| Monday, 8th June 2026, 8:15 am

കേരളത്തില്‍ പെരുമഴ പെയ്യും; ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍, വടക്കന്‍ കേരളത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം

ആദര്‍ശ് എം.കെ.

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം അതിശക്തമായി തുടരുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. വടക്കന്‍ കേരളത്തിലാണ് മഴ കൂടുതല്‍ ശക്തമാകാന്‍ സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്.

അതിശക്തമായ മഴ ലഭിക്കുന്ന ഇടങ്ങളില്‍ 24 മണിക്കൂറില്‍ 115.6 മില്ലി മീറ്റര്‍ മുതല്‍ 204.4 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

ജൂണ്‍ 08 (ഇന്ന്): വടക്കന്‍ കേരളത്തിലെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് എന്നീ 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്.

ജൂണ്‍ 09 (നാളെ): മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു.

കനത്ത മഴയെത്തുടര്‍ന്ന് സാങ്കേതിക സര്‍വകലാശാല (കെ.ടി.യു) ഇന്ന് (ജൂണ്‍ 08) നടത്താനിരുന്ന എല്ലാ തിയറി പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് തിരുവനന്തപുരത്തെ അരുവിക്കര ഡാമിന്റെ ഒന്ന് മുതല്‍ നാല് വരെയുള്ള ഷട്ടറുകള്‍ ഇന്ന് രാവിലെ എട്ട് മണിക്ക് പത്ത് സെന്റീമീറ്റര്‍ വീതം അധികമായി ഉയര്‍ത്തും. ആകെ 80 സെന്റീമീറ്റര്‍ ആണ് ഷട്ടറുകള്‍ ഉയര്‍ത്തുക.

കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ ജൂണ്‍ ഒമ്പത് വരെ മത്സ്യബന്ധനത്തിന് പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചിലപ്പോള്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

രാത്രികാലങ്ങളില്‍ മലയോര മേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് നിര്‍ദേശമുണ്ട്. വിനോദസഞ്ചാരികള്‍ ജലാശയങ്ങളില്‍ ഇറങ്ങുന്നതിനും വെള്ളച്ചാട്ടങ്ങള്‍ സന്ദര്‍ശിക്കുന്നതിനും വിലക്കുണ്ട്.

ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര മേഖലകളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കുകയും ആവശ്യമെങ്കില്‍ ക്യാമ്പുകളിലേക്ക് മാറി താമസിക്കുകയും വേണം.

ശക്തമായ കാറ്റില്‍ മരങ്ങള്‍ വീഴാന്‍ സാധ്യതയുള്ളതിനാല്‍ മരങ്ങള്‍ക്കടിയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്.

വൈദ്യുതി കമ്പികള്‍ പൊട്ടിവീഴാന്‍ സാധ്യതയുള്ളതിനാല്‍ കാല്‍നടയാത്രക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണം.

നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ ഇറങ്ങാന്‍ പാടുള്ളതല്ല.

ഇടിമിന്നലുള്ള സമയത്ത് തുറസായ സ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കുക.

Content Highlight: Kerala Weather Updates

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more