തിരുവനന്തപുരം: കേരള സര്‍വകലാശാല വി.സി. മോഹനന്‍ കുന്നുമ്മലിനെ കാറിനകത്ത് തടഞ്ഞുവെച്ച സംഭവത്തില്‍ എസ്.എഫ്.ഐ നേതാക്കളുള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ്.
എസ്.എഫ്. ഐ സംസ്ഥാന അധ്യക്ഷന്‍ എം. ശിവപ്രസാദ്, വൈഭവ് ചാക്കോ, അശ്വിന്‍ തുടങ്ങിയവരാണ് പ്രതി പട്ടികയിലുള്ളത്.
ഗവേഷക വിദ്യാര്‍ത്ഥിക്ക് എതിരെ ജാതി അധിക്ഷേപം നടത്തിയ സംസ്‌കൃത വിഭാഗം മേധാവി ഡോ. സി.എന്‍. വിജയകുമാരിക്ക് എതിരെ നടപടിയാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് വി.സിയെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞത്.
സംഭവത്തില്‍ എസ്.എഫ്.ഐ സംസ്ഥാന നേതാക്കളേയും രണ്ട് സെനറ്റ് അംഗങ്ങളേയും പ്രതികളാക്കി പൊലീസ് കേസെടുക്കുകയായിരുന്നു. വി.സിയെ തടഞ്ഞുവെച്ചു, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് എഫ്.ഐ.ആറില്‍ ചുമത്തിയിരിക്കുന്നത്.
ബുധനാഴ്ചയാണ് ഗവേഷക വിദ്യാര്‍ത്ഥിയെ ജാതീയമായി അധിക്ഷേപിച്ച വിജയകുമാരിക്ക് എതിരെ സെനറ്റിന് അകത്തും പുറത്തും ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ കനത്ത പ്രതിഷേധം നടന്നത്.
സംഘര്‍ഷത്തിന് പിന്നാലെ സെനറ്റ് യോഗം പിരിച്ചുവിട്ട് പുറത്തിറങ്ങിയ വി.സിയെ എഫ്.എഫ്.ഐ പ്രവര്‍ത്തകര്‍ അര മണിക്കൂറോളം സര്‍വകലാശാലയില്‍ തടഞ്ഞുവെച്ചിരുന്നു. പിന്നീട് പൊലീസ് ഇടപെടലിലാണ് വി.സിക്ക് പുറത്ത് കടക്കാനായത്.
സെനറ്റ് യോഗം ആരംഭിച്ചപ്പോള്‍ മുതല്‍ സി.എന്‍ വിജയകുമാരിയെ പങ്കെടുപ്പിക്കുന്നതിനെ ഇടത് അംഗങ്ങള്‍ എതിര്‍ത്തിരുന്നു.
ഗവേഷക വിദ്യാര്‍ത്ഥി വിപിന്‍ വിജയനെതിരെ വിജയകുമാരി ജാതി അധിക്ഷേപം നടത്തിയെന്ന് ഇടത് സിന്‍ഡിക്കേറ്റ് അംഗം അഡ്വ. മുരളീധരന്‍ പരാതി ഉന്നയിക്കുകയും ചെയ്തു.
സെനറ്റ് യോഗത്തില്‍ നിന്നും വിജയകുമാരിയെ മാറ്റി നിര്‍ത്താതെ യോഗം നടത്താനാകില്ലെന്നായിരുന്നു ഇടത് അംഗങ്ങളുടെ ആവശ്യം.
ഇത് വി.സി നിരസിക്കുകയും തുടര്‍ന്ന് വിജയകുമാരിയെ സംരക്ഷിച്ച് ബി.ജെ.പി അംഗങ്ങള്‍ രംഗത്തെത്തുകയുമായിരുന്നു.
പിന്നീട് സംഘര്‍ഷം കയ്യാങ്കളിയിലേക്ക് കടന്നതോടെ ഔദ്യോഗിക പ്രമേയങ്ങള്‍ പാസായതായി പ്രഖ്യാപിച്ച് വി.സി പിന്‍വശത്തെ വാതിലിലൂടെ പുറത്തിറങ്ങി.
എന്നാല്‍, കാറില്‍ കയറിയ വി.സിയെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു. അരമണിക്കൂറിന് ശേഷവും വി.സിക്ക് പുറത്തുകടക്കാന്‍ സാധിക്കാതെ വന്നതോടെ അദ്ദേഹം തുടര്‍ന്ന് രാജ് ഭവനെ ബന്ധപ്പെടുകയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കമെത്തി വി.സി.ക്ക് വഴിയൊരുക്കുകയുമായിരുന്നു.
Content Highlight: Kerala University VC stopped in car incident: Case filed against SFI leaders