രഞ്ജി ട്രോഫിയില്‍ കേരളവും മധ്യപ്രദേശും തമ്മിലുള്ള മത്സരത്തിലെ രണ്ടാം ദിവസം അവസാനിച്ചു. ആദ്യ ഇന്നിങ്‌സില്‍ 281 റണ്‍സിന് കേരളം പുറത്തായിരുന്നു. തുടര്‍ന്ന് ലീഡ് ലക്ഷ്യമിട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മധ്യപ്രദേശ് നിലവില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സാണ് നേടിയത്.
കേരളത്തിന്റെ മികച്ച ബൗളിങ് അറ്റാക്കിലാണ് മധ്യപ്രദേശിനെ തകര്‍ച്ചയിലേക്ക് എത്തിച്ചത്. അഭിജിത് പ്രവീണ്‍, ഈഡന്‍ ആപ്പിള്‍ ടോം എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ ബാബ അപരാജിത്, എം.ഡി. നിതീഷ് എന്നിവര്‍ ഓരോ വിക്കറ്റുകളും ടീമിന് വേണ്ടി നേടി.
മധ്യപ്രദേശിന് വേണ്ടി ക്രീസിലുള്ളത് 76 പന്തില്‍ 41 റണ്‍സ് നേടിയ ശരണ്‍ശ് ജെയ്‌നാണ്. അഞ്ച് ഫോറുകളാണ് താരം നേടിയത്. ആര്യന്‍ പാണ്ഡെ 79 പന്തില്‍ നിന്ന് 33 റണ്‍സാണ് താരം നേടിയത്. ഒരു സിക്‌സും ഫോറും വീതമാണ് താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. ഇരുവരുടേയും കൂട്ടുകെട്ട് മധ്യപ്രദേശിന് പ്രതീക്ഷ നല്‍കുന്നതാണ്. അതേസമയം മത്സരം പുനരാരംഭിക്കുമ്പോള്‍ കേരളം ഇരുവരുടേയും വിക്കറ്റ് ലക്ഷ്യം വെച്ചാവും കളത്തിലിറങ്ങുന്നത്.
തുടക്കത്തില്‍ തന്നെ മധ്യപ്രദേശിന് യാഷ് ദുബെയെ പൂജ്യം റണ്‍സിന് നഷ്ടമായി. പിന്നീട് ഓപ്പണര്‍ ഹര്‍ഷ് ഗൗളി 21 റണ്‍സ് നേടിയാണ് പുറത്തായത്. മൂന്നാമനായി ഇറങ്ങിയ ഹിമാന്‍ശു മാന്ത്രിയും 21 റണ്‍സ് നേടിയാണ് കൂടാരം കയറിയത്. ക്യാപ്റ്റന്‍ ശുഭം ശര്‍മ 10 റണ്‍സിന് മടങ്ങിയപ്പോള്‍ റിഷബ് ചൗഹാന്‍ 21 റണ്‍സിനും പുറത്തായി.
അതേസമയം ഏഴ് വിക്കറ്റിന് 246 റണ്‍സെന്ന നിലയില്‍ രണ്ടാം ദിവസം ബാറ്റിങ് തുടങ്ങിയ കേരളത്തിന് 35 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ശേഷിക്കുന്ന മൂന്ന് വിക്കറ്റുകളും നഷ്ടമായി. സെഞ്ച്വറിക്ക് രണ്ട് റണ്‍സ് അകലെ 98 റണ്‍സില്‍ നില്‍ക്കെയാണ് ബാബ അപരാജിത് പുറത്തായത്. 186 പന്തുകള്‍ നേരിട്ട് എട്ട് ബൗണ്ടറികളടക്കമാണ് അപരാജിത് 98 റണ്‍സ് നേടിയത്. മധ്യപ്രദേശിന് വേണ്ടി മൊഹമ്മദ് അര്‍ഷദ് ഖാന്‍ നാലും ശരന്‍ശ് ജെയിന്‍ മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി.
Content Highlight: Kerala VS Madhyapradesh Ranji Trophy match Update