| Tuesday, 15th May 2018, 6:48 pm

ഇത് പരസ്യമാണോ ട്രോള്‍ ആണോ; കര്‍ണാടക എം.എല്‍.എമാര്‍ക്ക് സുരക്ഷിതമായ റിസോര്‍ട്ട് വാഗ്ദാനം ചെയ്ത് കേരള ടൂറിസം വകുപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കര്‍ണാടക തെരഞ്ഞെടുപ്പ് നാടകീയ സംഭവങ്ങളിലേക്ക് വഴിമാറവെ വ്യത്യസ്തമായ പരസ്യവുമായി കേരള ടൂറിസത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍. രാഷ്ട്രീയ കുതിരക്കച്ചവടം നടന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ കര്‍ണാടകയിലെ എം.എല്‍.എമാര്‍ക്ക് സുരക്ഷിതമായ റിസോര്‍ട്ട് തയ്യാറാണെന്നാണ് കേരള ടൂറിസം ട്വീറ്റ് ചെയ്തിരിക്കുന്നത്.

“വാശിയേറിയ കര്‍ണാടക തെരഞ്ഞെടുപ്പിന്റെ ഫലത്തിന് ശേഷം, എല്ലാ എം.എല്‍.എമാരെയും ഞങ്ങള്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലെ സുരക്ഷിതവും മനോഹരവുമായ റിസോര്‍ട്ടിലേക്ക് ക്ഷണിക്കുന്നു.”- എന്നാണ് കേരള ടൂറിസം ട്വീറ്റ് ചെയ്തിരിക്കുന്നത്.

https://twitter.com/KeralaTourism/status/996364091600994304

ഗുജറാത്ത് തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിലെ കൊഴിഞ്ഞ് പോക്ക് ഭീഷണിയെതുടര്‍ന്ന് കേന്ദ്രനേതൃത്വം 44 എം.എല്‍.എമാരെ കര്‍ണാടകത്തിലെ റിസോര്‍ട്ടിലേക്ക് മാറ്റിയ സംഭവം വലിയ പരിഹാസങ്ങള്‍ക്കും വിവാദങ്ങള്‍ക്കും കാരണമായ സാഹചര്യത്തിലാണ് കേരള ടൂറിസത്തിന്റെ പരസ്യം.

അതേസമയം, മന്ത്രിസഭ രൂപീകരിക്കാന്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം ഗവര്‍ണറോട് അവകാശമുന്നയിച്ചതായി സിദ്ധരാമയ്യ അറിയിച്ചിട്ടുണ്ട്. ജെ.ഡി.എസിന് മന്ത്രിസഭ രൂപീകരിക്കാന്‍ പൂര്‍ണമായ പിന്തുണ നല്‍കുമെന്നും മന്ത്രിസഭ രൂപീകരിക്കാനുള്ള കത്ത് ഗവര്‍ണര്‍ക്ക് നല്‍കിയെന്നും സിദ്ധരാമയ്യ പറഞ്ഞു.

ജെ.ഡി.എസിന്റെ കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കുമ്പോള്‍ ഉപമുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസിനായിരിക്കാം. 14 മന്ത്രിമാര്‍ ജെ.ഡി.എസില്‍ നിന്നും ബാക്കി മന്ത്രിമാര്‍ കോണ്‍ഗ്രസില്‍ നിന്നും ആയിരിക്കും.

അതേസമയം അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജെ.ഡി.എസും കോണ്‍ഗ്രസും ഒന്നിച്ചുമത്സരിക്കുമെന്നാണ് അറിയുന്നത്. സര്‍ക്കാരിനുള്ള അവകാശവാദം ഗവര്‍ണര്‍ക്ക് എഴുതിനല്‍കുമെന്ന് ഗുലാം നബി ആസാദ് പറഞ്ഞു.

അതേസമയം, കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ ബി.ജെ.പിക്ക് ഒരാഴ്ചത്തെ സമയം അനുവദിച്ചതായി യെദ്യൂരപ്പ പറഞ്ഞു. യെദ്യൂരപ്പയും കുമാരസ്വാമിയും ഗവര്‍ണര്‍ വാജുഭായ് രാധുഭായ് വാലയെ സന്ദര്‍ശിച്ചതിനുശേഷമാണ് പുതിയ തീരുമാനം.

ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയില്‍ ബി.ജെ.പിക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശം ഗവര്‍ണറോട് ഉന്നയിച്ചു എന്നും യെദ്യൂരപ്പ പറഞ്ഞു. ഒരാഴ്ചക്കകം ബി.ജെ.പി ഭൂരിപക്ഷം തെളിയിക്കണം എന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. സഭയില്‍ വിശ്വാസം പിന്നീട് തെളിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest Stories

We use cookies to give you the best possible experience. Learn more