| Tuesday, 7th July 2026, 7:39 am

പെയ്‌തൊഴിയാതെ പെരുമഴ; ഈ അഞ്ച് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം; മത്സ്യബന്ധനത്തിനും വിലക്ക്

ആദർശ് എം.കെ.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് (ജൂലൈ 7) മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

നാളെയും (ജൂലൈ 8) വിവിധ ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നാളെ ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ സമുദ്രനിരപ്പില്‍ ഒരു തീരദേശ ന്യൂനമര്‍ദപാത്തി സ്ഥിതിചെയ്യുന്നതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കൂടാതെ, തെക്കന്‍ ജാര്‍ഖണ്ഡിനും അതിനോട് ചേര്‍ന്നുള്ള വടക്കന്‍ ഒഡീഷയ്ക്കും മുകളിലായി ഒരു തീവ്രന്യൂനമര്‍ദവും നിലനില്‍ക്കുന്നുണ്ട്. ഇത് വടക്ക്-പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാനാണ് സാധ്യത.

ഈ സാഹചര്യത്തില്‍ ജൂലൈ പത്ത് വരെ കേരളത്തിലും മാഹിയിലും നേരിയതോ ഇടത്തരമോ ആയ മഴ തുടരാന്‍ സാധ്യതയുണ്ട്.

ജൂലൈ എട്ട് വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും, ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും, ചില സമയങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റ് വീശിയടിച്ചേക്കാം.

തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ തീരങ്ങളില്‍ നാളെ രാത്രി 11:30 വരെ 2.9 മുതല്‍ 3.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ട്.

അപകടസാധ്യത കണക്കിലെടുത്ത് കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ നാളെ വരെയും, കര്‍ണാടക തീരത്ത് ഈ മാസം 10 വരെയും മത്സ്യബന്ധനത്തിന് പോകുന്നത് കേന്ദ്ര കാലാവസ്ഥ വകുപ്പ് പൂര്‍ണമായും വിലക്കിയിട്ടുണ്ട്.

Content Highlight: Kerala Weather Updates: Yellow Alert in Northern Districts

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more