| Friday, 1st August 2025, 1:36 pm

ഒരു പതിറ്റാണ്ടിന് ശേഷം ഇതാദ്യം! ഇന്ത്യന്‍ ഫുട്‌ബോളിന്റെ തലവര മാറ്റാന്‍ ഇനി ഖാലിദ് ജമീല്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ പുരുഷ ഫുട്‌ബോള്‍ ടീമിന്റെ മുഖ്യപരിശീലകനായി ഖാലിദ് ജമീല്‍ നിയമിച്ച് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്). 13 വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് ഒരു ഇന്ത്യന്‍ പരിശീലകനെത്തുന്നത്.

മൂന്ന് പേരെയാണ് ഇന്ത്യന്‍ പരിശീലകന്റെ സ്ഥാനത്തേക്ക് ഷോര്‍ട്ട് ലിസ്റ്റ് ചെയ്തത്. ഖാലിദ് ജമീലിനൊപ്പം, മുന്‍ ഇന്ത്യന്‍ കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍, സ്ലോവാക്യന്‍ മാനേജര്‍ സ്റ്റെഫാന്‍ ടാര്‍കോവിച്ച് എന്നിവരായിരുന്നു അവസാന മൂന്നില്‍ ഉണ്ടായിരുന്നത്.

ലോകമെമ്പാടുനിന്നും ഏകദേശം 170 അപേക്ഷകളാണ് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന് ലഭിച്ചത്. റോബി ഫൗളര്‍, ഹാരി കെവെല്‍ തുടങ്ങിയ പ്രമുഖരും പരിശീലകരുടെ സ്ഥാനത്തേക്ക് അപേക്ഷിച്ചവരുടെ കൂട്ടത്തിലുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരങ്ങളെ അടുത്തറിയാവുന്ന ഒരാളില്‍ തന്നെ എ.ഐ.എഫ്.എഫ് പ്രതീക്ഷയര്‍പ്പിക്കുകയായിരുന്നു.

നിലവില്‍ ഐ.എസ്.എല്‍ ടീമായ ജംഷഡ്പൂര്‍ എഫ്.സിയുടെ പരിശീലകനാണ് ജമീല്‍. ആ സ്ഥാനം ഒഴിഞ്ഞാകും ഇന്ത്യന്‍ പരിശീലകസ്ഥാനം അദ്ദേഹം ഏറ്റെടുക്കുക.

2017ല്‍ ഐസ്വാള്‍ എഫ്.സിയെ ഐ. ലീഗ് കിരീടത്തിലേക്ക് നയിച്ചതാണ് അദ്ദേഹത്തിന്റെ പരിശീലക കരിയറിലെ സുപ്രധാന നേട്ടങ്ങളിലൊന്ന്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെയും ജംഷഡ്പൂര്‍ എഫ്.സിയെയും ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സെമി ഫൈനലുകളിലേക്കും ഇദ്ദേഹം കൊണ്ടുചെന്നെത്തിച്ചിരുന്നു.

വിദേശ പരിശീലകര്‍ക്ക് പരിചിതമല്ലാത്ത ഇന്ത്യന്‍ ഫുട്‌ബോളിന്റെ പ്രത്യേകതകളെ ഖാലിദ് ജമീലിന് കൂടുതല്‍ ഫലപ്രദമായി കൈകാര്യം ചെയ്യുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്. ഇന്ത്യന്‍ ഫുട്‌ബോളിന് പുതിയ ദിശാബോധം നല്‍കിക്കൊണ്ട് പുതിയ ഉയരങ്ങള്‍ കീഴടക്കാന്‍ അദ്ദേഹത്തിന് സാധിക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

Content Highlight: Khalid Jamil appointed as Indian Football coach

We use cookies to give you the best possible experience. Learn more