| Monday, 12th May 2025, 10:04 pm

കെ.എഫ്.സി-എന്റെ കേരളം മെഗാ ക്വിസ്; കോഴിക്കോട് ഗ്രാന്‍ഡ് പ്രൈസ് വിജയിയെ പ്രഖ്യാപിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് നടന്ന ‘എന്റെ കേരളം പ്രദര്‍ശനവിപണനമേള’യോടനുബന്ധിച്ച് കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ പൊതുജനങ്ങള്‍ക്കായി സംഘടിപ്പിച്ച ‘കെ.എഫ്.സി-എന്റെ കേരളം മെഗാ ക്വിസ്’ മത്സരത്തിലെ ഗ്രാന്‍ഡ് പ്രൈസ് വിജയിയെ പ്രഖ്യാപിച്ചു.

കെ.എഫ്.സിയുടെ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ പ്രേംനാഥ് രവീന്ദ്രനാഥ് ആണ് നറുക്കെടുപ്പിലൂടെ ഗ്രാന്‍ഡ് പ്രൈസ് വിജയിയെ തെരെഞ്ഞെടുത്തത്. കോഴിക്കോട് അയനിക്കാട് സ്വദേശിനിയായ അമയ ഷാജിയാണ് ഗ്രാന്‍ഡ് പ്രൈസ് ആയ 30,000 രൂപ വിലയുള്ള റെഡ്മി പാഡ് പ്രോ ടാബ്ലറ്റിന് അര്‍ഹയായത്.

മെയ് നാലാം തീയതി മുതല്‍ ആരംഭിച്ച മത്സരത്തിലെ സംസ്ഥാനതല ബമ്പര്‍ സമ്മാനമായി ആപ്പിള്‍ ഐഫോണ്‍ 16 ആണ് കോര്‍പറേഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ക്വിസ് മത്സരത്തിലെ പ്രതിദിന നറുക്കെടുപ്പിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും പ്രേംനാഥ് രവീന്ദ്രനാഥ് നിര്‍വഹിച്ചു.

ശരണ്യ. സി (കോഴിക്കോട്), ആരാധ്യ. ഒ (കാസറഗോഡ്), ഫാത്തിമ ഫിദ (മലപ്പുറം), അനമിത്ര. എസ്.എസ് (കോഴിക്കോട്), അഷ്‌റഫ്. കെ.പി (മലപ്പുറം), സബിദ. യു.എസ് (തൃശൂര്‍), ജിനേഷ് എ.ജി (മലപ്പുറം), മുബഷിറ (കോഴിക്കോട്) എന്നിവരാണ് കോഴിക്കോട് സ്റ്റാളിലെ പ്രതിദിന നറുക്കെടുപ്പിലെ വിജയികള്‍. ജെബിഎല്ലിന്റെ 4,000 രൂപ വിലയുള്ള പ്രീമിയം ഹെഡ്‌ഫോണ്‍ ആണ് പ്രതിദിന നറുക്കെടുപ്പിലെ വിജയികള്‍ക്ക് സമ്മാനമായി ലഭിക്കുക.

കേരളത്തിന്റെ വ്യാവസായിക വളര്‍ച്ചയ്ക്ക് കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ നല്‍കുന്ന സംഭാവനകള്‍ സാധാരണക്കാരായ ജനങ്ങളിലേക്കെത്തിക്കുകയും കോര്‍പറേഷന്റെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ച് അവരെ ബോധവത്ക്കരിക്കുകയും ചെയ്യുക എന്നതാണ് കെ.എഫ്.സി ലക്ഷ്യമിടുന്നതെന്ന് പ്രേംനാഥ് രവീന്ദ്രനാഥ് പറഞ്ഞു.

ധനകാര്യവകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കെ.എഫ്.സി സ്ഥാപിതമായതിന് ശേഷം ഇതുവരെ 75,000ത്തോളം വ്യാവസായിക യൂണിറ്റുകള്‍ക്ക് വായ്പാ സഹായം ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒമ്പത് വര്‍ഷമായി അഭൂതപൂര്‍വമായ പുരോഗതിയാണ് കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ കൈവരിച്ചത്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ കോര്‍പറേഷന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന വാര്‍ഷികലാഭമായ 74.04 കോടി രൂപയാണ് രേഖപ്പെടുത്തിയതെന്നും പ്രേംനാഥ് രവീന്ദ്രനാഥ് പറഞ്ഞു.

എന്റെ കേരളം പരിപാടിയിലെ അഞ്ച് ജില്ലകളിലുള്ള (കോഴിക്കോട്, കൊല്ലം, എറണാകുളം, തിരുവനന്തപുരം, തൃശൂര്‍) കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്റെ സ്റ്റാളുകളിലായാണ് ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്. അഞ്ച് മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളാകും ഉണ്ടാകുക. അഞ്ച് ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കുന്നവര്‍ പ്രതിദി നനറുക്കെടുപ്പ് മുതല്‍ ബമ്പര്‍ സമ്മാനത്തിനുള്ള നറുക്കെടുപ്പ് വരെയുള്ള എല്ലാത്തിലും പങ്കെടുക്കാന്‍ യോഗ്യത നേടുന്നതായിരിക്കും.

മൂന്ന് ചോദ്യങ്ങള്‍ക്കെങ്കിലും ഉത്തരം നല്‍കുന്നവര്‍ പ്രതിദിന നറുക്കെടുപ്പ് മുതല്‍ ഓരോ സ്റ്റാളിലെയും ഗ്രാന്‍ഡ് പ്രൈസ് വരെയുള്ള നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ യോഗ്യരായിരിക്കും. രണ്ട് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നവര്‍ പ്രതിദിന സമ്മാനത്തിനായുള്ള നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ യോഗ്യത നേടും.

അബ്ദുള്‍ മനാഫ് (സോണല്‍ മാനേജര്‍, കോഴിക്കോട്), സിനു. പി (അസി. ജനറല്‍ മാനേജര്‍, ലാര്‍ജ് ക്രെഡിറ്റ് ബ്രാഞ്ച് കോഴിക്കോട്) പ്രസീത. പി.കെ (മാനേജര്‍, എം.സി.ബി, കോഴിക്കോട്), അജയശ്രീ. കെ.പി (മാനേജര്‍, സാര്‍ബ്, കോഴിക്കോട്) എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

കെ.എഫ്.സിയുടെ പദ്ധതികളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ സാധിക്കുന്ന തരത്തിലുള്ള വീഡിയോകളും പോസ്റ്ററുകളും ബ്രോഷറുകളും സ്റ്റാളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

Content Highlight: KFC-Ente keralam Mega Quiz; Kozhikode Grand Prize Winner Announced

We use cookies to give you the best possible experience. Learn more