ആര്യ , ഹാപ്പി, ബണ്ണി തുടങ്ങിയ ചിത്രങ്ങളിലൂടെ കേരളത്തിൽ അല്ലു അർജുൻ എന്ന താരത്തിന്റെ വളർച്ചയ്ക്ക് പ്രധാന പങ്കുവഹിച്ച നിർമാതാക്കളിൽ ഒരാളാണ് ഖാദർ ഹസൻ. തെലുങ്ക് സിനിമകളുടെ വിതരണ ഡബ്ബിങ് രംഗത്താണ് പിന്നീട് കൂടുതൽ ശ്രദ്ധ നേടിയതെങ്കിലും, മലയാളത്തിൽ ‘നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി, ‘സ്വപ്നം കൊണ്ട് തുലാഭാരം’ എന്നീ ചിത്രങ്ങളും അദ്ദേഹം നിർമിച്ചിട്ടുണ്ട്. കുഞ്ചാക്കോ ബോബൻ, സുരേഷ് ഗോപി എന്നിവർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘സ്വപ്നം കൊണ്ട് തുലാഭാരം’ രഘുനാഥ് പാലേരിയുടെ തിരക്കഥയിൽ രാജസേനൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു. രാജസേനന്റെ സംവിധാനത്തിൽ ഖാദർ ഹസൻ നിർമിച്ച ‘നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി’ പൃഥ്വിരാജിന്റെ ആദ്യകാല ചിത്രങ്ങളിൽ ഒന്നുമായിരുന്നു.
സ്വപ്നം കൊണ്ട് തുലാഭാരം.photo.Screen grab/youtube
എന്നാൽ വലിയ പ്രതീക്ഷകളോടെ നിർമിച്ച ഈ സിനിമകൾ വേണ്ടത്ര വിജയം നേടാതിരുന്നതിന്റെ കാരണങ്ങളെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് ഖാദർ ഹസൻ. സിനിമയുടെ കഥ കേട്ട ശേഷവും ഒരു നിർമാതാവെന്ന നിലയിൽ തന്റെ അഭിപ്രായങ്ങൾ പറയാൻ കഴിയാത്ത സാഹചര്യം ഉണ്ടായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. ഫിലിം ഫ്ലിക്സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എന്റെ ആ സിനിമകളുടെ കഥ കേട്ടപ്പോൾ തന്നെ ഗുരുനാഥനും കൂടിയായ രാജസേനൻ സാറിനോട് ഞാൻ ചോദിച്ചിരുന്നു, ഇത് മതിയാവുമോ നമ്മുടെ സിനിമക്ക് കഥയായിട്ടെന്ന്. പക്ഷേ അന്ന് അദ്ദേഹം പറഞ്ഞത് തന്റെ കഥകളിൽ ആരും ഇടപെടരുത് എന്നായിരുന്നു. അദ്ദേഹത്തെ വിശ്വസിക്കണം എന്നും പറഞ്ഞു. അതുകൊണ്ട് തന്നെ ഒരു കാര്യത്തിലും എന്നെ ഇടപെടുത്തിയിരുന്നില്ല.
വിവാദം സൃഷ്ടിക്കാനല്ല ഞാൻ ഇത് പറയുന്നത്. കാരണം അദ്ദേഹം എന്റെ നല്ലൊരു സുഹൃത്താണ്. എന്നാൽ അന്ന് ഞാൻ ഒരു തുടക്കക്കാരനായ നിർമാതാവായിരുന്നു. അതുകൊണ്ട് തന്നെ ഒരു നിർമാതാവെന്ന നിലയിൽ എന്റെ ക്രെഡിറ്റ് ആ സിനിമകളിൽ പതിഞ്ഞിരുന്നില്ല.
‘സ്വപ്നം കൊണ്ട് തുലാഭാരം’ എന്ന ചിത്രം തീർച്ചയായും മറ്റൊരു രീതിയിൽ പ്രമോട്ട് ചെയ്യാമായിരുന്നു. പക്ഷേ എന്റെ രീതിയിൽ അതിനെ ബൂസ്റ്റ് ചെയ്യാൻ എനിക്ക് അവസരം ലഭിച്ചില്ല. ഉദാഹരണത്തിന്, ചേട്ടനും അനിയനും തമ്മിലുള്ള സംഘർഷം മുൻനിർത്തിയുള്ള ഒരു ഫീൽ നൽകിയിരുന്നെങ്കിൽ ആ സിനിമ കൂടുതൽ ശ്രദ്ധ നേടുമായിരുന്നു. ആ സിനിമയ്ക്ക് ഒരു പ്രത്യേക ഫോട്ടോ സെഷൻ കൂടി നടത്താൻ ഞാൻ ആലോചിച്ചിരുന്നു. അനിയൻ ചേട്ടന്റെ ചെവി കടിക്കുന്ന തരത്തിലുള്ള ഒരു ഫോട്ടോ ഉപയോഗിച്ചിരുന്നെങ്കിൽ പ്രേക്ഷകർക്ക് അതുമായി കൂടുതൽ കണക്ട് ചെയ്യാൻ കഴിയുമായിരുന്നു.
ആക്ഷൻ സിനിമകളിലൂടെ വലിയ ഇമേജ് നേടിയ സുരേഷ് ഗോപി ഒരു കുടുംബചിത്രത്തിൽ എത്തുമ്പോൾ അതും പ്രമോഷനിൽ ഉപയോഗിക്കാമായിരുന്നു. പക്ഷേ രാജസേനൻ സാറിന്റെ കാഴ്ചപ്പാടിൽ സിനിമ അങ്ങനെ തന്നെയാണ് പുറത്തിറങ്ങിയത്. അവിടെ എനിക്ക് ഇടപെടാനും സാധിച്ചില്ല.
ഞാൻ ഇഷ്ടപ്പെട്ടിട്ടല്ല ‘സ്വപ്നം കൊണ്ട് തുലാഭാരം’ ചെയ്തത്. ‘നക്ഷത്രക്കണ്ണുള്ള രാജകുമാരൻ’ ഞാൻ ചെയ്യണമെന്ന് ആഗ്രഹിച്ച സിനിമയായിരുന്നു. ഇതൊക്കെയാണ് പിന്നീട് മലയാള സിനിമാ രംഗത്ത് നിന്ന് മാറിനിൽക്കാൻ എന്നെ പ്രേരിപ്പിച്ചത്,’ ഖാദർ ഹസൻ പറഞ്ഞു.
നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി.photo.screen grab/youtube