ഓണം റിലീസുകളില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഖലീഫ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും സിനിമാപേജുകളില്‍ ആഘോഷമായിരുന്നു. ഇപ്പോഴിതാ ആദ്യ ഷോ അവസാനിച്ചതിന് പിന്നാലെ ഖലീഫയെക്കുറിച്ചുള്ള പ്രതികരണങ്ങള്‍ പുറത്തുവരികയാണ്.
ക്ലീഷേ സ്‌ക്രിപ്റ്റില്‍ സമാന്യം തരക്കേടില്ലാത്ത സിനിമാനുഭവമാണ് ഖലീഫയുടേതെന്നാണ് ആദ്യ പ്രതികരണം. മാമ്പറക്കല്‍ അമീര്‍ അലി എന്ന യുവാവില്‍ നിന്ന് സ്വര്‍ണക്കടത്തിന്റെ തലവനായി മാറുന്ന കിങ്പിന്നിലേക്കുള്ള പൃഥ്വിയുടെ വളര്‍ച്ചയാണ് ചിത്രത്തിന്റെ കഥ. പുതുതായി ഒന്നും അവകാശപ്പെടാനില്ലാത്ത കഥയില്‍ പൃഥ്വിരാജിന്റെ പ്രകടനം ഗംഭീരമാണെന്നുമാണ് പ്രതികരണങ്ങള്‍.
യങ് ലുക്കിലടക്കം പൃഥ്വി സ്‌കോര്‍ ചെയ്തിട്ടുണ്ടെന്നും ഫൈറ്റ് സീനില്‍ പരമാവധി എഫര്‍ട്ട് പൃഥ്വിയില്‍ നിന്ന് ഉണ്ടായിട്ടുണ്ടെന്നും പലരും അഭിപ്രായം പങ്കുവെച്ചു. എന്നാല്‍ റിലീസിന് മുമ്പ് തന്നെ പലരും ഹൈപ്പിന്റെ കൊടുമുടിയിലെത്തിച്ച മോഹന്‍ലാലിന്റെ കാമിയോയാണ് തിയേറ്ററില്‍ ഏറ്റവുമധികം കൈയടി സൃഷ്ടിച്ചത്.
മാമ്പറക്കല്‍ അഹമ്മദ് അലിയെക്കുറിച്ചുള്ള വിവരണം ആദ്യപകുതിയില്‍ കൈയടി നേടിയപ്പോള്‍ ഈ കഥാപാത്രത്തിന്റെ ഇന്‍ട്രോ തിയേറ്ററുകളെ പൂരപ്പറമ്പാക്കി മാറ്റി. മോഹന്‍ലാലിനൊപ്പം ഖലീഫയില്‍ വേറെയും രണ്ട് കാമിയോ ഉണ്ടെന്നും അതില്‍ ഒന്ന് തിയേറ്ററുകളെ ഇളക്കിമറിച്ചെന്നുമാണ് പലരുടെയും പ്രതികരണം.
കണ്ടുശീലിച്ച അതേ പാറ്റേണിലുള്ള ജിനു എബ്രഹാമിന്റെ തിരക്കഥയാണ് ചിത്രത്തിലെ ഏറ്റവും വലിയ നെഗറ്റീവെന്ന് പലരും അഭിപ്രായപ്പെടുന്നു. ഇത്രയും മോശം തിരക്കഥയെ തന്റെ മേക്കിങ് കൊണ്ട് വൈശാഖും ബി.ജി.എം കൊണ്ട് ജേക്‌സും ഒരുപരിധി വരെ രക്ഷിച്ചെടുക്കുന്നുണ്ടെന്നും റിവ്യൂ പോസ്റ്റുകളില്‍ പറയുന്നു.
ഓണം പോലെ വലിയൊരു സീസണില്‍ റിലീസ് ചെയ്യുന്നതിനാല്‍ തരക്കേടില്ലാത്ത വിജയം ഖലീഫ നേടുമെന്നാണ് വിലയിരുത്തല്‍. നാളെ തിയേറ്ററുകളിലെത്തുന്ന ബെത്‌ലഹേം കുടുംബ യൂണിറ്റ്ഖലീഫക്ക് വെല്ലുവിളിയായെക്കുമെന്നും ചിലര്‍ അഭിപ്രായം പങ്കുവെച്ചു. ഐ ആം ഗെയിം റിലീസ് മാറ്റിയത് ശരിക്കും ഗുണം ചെയ്‌തെന്നും കമന്റുകളുണ്ട്.
ബോളിവുഡ് താരം നീല്‍ നിതിന്‍ മുകേഷാണ് ചിത്രത്തിലെ വില്ലന്‍. മാളവിക ശര്‍മ, മോഹിനി, ഇന്ദ്രന്‍സ്, ഷമ്മി തിലകന്‍, സഞ്ജു ശിവറാം തുടങ്ങി വലിയ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. 40 കോടിക്കടുത്ത് ചെലവഴിച്ചാണ് ചിത്രം അണിയിച്ചൊരുക്കിയത്.
Content Highlight: Khalifa movie first response