തൃശൂര്‍: കേരള ആരോഗ്യ സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ 35ല്‍ 24 സീറ്റിലും വിജയിച്ച് എസ്.എഫ്.ഐ. നോമിനേഷന്‍ പ്രക്രിയ പൂര്‍ത്തിയായപ്പോള്‍ 24 സീറ്റില്‍ എസ്.എഫ്.ഐ എതിരില്ലാതെ വിജയിക്കുകയായിരുന്നു.
തെരഞ്ഞെടുക്കപ്പെട്ട എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ് പി.എസ് അഭിവാദ്യങ്ങള്‍ അറിയിച്ചു.
‘ആരോഗ്യ സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ് 35 സീറ്റുകളില്‍ 24 സീറ്റുകളിലും എസ്.എഫ്.ഐക്ക് എതിരില്ല. കലോത്സവ തട്ടിപ്പ് വീരന്മാരും മൗദൂദി നിലപാടുകാരുമായ എം.എസ്.എഫിനെയും മരട്, മാങ്കൂട്ടം പിന്‍ഗാമികളായ കെ.എസ്.യുവിനെയും കേരളത്തിലെ പ്രബുദ്ധ വിദ്യാര്‍ത്ഥികള്‍ കൈയൊഴിഞ്ഞു.
എസ്.എഫ്.ഐക്ക് വോട്ട് നല്‍കിയ മതനിരപേക്ഷ, ജനാധിപത്യ വിദ്യാര്‍ത്ഥികള്‍ക്ക് അഭിവാദ്യങ്ങള്‍,’ സഞ്ജീവ് പി.എസ് സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ചു.
ഒരു മാസം മുമ്പ് നടന്ന ആരോഗ്യ സര്‍വകലാശാല ജനറല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പിലും എസ്.എഫ്.ഐ മിന്നും വിജയം നേടിയിരുന്നു. ജനറല്‍ കൗണ്‍സിലിലേക്കുള്ള പത്ത് സീറ്റുകളില്‍ എട്ടും എസ്.എഫ്.ഐ പിടിച്ചെടുത്തു.
മെമ്പര്‍ മോഡേണ്‍ മെഡിസിന്‍ അശ്വിന്‍ എ.എം, മെമ്പര്‍ നഴ്‌സിങ് (ജനറല്‍) അറഫാത്ത് എന്‍, മെമ്പര്‍ നേഴ്‌സിങ് (വുമണ്‍) ആര്യ പി, ലിയ റോസ്, മെമ്പര്‍ ഫാര്‍മസി (വുമണ്‍) ഫെമിതാ ഷെറിന്‍, മെമ്പര്‍ അദര്‍ താന്‍ തെ സബ്‌ജെക്ട് (ജനറല്‍) അഫ്‌സല്‍ കെ, മെമ്പര്‍ ഡെന്റല്‍ സയന്‍സ് ആകാശ് ലവ്ജന്‍, മെമ്പര്‍ ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍ ഹൃദ്യ ആര്‍ എന്നിവരാണ് ജനറല്‍ കൗണ്‍സിലലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
കഴിഞ്ഞ വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്ക് ജനറല്‍ കൗണ്‍സില്‍ നഷ്ടമായിരുന്നു. ഇത്തവണ എം.എസ്.എഫില്‍ നിന്നാണ് എസ്.എഫ്.ഐ ജനറല്‍ കൗണ്‍സില്‍ പിടിച്ചെടുത്തത്.
Content Highlight: Kerala University of Health sciences Union election; SFI wins 24 out of 35 seats