| Friday, 26th February 2016, 4:23 pm

ഖബര്‍ നീളം കൂടുമോ ? മലബാര്‍ മുസ്‌ലിംങ്ങള്‍ക്കിടയില്‍ പുതിയ വിവാദം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: തിരുകേശ വിവാദത്തിന് പിറകെ മലബാര്‍ മുസ്‌ലീംങ്ങള്‍ക്കിടയില്‍ ഖബര്‍ നീളം കൂടുമോയെന്ന പുതിയ ഒരു സംവാദ വിഷയം കൂടി. 21 വര്‍ഷം മുന്‍പ് മരണപ്പെട്ട പ്രമുഖ ഇസ്‌ലാമിക പണ്ഡിതനായ  ഏഴിമല അഹമദ് മുസ്‌ല്യാരുടെ ഖബറിന്റെ നീളം കൂടിയെന്നും ഇല്ലെന്നുമുള്ള മക്കളുടെയും നാട്ടുകാരുടെയും അവകാശവാദങ്ങളാണ് പുതിയ തര്‍ക്കത്തിന് തിരികൊളുത്തിയത്. അഹമദ് മുസ്‌ല്യാരുടെ മക്കളില്‍ ഒരു വിഭാഗം സുന്നികളും മറ്റൊരു വിഭാഗം ജമാഅത്തെ ഇസ്‌ലാമിക്കാരുമായതാണ് തര്‍ക്കത്തിന് കാരണം.

അഹമദ് മുസ്‌ല്യാരുടെ മകന്‍ ഇ.എന്‍ മഹ്മൂദ് മുസ്‌ല്യാര്‍ രണ്ട് മാസം മുന്‍പ് മരണപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ മൃതശരീരം പിതാവിന്റെ ഖബറിന് സമീപം മറവ് ചെയ്തിരുന്നു. ഇതിനിടെ ഏഴിമല മുസ്‌ല്യാരുടെ  ഖബറിന്റെ നീളം എട്ടരയടിയോളം നീളം വെച്ചതായി കണ്ടെത്തിയെ് ചിലര്‍  അവകാശപ്പെടുകയും  ഇതിനെ ചൊല്ലി തര്‍ക്കം ഉടലെടുക്കുകയുമായിരുന്നു.


Related: ദല്‍ഹിയിലെ 50 ശതമാനം പീഡനങ്ങള്‍ക്കും കാരണം ജെ.എന്‍.യു വിദ്യാര്‍ഥികള്‍’: ജെ.എന്‍.യുവിനെ അധിക്ഷേപിച്ച് വീണ്ടും രാജസ്ഥാന്‍ എം.എല്‍.എ


ഒടുവില്‍ തര്‍ക്കം പരിഹരിക്കാനായി മുസ്‌ല്യാരുടെ ജമാഅത്ത് അനുഭാവികയ മക്കള്‍ മഹല്ല് കമ്മിറ്റിയുമായി ബന്ധപ്പെടുകയും ഖബറിന്റെ മുകളിലെ മണ്ണ് നീക്കി പരിശോധിക്കാന്‍ അനുമതി വാങ്ങുകയുമായിരുന്നു. പിന്നീട് മണ്ണ് നീക്കിയപ്പോള്‍ ഖബറിന്റെ നീളം 2.4 അടി നീണ്ടതായി കണ്ടെത്തി. ഇതോടെ ജമാഅത്തുകാരുടെ വാദം പൊളിഞ്ഞെന്നും അഹ്മദ് മുസ്‌ല്യാരുടെ ഖബറിന്റെ നീളം കൂടിയത് അദ്ദേഹത്തിന്റെ മഹാത്മ്യം കൊണ്ടാണെന്നും സുന്നീ വിശ്വാസികളായ മക്കളും അനുയായികളും പ്രചരിപ്പിച്ചു.

അഹമദ് മുസ്‌ല്യാരുടെ മകനായ ഡോ. ഇ.എന്‍ അബ്ദുല്‍ ലത്തീഫിന്റെ നേതൃത്വത്തിലാണ് സുന്നീ വിശ്വാസികള്‍ നിലയുറപ്പിച്ചത്. മുസ്‌ല്യാരുടെ മറ്റു മക്കളും ജമാഅത്തെ ഇസ്‌ലാമിയുടെ സംസ്ഥാന നേതാക്കള്‍ കൂടിയായ ഇ.എന്‍ മുഹമ്മദ് മൗലവി, ഇ.എന്‍ ഇബ്രാഹിം മൗലവി, ഇ.എന്‍ അബ്ദുല്‍ ജലീല്‍ മൗലവി, ഇ.എന്‍ അബ്ദുറഹ്മാന്‍ എന്നിവരും ഖബറിലെ മണ്ണ് നീക്കാന്‍ രംഗത്തുണ്ടായിരുന്നു.

17 വര്‍ഷം മുന്‍പ് മരണപ്പെട്ട പണ്ഡിതവര്യന്റെ ഖബറിന് നീളം കൂടിയെന്ന വാര്‍ത്ത പ്രചരിച്ചതോടെ നാട്ടുകാരും വിവിധ സംഘടനകളും രംഗത്തെത്തി. സ്വന്തം പിതാവിന്റെ ഖബര്‍ മാന്തിയ ജമാഅത്തുകാരായ മക്കള്‍ നാണം കെട്ടെന്നും സത്യം അംഗീകരിക്കാന്‍ തയ്യാറയില്ലെന്നും സുന്നീ വിശ്വാസികള്‍ ആരോപിക്കുന്നു. ഈ വാദങ്ങളാകെ ചേര്‍ത്ത് കൊണ്ട് സുന്നീ വിഭാഗക്കാരുടെ പത്രങ്ങളായ സിറാജും സുപ്രഭാതവും വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതിനെ ഖണ്ഡിച്ച് കൊണ്ട് ജമാഅത്ത് പത്രമായ മാധ്യമവും വാര്‍ത്ത നല്‍കിയിരുന്നു.


Related:വരനെ പ്രഖ്യാപിച്ച് നടി ഭാവന; വിവാഹം ഈ വര്‍ഷം തന്നെ


ഖബര്‍ നീളം കൂടിയതിനെ കുറിച്ച് മുസ്ലിയാരുടെ ജമാഅത്തുകാരായ മക്കള്‍ പറയുന്നതിങ്ങനെയാണ്; ഖബര്‍ എടുത്ത സ്ഥലം നേരത്തെ ഒരു കല്ലുവെട്ടു കുഴിയായിരുന്നു. അതിനാല്‍ ഖബറുണ്ടാക്കാനായി അടിക്കബര്‍ ചെങ്കല്ലു കൊണ്ട് നാലു ഭാഗവും കെട്ടി ഉയര്‍ത്തിയതാണ്. ഞങ്ങളുടെ പിതാവ് 6 അടിയില്‍ അധികം പൊക്കമുണ്ടായിരുന്ന ആളായതിനാലും ഖബറിന് എപ്പോഴും ആളുടെ നീളത്തെക്കാള്‍ അല്‍പം നീളക്കൂടുതല്‍ ഇടാറുണ്ടെന്നതിനാലും ഖബറിന്റെ അകം തന്നെ ആറേമുക്കാല്‍ (6 3/4) അടിയോളം ഉണ്ടായതായാണ് മനസ്സിലായത്.

ചുറ്റുപാടും പടവ് ചെയ്യാനുപയോഗിച്ച കല്ലുകളുടെ വീതി കൂടി നീളത്തിലേക്ക് ചേര്‍ക്കുമ്പോള്‍ നീളം അല്‍പംകൂടി കൂടും. പോരാത്തതിന് ഖബറിന്റെ കാലിന്റെ ഭാഗത്ത് ഉള്ള മീസാന്‍ കല്ല് അടിക്കബര്‍ കഴിഞ്ഞ് ഏതാണ്ട് 7 ഇഞ്ചോളം പുറത്തായാണ് നാട്ടിയിരിക്കുന്നത്. തലഭാഗത്തെ മീസാന്‍ കല്ലും അതേ പോലെ അടിക്കബറില്‍നിന്നും 5 ഇഞ്ചോളം മാറിയാണ് നാട്ടിയിരിക്കുന്നത്. ഇതെല്ലാം ചേര്‍ന്ന് ഖബറിന്റെ നീളം 8 അടി 4 ഇഞ്ച് ഉണ്ടെന്ന് വ്യക്തമായി. കെട്ടിപ്പൊക്കിയപ്പോള്‍ ഖബറിന്റെ നീളത്തില്‍ ഇങ്ങനെയാണ് വ്യത്യാസം വന്നതെന്നും ഇവര്‍ പറയുന്നു.

മലബാറിലെ മുസ്‌ലിംങ്ങള്‍ക്കിടയില്‍ തിരുകേശ വിവാദത്തിന് ശേഷം ഉടലെടുത്ത “ഖബര്‍ വിവാദം” നവമാധ്യമങ്ങളിലടക്കം ചൂടേറിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. വരും ദിവസങ്ങളില്‍ ഇത് കൂടുതല്‍ ഖണ്ഡന മണ്ഡന സംവാദങ്ങള്‍ക്ക് വഴിയൊരുക്കുമെന്നാണ് മുന്‍കാലനുഭവങ്ങള്‍ തെളിയിക്കുന്നത്.

 സിറാജ്

 സുപ്രഭാതം

മാധ്യമം

We use cookies to give you the best possible experience. Learn more