| Friday, 26th April 2019, 2:05 pm

കെവിന്‍ കൊല്ലപ്പെട്ടെന്ന് നീനുവിന്റെ സഹോദരന്‍ ഷാനു വിളിച്ചു പറഞ്ഞിരുന്നു; നിര്‍ണ്ണായക മൊഴി നല്‍കി സുഹൃത്ത് ലിജോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: കെവിന്‍ വധക്കേസില്‍ നിര്‍ണ്ണായക മൊഴി. കെവിന്‍ കൊല്ലപ്പെട്ടെന്ന് നീനുവിന്റെ സഹോദരന്‍ ഷാനു വിളിച്ചു പറഞ്ഞതായി സൂഹൃത്ത് കോടതിയില്‍ മൊഴി നല്‍കി. ലിജോയാണ് കോടതിയില്‍ മൊഴി നല്‍കിയത്. കൊല്ലപ്പെട്ട വിവരം വിളിച്ചു പറഞ്ഞത് സംഭവം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷമെന്നും മൊഴി നല്‍കി.

‘കെവിന്‍ മരിച്ചു. കൂടെ അനീഷ് എന്ന സുഹൃത്തിനെ പിടിച്ചിരുന്നു, അവനെ വെറുതെ വിടുകയാണ്’ എന്ന് ഷാനു പറഞ്ഞതായാണ് ലിജോ മൊഴി നല്‍കിയിരിക്കുന്നത്. കോട്ടയം പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതിയിലാണ് ലിജോ മൊഴി നല്‍കിയത്.

കേസിലെ ഒന്നാം പ്രതിയാണ് ഷാനു. മുന്‍പ് കെവിനെ കൊന്നത് തങ്ങളല്ലെന്ന വാദം ഇവര്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇത് വ്യജമാണെന്ന് തെളിയിക്കുന്ന വാദമാണ് ഇന്ന് ലിജോ നല്‍കിയത്.

വ്യത്യസ്ത ജാതിയില്‍പ്പെട്ട നീനുവും കെവിനും വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹം കഴിച്ചതിനാണ് നീനുവിന്റെ സഹോദരനും സംഘവും കെവിനെ കൊലപ്പെടുത്തിയെന്നായിരുന്നു പ്രൊസിക്യൂഷന്റെ വാദം. ദുരഭിമാനവും വിരോധവും മൂലമായിരുന്നു കൊല നടത്തിയതെന്നാണും പ്രോസിക്യൂഷന്‍ വാദിച്ചു.

ചാലിയേക്കര ആറ്റില്‍ വീഴ്ത്തി പ്രതികള്‍ മനപൂര്‍വ്വമാണ് കെവിനെ കൊലപ്പെടുത്തിയതെന്നാണ് പ്രൊസിക്യൂഷന്‍ വാദിക്കുന്നത്. കേസില്‍ ഗതാഗത മോട്ടോര്‍ വകുപ്പുകളുടെ ക്യാമറാ ദൃശ്യങ്ങള്‍ നിര്‍ണ്ണായകമാകും. മാന്നാനത്തെ സ്‌കൂളിന്റെ സിസിടിവിയിലും കെവിനെ തട്ടിക്കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more