole movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more