| Thursday, 23rd October 2025, 7:54 am

കേരളത്തില്‍ പെയ്‌തൊഴിയാതെ പെരുമഴ; വിവിധ ജില്ലകളില്‍ ഇന്നും നാളെയും മുന്നറിയിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അറബിക്കടലില്‍ തീവ്ര ന്യൂനമര്‍ദവും ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തി കൂടിയ ന്യൂനമര്‍ദവും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട് കോഴിക്കോട്, മലപ്പുറം, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഇന്ന് (വ്യാഴം) യെല്ലോ അലേര്‍ട്ടാണ്. മറ്റ് ജില്ലകളില്‍ മഴ മുന്നറിയിപ്പില്ല. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട് കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നാളെയും യെല്ലോ അലേര്‍ട്ടുണ്ട്.

ഇവിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാഹചര്യമാണ് പ്രവചിക്കുന്നത്. അടുത്ത 24 മണിക്കൂറില്‍ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം/ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.

അപകടകരമായ നിലയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ സംസ്ഥാനത്തെ വിവിധ ഡാമുകളില്‍ റെഡ് അലേര്‍ട്ട് തുടരുകയാണ്. ഡാമുകള്‍ക്ക് സമീപം താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

മലയോര മേഖലയിലുള്ളവരും, തീരദേശവാസികളും ജാഗ്രത പാലിക്കണം. കേരളതീരത്ത് മത്സ്യബന്ധനത്തിനേര്‍പ്പെടുത്തിയ വിലക്ക് തുടരും.

Content Highlight: Kerala Weather Updates

We use cookies to give you the best possible experience. Learn more