| Tuesday, 8th September 2026, 9:00 pm

ബെത്‌ലഹേമില്‍ വീണ് ഖലീഫയും; 19 ദിവസങ്ങള്‍ക്കിപ്പുറം ബോക്‌സ് ഓഫീസില്‍ അന്ത്യശ്വാസം വലിച്ച് ഖലീഫ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഏറെ നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഓണം റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു വൈശാഖ് സംവിധാനം ചെയ്ത് പൃഥ്വിരാജ് സുകുമാരന്‍ നായകനായ ഖലീഫ. കോഴിക്കോട് കൊടുവള്ളി ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ സ്വര്‍ണക്കടത്തുകാരനായ ആമിര്‍ അലി എന്ന കഥാപാത്രമായിട്ടായിരുന്നു പൃഥ്വിരാജ് വേഷമിട്ടത്. മൂന്ന് വമ്പന്‍ ഫൈറ്റ് രംഗങ്ങളടക്കം വലിയ സ്‌കെയിലില്‍ ഒരു ഔട്ട് ആന്‍ഡ് ഔട്ട് ആക്ഷന്‍ ചിത്രമായിട്ടാണ് വൈശാഖ് ഖലീഫയെ ഒരുക്കിയിരിക്കുന്നത്.

ഖലീഫ. Photo: X.com

പൃഥ്വിരാജ് കഥാപാത്രത്തിന്റെ മുത്തശ്ശനായ മാമ്പറക്കല്‍ അഹമദ് അലി എന്ന കഥാപാത്രമായി മോഹന്‍ലാലും ചിത്രത്തില്‍ വേഷമിടുന്നു എന്ന വാര്‍ത്തകള്‍ നേരത്തേ തന്നെ പുറത്തുവന്നിരുന്നു. ഒപ്പം സര്‍പ്രൈസ് എന്‍ട്രിയായി ടൊവിനോ തോമസും സൗബിന്‍ ഷാഹിറും എത്തിയെങ്കിലും സമ്മിശ്ര പ്രതികരണമായിരുന്നു ഖലീഫയ്ക്ക് ലഭിച്ചത്. ഒരു ദിവസത്തെ മാത്രം വ്യത്യാസത്തില്‍ റിലീസ് ചെയ്ത ബെത്‌ലഹേം കുടുംബ യൂണിറ്റിനെ ഫാമിലി പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്തതോടെ ഖലീഫയ്ക്ക് ബോക്‌സ് ഓഫീസില്‍ വലിയ തിരിച്ചടി നേരിടേണ്ടി വരികയായിരുന്നു.

ഗിരീഷ് എ.ഡിയുടെ സംവിധാനത്തില്‍ നിവിന്‍ പോളിയും മമിത ബൈജുവും പ്രധാനവേഷത്തിലെത്തിയ ചിത്രം വന്‍ കുതിപ്പാണ് ബോക്‌സ് ഓഫീസില്‍ നടത്തുന്നത്. 250കോടിയും പിന്നിട്ട് മലയാളത്തിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിച്ച ചിത്രമെന്ന റെക്കോഡിലേക്ക് കുതിക്കുകയാണ് ബെത്‌ലഹേം. ഇതിനിടയില്‍ ഖലീഫ ബോക്‌സ് ഓഫീസില്‍ നിന്നും ഏറെക്കുറെ പുറത്തായതാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആഗോളതലത്തില്‍ 44 കോടിയുമായാണ് ചിത്രം അതിന്റെ അവസാന റൗണ്ടിലേക്ക് കടക്കുന്നത്. റിലീസ് ചെയ്ത് 19ാം ദിനത്തില്‍ കേരള ബോക്‌സ് ഓഫീസില്‍ നിന്നും ചിത്രത്തിന് ലഭിച്ചത് ആറ് ലക്ഷം മാത്രമാണ്.

ഖലീഫ. Photo: X.com

ആഗസ്റ്റ് 20ന് തിയേറ്ററുകളിലെത്തിയ ചിത്രം 22 കോടിയാണ് കേരളത്തിലെ തിയേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയിരിക്കുന്നത്. എന്നാല്‍ കേരളമൊഴികെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കാര്യമായി ഒന്നും തന്നെ ചെയ്യാന്‍ ചിത്രത്തിന് സാധിച്ചിട്ടില്ല. 2.15 കോടി മാത്രം നേടിയ ഖലീഫ വിദേശരാജ്യങ്ങളില്‍ നിന്നും നേടിയത് ഇരുപത് കോടി രൂപയോളമാണ്. പൃഥ്വിരാജ് നായകനായി സമീപകാലത്ത് പുറത്തിറങ്ങിയ ഐ നോബഡിയടക്കമുള്ള ചിത്രങ്ങള്‍ പരാജയമായ സാഹചര്യത്തില്‍ ഭേദപ്പെട്ട പ്രകടനമാണ് ഖലീഫ കാഴ്ചവെച്ചിരിക്കുന്നത്.

Content Highlight: Khalifa Movie final Box office collection

We use cookies to give you the best possible experience. Learn more