| Thursday, 12th June 2025, 7:16 am

ട്രാവല്‍ സൈറ്റുകളുടെ ആഗോള റാങ്കിങ്ങില്‍ കേരള ടൂറിസം രണ്ടാം സ്ഥാനത്ത്; സന്തോഷ വാര്‍ത്തയുമായി പി.എ. മുഹമ്മദ് റിയാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരയുന്ന ട്രാവല്‍ വെബ്‌സൈറ്റുകളില്‍ ഒന്നായി കേരള ടൂറിസം. സംസ്ഥാന പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് ഇക്കാര്യം അറിയിച്ചത്.

ട്രാവല്‍ സൈറ്റുകളുടെ ആഗോള റാങ്കിങ്ങില്‍ ലോകത്ത് രണ്ടാം സ്ഥാനത്താണ് കേരള ടൂറിസമെന്ന് മന്ത്രി പറഞ്ഞു. സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് മന്ത്രി ഈ സന്തോഷവാര്‍ത്ത അറിയിച്ചത്.

ഇന്ത്യയിലെ ടൂറിസം വെബ്സൈറ്റുകള്‍ക്കിടയില്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനവും കേരള ടൂറിസത്തിനാണെന്നും മന്ത്രി പറഞ്ഞു. കേരള ടൂറിസത്തിന് പിന്തുണ നല്‍കുന്ന എല്ലാവര്‍ക്കും നന്ദി അറിയിച്ചുകൊണ്ടാണ് മന്ത്രിയുടെ പോസ്റ്റ്. 60 ലക്ഷത്തിലധികം ഉപഭോക്താക്കളുള്ള വെബ്സൈറ്റിന് ഒന്നരക്കോടിയിലധികം പേജ് വ്യൂസാണ് ഉള്ളത്.

പോസ്റ്റിന്റെ പൂര്‍ണരൂപം:

ഒരു സന്തോഷവാര്‍ത്ത
പങ്കുവെക്കട്ടേ…

ആഗോളതലത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരയുന്ന ട്രാവല്‍ വെബ്‌സൈറ്റുകളില്‍ ഒന്നായി കേരളാടൂറിസത്തിന്റെ വെബ്‌സൈറ്റ് മാറിക്കൊണ്ടിരിക്കുകയാണ്. ട്രാവല്‍ സൈറ്റുകളുടെ ആഗോള റാങ്കിങ്ങില്‍ ലോകത്ത് രണ്ടാംസ്ഥാനത്താണ് കേരളാടൂറിസം. നമ്മുടെ രാജ്യത്തെ ടൂറിസം വെബ്സൈറ്റുകള്‍ക്കിടയില്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ ഒന്നാംസ്ഥാനവും കേരളാടൂറിസത്തിനാണ്.
കേരളാടൂറിസത്തിന്റെ പ്രചാരകരായി
പിന്തുണ നല്‍കുന്ന എല്ലാവര്‍ക്കും നന്ദി…

കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (കെ.ടി.ഡി.സി) ആണ് കേരളത്തിലെ ടൂറിസം പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നത്. തിരുവനന്തപുരത്താണ് കെ.ടി.ഡി.സിയുടെ ആസ്ഥാനം. സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും കെ.ടി.ഡി.സിയുടെ ഓഫീസുകളുണ്ട്.

കേരളത്തെ ഒരു മുന്‍നിര വിനോദസഞ്ചാര കേന്ദ്രമായി മാറ്റുക, കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കണ്ടെത്തി അവ പ്രചരിപ്പിക്കുക, പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വികസിപ്പിക്കുന്നതിന് പിന്തുണ നല്‍കുക, വിനോദസഞ്ചാരികള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള ഹോസ്പിറ്റാലിറ്റി സേവനങ്ങള്‍ നല്‍കുക, വിനോദസഞ്ചാര കേന്ദ്രങ്ങളെ കുറിച്ചുള്ള വിവിധ വിവരങ്ങള്‍ക്കും മറ്റ് അനുബന്ധ വിവരങ്ങള്‍ക്കും ഒരു ഏക ഉറവിട ലക്ഷ്യസ്ഥാനമായി പ്രവര്‍ത്തിക്കുക, സാമ്പത്തികവും സാമൂഹികവുമായ ലാഭകരമായ പദ്ധതികളിലൂടെ സര്‍ക്കാരിന് ഉയര്‍ന്ന വരുമാനം ഉറപ്പാക്കുകയും അതുവഴി തൊഴില്‍ നല്‍കുകയും ചെയ്യുക തുടങ്ങിയവയാണ് കെ.ടി.ഡി.സിയുടെ പ്രധാന ലക്ഷ്യങ്ങള്‍.

സംസ്ഥാന സര്‍ക്കാരിന് മികച്ച രീതിയില്‍ വരുമാനം ലഭിക്കുന്ന മേഖല കൂടിയാണ് ടൂറിസം.

Content Highlight: Kerala Tourism ranks second in global ranking of travel sites; P.A. Muhammed Riyaz shares good news

We use cookies to give you the best possible experience. Learn more