തിരുവനന്തപുരം: കേരള സർവകലാശാലയിൽ വി.സിയുടെ എതിർപ്പ് മറികടന്ന് രജിസ്ട്രാറുടെ സസ്‌പെൻഷൻ റദ്ദാക്കി. സിൻഡിക്കേറ്റ് യോഗത്തിലാണ് രജിസ്ട്രാർ കെ.എസ് അനിൽ കുമാറിന്റെ സസ്‌പെൻഷൻ റദ്ദാക്കിയത്.
ഇന്ന് നടന്ന യോഗത്തിലാണ് സിൻഡിക്കേറ്റ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്. കാവിക്കൊടിയേന്തിയ സ്ത്രീയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ വൈസ് ചാൻസിലർ ഡോ. മോഹനൻ കുന്നുമ്മേൽ രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്യാൻ ഉത്തരവിട്ടിട്ടിരുന്നു. ഈ ഉത്തരവാണ് സിൻഡിക്കേറ്റ് യോഗത്തിൽ ഇപ്പോൾ റദ്ദാക്കിയത്.
ഈ വിഷയം അന്വേഷിക്കാനായി മൂന്ന് അംഗ സമിതിയെയും സിൻഡിക്കേറ്റ് നിയമിച്ചിട്ടുണ്ട്. ഡോ. ഷിജു ഖാൻ, അഡ്വ. ജെ. മുരളീധരൻ, ഡോ. നസീബ് എന്നിവരാണ് മൂന്ന് അംഗ സമിതിയിലുള്ളത്. ഇടതുപക്ഷ സിൻഡിക്കേറ്റ് അംഗങ്ങളാണ് ഇവർ മൂന്നുപേരും.
അതേസമയം ഈ വിഷയം കോടതിയെ അറിയിക്കാനായി സ്റ്റാന്റിങ് കൗൺസിലിന്റെയും രജിസ്ട്രാർ ഇൻ ചാർജിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇന്ന് രാവിലെ യോഗം ആരംഭിച്ചപ്പോൾ തന്നെ ഈ വിഷയം ചർച്ച ചെയ്യണമെന്നായിരുന്നു സിൻഡിക്കേറ്റ് ആവശ്യപ്പെട്ടത്. അതോടൊപ്പം വൈസ് ചാൻസിലറുടെ നിലപാട് താത്കാലിക വൈസ് ചാൻസിലറായ ഡോ. സിസ തോമസ് റിപ്പോർട്ട് ചെയ്തിരുന്നു. ഡോ. സിസി തോമസിന്റെ വിയോജനക്കുറിപ്പ് തള്ളിയാണ് സിന്‍ഡിക്കേറ്റിന്റെ തീരുമാനം.
ഇടതുപക്ഷ സിൻഡിക്കേറ്റ് അംഗങ്ങൾ ആദ്യം തന്നെ ആവശ്യപ്പെട്ടിരുന്നത് അജണ്ടയിലില്ലായിരുന്ന രജിസ്ട്രാർക്കെതിരെയുള്ള നടപടി റദ്ദാക്കണമെന്നതായിരുന്നു. പക്ഷെ വി.സി അത് ചർച്ച ചെയ്യാൻ തയാറായിരുന്നില്ല. എന്നാൽ ഇടതുപക്ഷ അംഗങ്ങൾ തങ്ങളുടെ തീരുമാനത്തിൽ ഉറച്ച് നിൽക്കുകയും ഇത് തർക്കത്തിലേക്ക് പോവുകയും ചെയ്തു. ഇതിനിടയിൽ ഇടതുപക്ഷ സിൻഡിക്കേറ്റ് അംഗങ്ങൾ തങ്ങളുടെ ഭൂരിപക്ഷം ഉപയോഗിച്ച് രജിസ്ട്രാർക്കെതിരെയുള്ള നടപടി റദ്ദാക്കി. ഈ വിവരമായിരിക്കും നാളെ സിൻഡിക്കേറ്റിന്റെ വിശദീകരണമായിട്ട് പോവുക.
Content Highlight: Kerala University Registrar’s suspension revoked; decision taken in syndicate meeting