| Thursday, 26th November 2026, 4:22 pm

സയ്യിദ് മുഷ്താഖ് അലി ട്രോഫി: 67 റണ്‍സിന്റെ കൂറ്റന്‍ ജയവുമായി സഞ്ജുവിന്റെ കേരളം സൂപ്പര്‍ ലീഗ് റൗണ്ടിലേക്ക്

ദേവിക ജയചന്ദ്രന്‍

ഹിമാചല്‍ പ്രദേശിനെ 67 റണ്‍സിന് തകര്‍ത്തെറിഞ്ഞ് കേരളം സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സൂപ്പര്‍ ലീഗ് റൗണ്ടിലേക്ക് മുന്നേറി.

മുഹമ്മദ് അസ്ഹറുദ്ദീന്റെ വെടിക്കെട്ട് സെഞ്ച്വറി മികവില്‍ കേരളം മുന്നോട്ട് വെച്ചത് 269 റണ്‍സിന്റെ വിജയലക്ഷ്യമാണ്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹിമാചല്‍ പ്രദേശിന് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് നേടാനേ സാധിച്ചുള്ളു. ഗ്രൂപ്പില്‍ കേരളത്തിനും ഹിമാചലിനും ഒരേ പോയിന്റ് ആണെങ്കിലും മികച്ച റണ്‍റേറ്റ് കേരളത്തിന് തുണയായി.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കേരളം ഓപ്പണര്‍ മുഹമ്മദ് അസറുദ്ദീന്റെ വെടിക്കെട്ട് സെഞ്ച്വറി കരുത്തിലാണ് കൂറ്റന്‍ സ്‌കോറിലെത്തിയത്. 57 പന്തില്‍ 101 റണ്‍സ് നേടിയാണ് താരം കളം വിട്ടത്. എട്ട് ഫോറും ആറ് സിക്‌സും ഉള്‍പ്പെടെയാണ് താരം കേരളത്തിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത്. 177.19 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.

ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 21 പന്തില്‍ 44 റണ്‍സും രോഹന്‍ കുന്നുമ്മല്‍ 16 പന്തില്‍ 35 റണ്‍സും നേടി. വിഷ്ണു വിനോദ് 22 റണ്‍സ് നേടിയപ്പോള്‍ സല്‍മാന്‍ നിസാര്‍ 26 റണ്‍സും അബ്ദുള്‍ ബാസിത് 24 റണ്‍സും നേടി പുറത്താവാതെ നിന്നു.

കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഹിമാചല്‍ പ്രദേശിന് തുടക്കം തന്നെ പാളി. എട്ട് റണ്‍സിനിടെ ടീമിന് രണ്ട് വിക്കറ്റ് നഷ്ടമായി. ആയുഷ് ജാംവല്‍(4), വൈഭവ് ശര്‍മ(3) എന്നിവരാണ് തുടക്കത്തില്‍ തന്നെ പുറത്തായത്.

മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ പുഖ്‌രാജ് മാനും ഏകാന്ത് സെന്നും ചേര്‍ന്ന് അമ്പത് റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും 16 പന്തില്‍ 29 റണ്‍സെടുത്ത ക്യാപ്റ്റന്‍ പുറത്തായി.

അഞ്ചാമനായി ഇറങ്ങിയ നേഹല്‍ വധേര മൂന്ന് റണ്‍സ് എടുത്ത് മടങ്ങി. ക്രീസില്‍ ഉറച്ച് നിന്ന കളിച്ച ഏകാന്ത് സെന്‍ 39 റണ്‍സിനും പുറത്തായതോടെ ഹിമാചല്‍ 97/5 എന്ന നിലയില്‍ പരുങ്ങി.

ഏഴാം വിക്കറ്റില്‍ വൈഭവ് കല്‍ടയും ആര്യമാന്‍ സിങ്ങും അര്‍ധസെഞ്ച്വറി കൂട്ടുകെട്ട് ഉണ്ടാക്കിയെങ്കിലും 201 റണ്‍സിന് ഹിമാചലിന്റെ പോരാട്ടം അവസാനിച്ചു. കേരളത്തിന് 67 റണ്‍സിന്റെ കൂറ്റന്‍ ജയവും ഗ്രൂപ്പ് ജേതാക്കളായി സൂപ്പര്‍ ലീഗിലേക്കുള്ള യോഗ്യതയും.

കേരളത്തിന് വേണ്ടി കെ.എം. വൈശാഖ് ചന്ദ്രന്‍ രണ്ട് വിക്കറ്റ് നേടി. എം.ഡി. നിധീഷ്, കെ.എം. ആസിഫ്, കാര്‍ത്തിക് ബി. നായര്‍, അബ്ദുള്‍ ബാസിത് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

Content Hihglight: Keralam enters Syed Mushtaq Ali Trophy super league round after hunge win against Himachal Pradesh.

s

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more