തിരുവനന്തപുരം: സുപ്രീംകോടതി ഉത്തരവുണ്ടായിട്ടും സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍മാര്‍ക്ക് സ്ഥിരനിയമനം നല്‍കാനാകില്ലെന്ന നിലപാടില്‍ കേരള സര്‍ക്കാര്‍.
സര്‍വശിക്ഷാ കേരളയില്‍ കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍മാര്‍ക്ക് സ്ഥിരനിയമനം നല്‍കാനാകില്ലെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സ്ത്യവാങ്മൂലം നല്‍കി.
ഇത്രയധികം നിയമനങ്ങള്‍ നടത്തുന്നത് സംസ്ഥാനത്തിന് അധികസാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു. ഓഗസ്റ്റ് 29ന് മുമ്പായി നിയമന നടപടികള്‍ ആരംഭിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശം കാറ്റില്‍പ്പറത്തിയാണ് സംസ്ഥാനത്തിന്റെ നീക്കം.
സ്ഥിരനിയമനത്തിന് പകരം ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ കരാര്‍ ജീവനക്കാരായി സ്ഥിരനിയമനം നല്‍കാമെന്നാണ് സര്‍ക്കാര്‍ നിലപാട്. കേരളത്തില്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലായി 93275ഓളം പ്രത്യേക പരിഗണന ആവശ്യമായ കുട്ടികളാണ് പഠിക്കുന്നത്.
ഇവര്‍ക്കായി 2700ഓളം സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍മാരെയാണ് സര്‍വശിക്ഷ കേരള കരാറടിസ്ഥാനത്തില്‍ നിയമിച്ചിരിക്കുന്നത്.
സമഗ്രശിക്ഷ കേരളയിലുള്ള സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍മാര്‍ക്ക് പുറമെ, വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍,എയ്ഡഡ് സ്‌കൂളുകളിലെ തെരഞ്ഞെടുക്കപ്പെട്ട അധ്യാപകര്‍ക്ക് പരിശീലനം നല്‍കി സേവനം ഉപയോഗപ്പെടുത്താനുള്ള നീക്കത്തെ കുറിച്ചും സത്യവാങ്മൂലത്തില്‍ പറയുന്നു.
എന്നാല്‍ ഇതുള്‍പ്പടെയുള്ള നിര്‍ദേശങ്ങള്‍ പരിശോധിച്ചതിന് ശേഷമായിരുന്നു സ്‌പെഷ്യല്‍ എജ്യുക്കേറ്റേഴ്‌സിന് സ്ഥിരം നിയമനം എന്നതിലേക്ക് സുപ്രീംകോടതി എത്തിച്ചേര്‍ന്നത്.
ഒന്നുമുതല്‍ എട്ട് വരെയുള്ള ക്ലാസുകളില്‍ 10:1 എന്ന രീതിയിലും 9 മുതല്‍ 12 വരെയുള്ള ഹയര്‍സെക്കന്ററി തലത്തില്‍ 15:1 എന്ന രീതിയിലുമാണ് പ്രത്യേകപരിഗണ ആവശ്യമായ വിദ്യാര്‍ത്ഥി, അധ്യാപക അനുപാതം.
കഴിഞ്ഞമാര്‍ച്ചില്‍ സുപ്രീംകോടതി അര്‍ഹരായ സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍മാര്‍ക്ക് തസ്തികകള്‍ സൃഷ്ടിച്ച് സ്ഥിരനിയമനം നല്‍കണമെന്നും മൂന്നുമാസത്തിനകം നിയമന നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. നീണ്ടനാളായി ജോലി ചെയ്യുന്നവര്‍ക്ക് പ്രായപരിധിയില്‍ ഇളവ് നല്‍കണമെന്നും ഉത്തരവിലുണ്ടായിരുന്നു.
ഈ ഉത്തരവ് പ്രകാരം മിക്ക സംസ്ഥാനങ്ങളും സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍മാര്‍ക്കായി തസ്തികകള്‍ സൃഷ്ടിച്ച് ജോലി സ്ഥിരപ്പെടുത്തല്‍ നടപടികള്‍ ആരംഭിച്ചെങ്കിലും കേരളം ഇതിനെ എതിര്‍ത്ത് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
Content Highlight: Kerala will not make special educators permanent despite Supreme Court’s statement; Affidavit filed in Supreme Court