| Sunday, 7th June 2026, 8:49 am

കേരളത്തില്‍ കാലവര്‍ഷം ശക്തമാകുന്നു; വടക്കന്‍ കേരളത്തില്‍ അതീവ ജാഗ്രത, ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

ആദർശ് എം.കെ.

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം അതിശക്തമായ സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. വടക്കന്‍ കേരളത്തില്‍ അടുത്ത രണ്ട് ദിവസം കൂടി മഴ ശക്തമായി തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് നിലവിലുള്ളത്.

നാളെയും മലപ്പുറം മുതല്‍ കാസറഗോഡ് വരെയുള്ള അഞ്ച് വടക്കന്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് തുടരും.

കൂടാതെ, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

മലയോര മേഖലകളില്‍ താമസിക്കുന്നവര്‍ പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

കടല്‍ക്ഷോഭത്തിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജൂണ്‍ ഒമ്പത് വരെ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ വരെ വീശിയടിക്കാവുന്ന കാറ്റിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മണ്ണിടിച്ചില്‍ ഭീഷണിയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണം. താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും ഉള്ളവര്‍ ജില്ലാ ഭരണകൂടങ്ങളുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് മാറിതാമസിക്കാന്‍ തയ്യാറാകണം. മലയോര മേഖലകളിലേക്കുള്ള യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.

Content Highlight: Kerala Weather Updates

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more