| Sunday, 2nd February 2025, 12:29 pm

രക്ഷിതാക്കൾ 1000 രൂപ അടച്ചില്ല; അഞ്ച് വയസുകാരനെ ഡേകെയറിൽ തടഞ്ഞ് വെച്ച് അധികൃതർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: രക്ഷിതാക്കൾ 1000 രൂപ അടയ്ക്കാത്തതിനാൽ കിൻ്റർഗാർട്ടൻ വിദ്യാർത്ഥിയെ ഡേകെയർ സെൻ്ററിൽ നാല് മണിക്കൂർ തടഞ്ഞ് വെച്ച് അധികൃതർ. നവി മുംബൈയിലെ സീവുഡ്‌സിലെ ഓർക്കിഡ് ഇൻ്റർനാഷണൽ സ്കൂളിലാണ് സംഭവം.

സംഭവത്തിന് പിന്നാലെ സ്‌കൂൾ പ്രിൻസിപ്പലിനും കോ-ഓർഡിനേറ്ററിനുമെതിരെ പൊലീസ് എടുത്തു. ഓർക്കിഡ് ഇൻ്റർനാഷണൽ സ്‌കൂളിൻ്റെ സമീപനം ക്രൂരതയാണെന്ന് ആരോപിച്ച് അഞ്ച് വയസുകാരൻ്റെ പിതാവ് നൽകിയ പരാതിയിൽ ജുവനൈൽ ജസ്റ്റിസ് ആക്‌ട് സെക്ഷൻ 75 പ്രകാരം പ്രിൻസിപ്പൽ വൈശാലി സോളാനിക്കും കോ-ഓർഡിനേറ്റർ ദീപ്തിക്കുമെതിരെ വ്യാഴാഴ്ചയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

ജനുവരി 28 ന് കുട്ടിയുടെ പിതാവ് മകനെ കൂട്ടിക്കൊണ്ടുപോകാൻ ഉച്ചയ്ക്ക് 12:30 ന് സ്‌കൂളിലെത്തിയെങ്കിലും മറ്റ് വിദ്യാർത്ഥികളുടെ ഇടയിൽ കുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് ക്ലാസ് ടീച്ചറോട് അന്വേഷിച്ചതോടെയാണ് കുട്ടിയെ ക്ലാസിൽ കയറ്റിയില്ലെന്നും തടഞ്ഞ് വെച്ചിരിക്കുകയാണെന്നും മനസിലായത്. 1000 രൂപ കുടിശ്ശിക തുക അടക്കാനുണ്ടെന്നും അതിനാൽ മകനെയും മറ്റൊരു വിദ്യാർത്ഥിയെയും തടഞ്ഞ് വെച്ചിരിക്കുകയാണെന്ന് പ്രിൻസിപ്പൽ വൈശാലി സോളാനി അറിയിച്ചതായി പിതാവ് ആരോപിച്ചു.

‘ഞാൻ സംഭവസ്ഥലത്ത് തന്നെ 1000 രൂപ നൽകി, ഉച്ചയ്ക്ക് ഒരു മണിയോടെ എൻ്റെ മകനെ എനിക്ക് കൈമാറി,’ പിതാവ് പറഞ്ഞു. 28ന് രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ മകനെ ക്ലാസിൽ കയറ്റാതെ ഡേ–കെയർ മുറിയിൽ ഇരുത്തിയെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണെന്നും പരാതിക്കാരൻ പറഞ്ഞു. പ്രിൻസിപ്പലിനെ പിരിച്ചുവിടുമെന്ന് സ്‌കൂൾ സോണൽ ഹെഡ് ശ്രിയ ഷാ ഉറപ്പ് നൽകിയെങ്കിലും പിന്നീട് നടപടി ഉണ്ടായില്ലെന്നും പിതാവ് പറഞ്ഞു.

Content Highlight: KG student detained for 4 hours for just Rs 1,000 fee due in Mumbai: Principal and coordinator face legal action

We use cookies to give you the best possible experience. Learn more