| Monday, 17th February 2025, 1:20 pm

രഞ്ജി ട്രോഫിയില്‍ ഗുജറാത്തിനെതിരെ കേരളം പൊരുതുന്നു; നിര്‍ണായക മത്സരത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടു

സ്പോര്‍ട്സ് ഡെസ്‌ക്

രഞ്ജി ട്രോഫി സെമിഫൈനല്‍ മത്സരത്തില്‍ കേരളവും ഗുജറാത്തും അഹമ്മദാബാദില്‍ ഏറ്റുമുട്ടിക്കൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ കേരളം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. നിലവില്‍ 40 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 87 റണ്‍സ് ആണ് കേരളം നേടിയത്.

കേരളത്തിനുവേണ്ടി ഓപ്പണിങ് ഇറങ്ങിയ അക്ഷയ് ചന്ദ്രനും രോഹന്‍ കുന്നുമ്മലും മികച്ച തുടക്കമായിരുന്നു ടീമിന് നല്‍കിയത്. എന്നാല്‍ 71 പന്തില്‍നിന്ന് 5 ഫോര്‍ ഉള്‍പ്പെടെ 30 റണ്‍സ് ആണ് അക്ഷയ് ചന്ദ്രന്‍ നേടിയത്. ആര്യ ദേശായി റണ്‍ ഔട്ട് ചെയ്യുകയായിരുന്നു താരത്തെ.

അതേസമയം രോഹന്‍ 68 പന്തില്‍ നിന്ന് 5 ഫോര്‍ ഉള്‍പ്പെടെ 30 റണ്‍സ് നേടിയപ്പോള്‍ രവി ബിഷ്ണോയി എല്‍.ബി.ഡബ്ല്യൂവിലൂടെ താരത്തെ പുറത്താക്കുകയായിരുന്നു. വരുണ്‍ നായാനാര്‍ 55 പന്തില്‍ നിന്ന് 10 റണ്‍സ് നേടിയാണ് പുറത്തായത്.

നിലവില്‍ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും ജലജ് സക്‌സേനയുമാണ് (0)* ക്രീസില്‍. സച്ചിന്‍ 48 പന്തില്‍ 2 ഫോര്‍ ഉള്‍പ്പെടെ 13 റണ്‍സ് നേടി. നിര്‍ണായകമായ സെമിഫൈനല്‍ മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ മികച്ച സ്‌കോറിലേക്കാണ് കേരളം ലക്ഷ്യം വെക്കുന്നത്.

ഗുജറാത്തിന്റെ ബൗളിങ് നിരയെ പ്രതിരോധിക്കാന്‍ സാധിച്ചാല്‍ ആദ്യ ഇന്നിങ്‌സില്‍ മികച്ച നിലയില്‍ ദിവസം അവസാനിപ്പിക്കാന്‍ ആവും കേരളം ശ്രമിക്കുക. നിര്‍ണായകമായ ക്വാര്‍ട്ടര്‍ ഫൈനലില്‍ ജമ്മു കശ്മീരിനെതിരെ ഒരു റണ്‍സ് ലീഡിന്റെ ബലത്തില്‍ കേരളം സമനില പിടിച്ചിരുന്നു. സല്‍മാന്‍ നിസാറിന്റെ പ്രകടനത്തിലാണ് കേരളം സെമിയില്‍ എത്തിയത്.

Content Highlight: Kerala VS Gujarat Ranji Trophy Semi Final Match

We use cookies to give you the best possible experience. Learn more