| Tuesday, 24th November 2026, 1:53 pm

സെഞ്ച്വറി ജസ്റ്റ് മിസ്; അസറുദ്ദീനും രോഹനും അസമിനെ പൊളിച്ചടക്കി, കൂട്ടിന് സഞ്ജുവും!

ശ്രീരാഗ് പാറക്കല്‍

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ അസമിനെതിരെ കേരളത്തിന് തകര്‍പ്പന്‍ വിജയം. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിനാണ് കേരളം വിജയിച്ച് കയറിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അസം നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം 45 പന്ത് ബാക്കി നില്‍ക്കെ ഒരു വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു.

സൂപ്പര്‍ താരം മുഹമ്മദ് അസറുദ്ദീന്റെയും രോഹന്‍ കുന്നുമ്മലിന്റെയും വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തിന്റെ മികവിലാണ് കേരളം അനായാസം വിജയം നേടിയത്. 37 പന്തില്‍ ഒമ്പത് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 93 റണ്‍സാണ് താരം അടിച്ചെടുത്തത്. പുറത്താകാതെ 251.35 എന്ന വെടിക്കെട്ട് സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് ചെയ്തത്.

26 പന്തില്‍ അഞ്ച് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 53 റണ്‍സാണ് രോഹന്‍ നേടിയത്. 203.85 എന്ന സ്‌ട്രൈക്ക് റേറ്റായിരുന്നു രോഹന് ഉണ്ടായിരുന്നത്. റോഷന്‍ അലം ആയിരുന്നു താരത്തെ പുറത്താക്കിയത്. അതേസമയം സൂപ്പര്‍ താരം സഞ്ജു സാംസണായിരുന്നു വണ്‍ ഡൗണ്‍ പൊസിഷനില്‍ ഇറങ്ങിയത്. 13 പന്തില്‍ 14 റണ്‍സ് നേടിയാണ് താരം അസറുദ്ദീനൊപ്പം വിജയത്തിലേക്ക് നീങ്ങിയത്.

സഹതാരങ്ങള്‍ക്ക് വേണ്ടി തന്റെ ഓപ്പണിങ് പൊസിഷന്‍ വിട്ടു നല്‍കിയായിരുന്നു സഞ്ജു ടൂര്‍ണമെന്റില്‍ ബാറ്റ് ചെയ്യുന്നത്. മൂന്നാം നമ്പറിലും നാലാം നമ്പറിലും ഏഴാം നമ്പറിലും വരെ പല മത്സരങ്ങളിലും സഞ്ജു ബാറ്റ് വീശി. അസമിനെതിരായ വിജയത്തോടെ സഞ്ജു സാംസണിന്റെ നേതൃത്വത്തില്‍ കേരളം കുതിപ്പ് തുടരുകയാണ്. നിലവില്‍ ആറ് മത്സരങ്ങളില്‍ നിന്നും നാല് വിജയവും രണ്ട് തോല്‍വിയുമാണ് കേരളത്തിന്റെ സമ്പാദ്യം.

അതേസമയം മത്സരത്തില്‍ അസമിന് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടിയത് 49 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഡെനിസ് ദാസാണ്. റോട് സെന്‍ 26 റണ്‍സും നേടിയിരുന്നു. കേരളത്തിനായി വൈശാഖ് ചന്ദന്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ കാര്‍ത്തിക് ബി. നായര്‍, അബ്ദുള്‍ ബാസിത് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

Content Highlight: Kerala Won Against Assam In Syed Mushtaq Ali Trophy

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more