| Wednesday, 14th August 2019, 11:40 am

കെവിന്‍ വധക്കേസ് വിധിപറയാന്‍ മാറ്റി ; വിധി 22 ന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: കെവിന്‍ വധക്കേസില്‍ വിധി പറയുന്നത് 22 ാം തിയതിയിലേക്ക് മാറ്റി. കോട്ടയം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത് മാറ്റിയത്.

കെവിന്‍ വധം ദുരഭിമാനക്കൊലയാണോ എന്ന കാര്യത്തില്‍ പ്രോസിക്യൂഷന്റേയും പ്രതിഭാഗത്തിന്റേയും അഭിപ്രായം കോടതി ഇന്ന് ആരാഞ്ഞിരുന്നു. അതില്‍ ആദ്യം വ്യക്തത വരുത്തണമെന്നും കോടതി പറഞ്ഞു.

ദുരഭിമാനക്കൊല തന്നെയാണ് നടന്നതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. ലിജോയും സാനു ചാക്കോവും നടത്തിയ ഫോണ്‍ സംഭാഷണം ഇതിന് തെളിവാണെന്നും അപൂര്‍വങ്ങളില്‍ അപൂര്‍മായ കേസാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

താഴ്ന്ന ജാതിയില്‍പ്പെട്ട ആളെ വിവാഹം കഴിക്കുന്നത് അപമാനമാണെന്നും കെവിനെ കൊല്ലുമെന്നും സാനു ചാക്കോ പറയുന്നതുമായ ഫോണ്‍ സംഭാഷണമായിരുന്നു പ്രോസിക്യൂഷന്‍ കോടതിക്ക് മുന്‍പില്‍ സമര്‍പ്പിച്ചത്.

എന്നാല്‍ ദുരഭിമാനക്കൊലയല്ല നടന്നതെന്നും വിവാഹം നടത്താമെന്ന് നീനുവിന്റെ അച്ഛന്‍ പറഞ്ഞിരുന്നെന്നുമായിരുന്നു പ്രതിഭാഗം വാദിച്ചത്. ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ ഒരു മാസത്തിനകം വിവാഹം നടത്താമെന്നായിരുന്നു പറഞ്ഞത്. എല്ലാവരും ഒരേ മതത്തില്‍പ്പെട്ട ആള്‍ക്കാരാണെന്നും അതുകൊണ്ട് തന്നെ നടന്നത് ദുരഭിമാന കൊലയല്ലെന്നും പ്രതിഭാഗം വാദിച്ചു.

ഇതിന് പിന്നാലെയാണ് കോടതി വിധി പറയുന്നത് മാറ്റിവെച്ചത്. നടന്നത് ദുരഭിമാനക്കൊലയാണോ എന്നതില്‍ തീരുമാനം എടുക്കേണ്ടതുണ്ടെന്നും ശിക്ഷാ നടപടികള്‍ തീരുമാനിച്ചുകഴിഞ്ഞെന്നും കോടതി ചോദിച്ചു.

കെവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതിന്റെ 440ാം ദിവസമായ ഇന്ന് വിധി പറയുമെന്നായിരുന്നു കോടതി വ്യക്തമാക്കിയത്. ദുരഭിമാനക്കൊലയുടെ വിഭാഗത്തില്‍ പെടുത്തിയാണ് വിചാരണ പൂര്‍ത്തിയാക്കിയതും.

തെന്മല സ്വദേശി നീനു ചാക്കോയെ വിവാഹം കഴിച്ചതിലുള്ള വിരോധം മൂലം നീനുവിന്റെ സഹോദരന്‍ സാനു ചാക്കോയുടെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോയ നട്ടാശേരി സ്വദേശി കെവിന്‍ പി.ജോസഫിനെ തെന്മലയ്ക്കു സമീപത്തെ ചാലിയക്കര പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയെന്നാണു കേസ്. 2018 മേയ് 28നായിരുന്നു സംഭവം.

കേരളത്തിലെ ആദ്യത്തെ ദുരഭിമാനകൊലക്കേസെന്ന നിലയിലാണ് കെവിന്‍വധക്കേസ് പരിഗണിക്കപ്പെടുന്നത്. ദലിത് ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട കെവിന്‍ പി. ജോസഫ് തെന്മല സ്വദേശി നീനു ചാക്കോയെ വിവാഹം കഴിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.

നീനുവിന്റെ സഹോദരന്‍ സാനു ചാക്കോയാണ് കേസിലെ ഒന്നാംപ്രതി. പിതാവ് ചാക്കോ അഞ്ചാം പ്രതിയും. സാനുവിന്റെ സുഹൃത്തുക്കള്‍ ഉള്‍പ്പെടെ 14 പ്രതികളാണ് വിചാരണ നേരിടുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more