കേരളവും സൗരാഷ്ട്രയും തമ്മിലുള്ള രഞ്ജി ട്രോഫി മത്സരം തിരുവനന്തപുരം കെ.സി.എ ഗ്രൗണ്ടില്‍ പുരോഗമിച്ചിട്ട് കൊണ്ടിരിക്കുകയാണ്. നിലവില്‍ സൗരാഷ്ട്ര ഒന്നാം ഇന്നിങ്‌സില്‍ 160ന് പുറത്തായി. നിധീഷ് എം.ഡിയുടെ മികച്ച ബൗളിങ്ങിന്റെ കരുത്തിലാണ് കേരളം ടീം സൗരാഷ്ട്രയെ കുഞ്ഞന്‍ സ്‌കോറില്‍ ഒതുക്കിയത്.
മത്സരത്തില്‍ ടോസ് നേടിയ കേരളം സൗരാഷ്ട്രയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ബാറ്റിങ് തുടങ്ങി ആദ്യ ഓവറില്‍ തന്നെ കേരളം സൗരാഷ്ട്രക്ക് ഓപ്പണര്‍ ഹാര്‍വിക് ദേശായിയെ നഷ്ടമായി. കേരളത്തിനായി എം.ഡി നിധീഷാണ് ആദ്യ വിക്കറ്റ് പിഴുതത്.
ഏറെ വൈകാതെ തന്നെ നിധീഷ് മറ്റൊരു ഓപ്പണറെ മടക്കി അടുത്ത പ്രഹരമേല്പിച്ചു. 20 പന്തില്‍ അഞ്ച് റണ്‍സെടുത്ത ചിരാഗ് ജനി സ്‌കോര്‍ ബോര്‍ഡില്‍ ഏഴ് റണ്‍സുള്ളപ്പോളാണ് മടങ്ങിയത്. അടുത്ത പന്തില്‍ നിധീഷ് നാലാമതായി ബാറ്റിങ്ങിനെത്തിയ അര്‍പ്പിത് വസന്തയെ ഗോള്‍ഡന്‍ ഡക്കാക്കി.
വണ്‍ ഡൗണായി ഇറങ്ങിയ ജയ് ഗോഹില്‍ പിന്നാലെത്തിയ പ്രേരക് മങ്കാദുമായി ചേര്‍ന്ന് ടീമിനെ പിടിച്ചുയര്‍ത്താന്‍ ശ്രമിച്ചു. ഇരുവരും കൂടി 69 റണ്‍സാണ് പടുത്തുയര്‍ത്തിയത്. 47 പന്തില്‍ 13 റണ്‍സെടുത്ത മങ്കാദിനെ മടക്കി ഈ കൂട്ടുകെട്ട് പൊളിച്ചത് നിധീഷായിരുന്നു.
അടുത്തതായി ക്രീസിലെത്തിയ അന്‍ഷ് ഗോസായി ഒരു റണ്‍സുമായി നിധീഷിന്റെ അടുത്ത ഓവറില്‍ തന്നെ തിരികെ നടന്നു. അതോടെ സമ്മാര്‍ ഗജ്ജാര്‍ ക്രീസിലെത്തി. താരം ഗോഹിലുമായി ചേര്‍ന്ന് 41 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഏറെ വൈകാതെ അത്രയും നേരം പിടിച്ച് നിന്ന ഗോഹില്‍ ഈഡന്‍ ആപ്പിള്‍ ടോമിന് മുന്നില്‍ വീണു. 123 പന്തില്‍ 84 റണ്‍സുമായായിരുന്നു താരത്തിന്റെ മടക്കം.
പിന്നീട സൗരാഷ്ട്രക്കായി ബാറ്റിങ്ങിന് എത്തിയവര്‍ വലിയ സ്‌കോര്‍ ഉയര്‍ത്താനാവാതെ കൃത്യമായ ഇടവേളകളില്‍ കൂടാരം കയറി. ആദ്യം മടങ്ങിയത് 56 പന്തില്‍ 23 റണ്‍സെടുത്ത ഗജ്ജാറാണ്. പിന്നാലെ, ധര്‍മേന്ദ്രസിങ് ജഡേജ (12 പന്തില്‍ 11), ക്യാപ്റ്റന്‍ ജയദേവ് ഉനദ്കട് (32 പന്തില്‍ 16) എന്നിവര്‍ തിരികെ നടന്നു.
പതിനൊന്നാമനായി ബാറ്റിങ്ങിനെത്തിയ ഹിറ്റെന്‍ കന്‍ബി യെ പുറത്താക്കി ബാബ അപരാജിത് സൗരാഷ്ട്രയുടെ ഇന്നിങ്‌സിന് വിരാമം കുറിച്ചു.
കേരളത്തിനായി നിധീഷ് എം. ഡി. 20 റണ്‍സ് മാത്രം വിട്ടുനല്‍കി ആറ് വിക്കറ്റ് വീഴ്ത്തി. ബാബ അപരാജിത് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ഈഡന്‍ ആപ്പിള്‍ ടോം ഒരു വിക്കറ്റും സ്വന്തമാക്കി.
നിലവില്‍ കേരളം ബാറ്റിങ് ആരംഭിച്ചിട്ടുണ്ട്. നാല് ഓവറുകള്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 15 റണ്‍സെടുത്തിട്ടുണ്ട്. 15 പന്തില്‍ ഒമ്പത് റണ്‍സെടുത്ത ആകര്‍ഷ് എ.കെയും എട്ട് പന്തില്‍ ആറ് റണ്‍സെടുത്ത രോഹന്‍ എസ്. കുന്നുമ്മലുമാണ് ക്രീസിലുള്ളത്.
Content Highlight: KERvSAU: Day one updates: Kerala dominates against Saurashtra in Ranji Trophy as Nidheesh MD takes six wickets