ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം മത്സരത്തില്‍ വിജയം സ്വന്തമാക്കിയതോടെ ഇംഗ്ലണ്ട് പരമ്പരയില്‍ അക്കൗണ്ട് തുറന്നിരിക്കുകയാണ്. ആദ്യ രണ്ട് മത്സരത്തിലും പരാജയപ്പെട്ടതിന് ശേഷമാണ് ഇംഗ്ലണ്ട് വിജയം പരമ്പരയിലെ ആദ്യ വിജയം സ്വന്തമാക്കിയത്.
പരാജയപ്പെട്ടാല്‍ പരമ്പരയും നഷ്ടപ്പെടും എന്ന നിര്‍ണായക സാഹചര്യത്തില്‍ ജോസ് ബട്‌ലറും സംഘവും വിജയം പിടിച്ചടക്കുകയായിരുന്നു. രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 26 റണ്‍സിന്റെ വിജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്.
ഇംഗ്ലണ്ട് ഉയര്‍ത്തിയ 172 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയ്ക്ക് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
ഇന്ത്യന്‍ സൂപ്പര്‍ താരങ്ങള്‍ക്ക് ബാറ്റിങ്ങില്‍ താളം കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെയാണ് ഇന്ത്യയ്ക്ക് പരാജയം നേരിടേണ്ടി വന്നത്. ചെപ്പോക്കില്‍ ഇന്ത്യയുടെ രക്ഷകനായ തിലക് വര്‍മ അടക്കമുള്ള താരങ്ങളെ റണ്‍സ് നേടാതെ പിടിച്ചുകെട്ടാന്‍ ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്കായി.
സൂപ്പര്‍ ഓള്‍ റൗണ്ടര്‍ ആദില്‍ റഷീദാണ് തിലക് വര്‍മയെ പുറത്താക്കിയത്. ക്ലീന്‍ ബൗള്‍ഡായാണ് റഷീദ് തിലക് വര്‍മയെ പുറത്താക്കിയത്. താരം സ്വന്തമാക്കിയ ഏക വിക്കറ്റും ഇതാണ്. മത്സരത്തില്‍ നാല് ഓവര്‍ പന്തെറിഞ്ഞ് വെറും 15 റണ്‍സ് മാത്രമാണ് താരം വഴങ്ങിയത്.
ഇപ്പോള്‍ ആദില്‍ റഷീദിനെ പ്രശംസിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് സൂപ്പര്‍ താരം കെവിന്‍ പീറ്റേഴ്‌സണ്‍. ആദില്‍ റഷീദ് ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നര്‍മാരില്‍ ഒരാളാണെന്നും ഐ.പി.എല്‍ മെഗാ ലേലത്തില്‍ ഒരു ടീമുകളും താരത്തെ സ്വന്തമാക്കാത്തത് അത്ഭുതപ്പെടുത്തിയെന്നും മത്സരത്തിന്റെ കമന്റേറ്റര്‍ കൂടിയായ പീറ്റേഴ്‌സണ്‍ പറഞ്ഞു.
കെവിന്‍ പീറ്റേഴ്‌സണ്‍.
‘അവന്‍ താരലേലത്തില്‍ അണ്‍സോള്‍ഡായത് എന്നെ ഏറെ അത്ഭുതപ്പെടുത്തി. ആദില്‍ റഷീദ് ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നര്‍മാരില്‍ ഒരാളാണ്, ഒരുപാട് അനുഭവസമ്പത്തും അവനുണ്ട്.
റാഷിദ് ഒരു മികച്ച വിക്കറ്റ് ടേക്കറും മാച്ച് വിന്നറുമാണ്. പോയ വര്‍ഷങ്ങളിലൊന്നും അവന്റെ പ്രകടനം താഴേയ്ക്ക് പോയിട്ടില്ല. പെര്‍ഫെക്ഷനോടെയാണ് അവന്‍ ഓരോ പന്തുമെറിയുന്നത്,’ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പീറ്റേഴ്‌സണ്‍ പറഞ്ഞു.
ഐ.പി.എല്ലില്‍ നേരത്തെ പഞ്ചാബ് കിങ്‌സിനും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനും വേണ്ടി കളിച്ച താരമാണ് ആദില്‍ റഷീദ്. രണ്ട് സീസണുകളിലായി വെറും മൂന്ന് മത്സരത്തിലാണ് താരം കളിച്ചത്. ഐ.പി.എല്ലില്‍ പറയത്തക്ക റെക്കോഡുകളൊന്നും തന്നെ ഇംഗ്ലണ്ട് ലെഗ്‌ബ്രേക്കറുടെ പേരിലില്ല.
മെഗാ ലേലത്തില്‍ രണ്ട് കോടി രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാന വില. എന്നാല്‍ ഒരു ഫ്രാഞ്ചൈസികളും താരത്തില്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല.
Content Highlight: Kevin Pietersen praises Adil Rashid